
കോർപറേറ്റ് ഓഫീസുകളിൽ പലപ്പോഴും സഹപ്രവർത്തകർ തമ്മിൽ പേരുകളാണ് വിളിക്കാറ്. അത് ഒരു തൊഴിൽ സംസ്കാരമാണ്. അതിൽ എത്ര സീനിയറാണ്, ഏത് പദവിയിലിരിക്കുന്നയാളാണ്, എത്ര വയസിന് മൂത്തയാളാണ് എന്നതൊന്നും ഒരു വിഷയമേ അല്ല. എന്നാൽ, പുതുതായി അത്തരം ഒരു ജോലിസ്ഥലത്തേക്ക് എത്തുന്ന ജൂനിയറായ ഒരാൾക്ക് ഇതല്പം ബുദ്ധിമുട്ടുണ്ടാക്കും. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. മുംബൈയിൽ നിന്നുള്ള സമൃദ്ധി ശർമ്മ എന്ന യുവതിയാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. സീനിയറായ ആളുകളെ അവരുടെ പദവിയോ പ്രായമോ നോക്കാതെ പേര് വിളിക്കുന്നത് അവളിൽ അസ്വസ്ഥതയുണ്ടാക്കുന്നതായി പോസ്റ്റിൽ നിന്നും മനസിലാക്കാം.
'എന്റെ മീറ്റിംഗ് ഇപ്പോൾ അവസാനിച്ചു, എനിക്ക് ഈ കോർപ്പറേറ്റ് കൺസെപ്റ്റിനോട് വെറുപ്പാണ്! ഒരാൾ നമുക്ക് എത്ര സീനിയറായ ആളാണെങ്കിലും, അതിപ്പോൾ പ്രായത്തിന്റെ കാര്യത്തിലായാലും ശരി ജോലിയുടെ കാര്യത്തിലായാലും ശരി, നമ്മൾ അവരെ പേരാണ് വിളിക്കുന്നത്' എന്നാണ് സമൃദ്ധി വീഡിയോയിൽ പറയുന്നത്. തന്റെ മാനേജറായ ഗരിമയെ പേരെടുത്ത് വിളിക്കുന്നത് തന്നിൽ അസ്വസ്ഥതയുണ്ടാക്കുന്നു എന്നും അവൾ സമ്മതിക്കുന്നു.
'ഉദാഹരണത്തിന്, എന്റെ മാനേജരുടെ പേര് ഗരിമ എന്നാണ്, അവർ എന്നെക്കാൾ വളരെ പ്രായം കൂടിയ ആളാണ്, അക്ഷരാർത്ഥത്തിൽ അവൾക്ക് പേരക്കുട്ടികൾ വരെയായി. എന്റെ പ്രോജക്റ്റിനായുള്ള ആദ്യ മീറ്റിംഗിൽ, ഞാൻ എല്ലാവരെയും 'മാഡം, സർ' എന്നാണ് വിളിച്ചിരുന്നത്. അപ്പോൾ മാനേജർ എന്നോട് പറഞ്ഞു, ദയവായി എന്നെ എന്റെ പേര് വിളിക്കൂ എന്ന്. ഞാൻ പറഞ്ഞു, വേണ്ട, വേണ്ട, വേണ്ട! എനിക്ക് നിങ്ങളെ പേര് വിളിക്കാൻ കഴിയുകയേ ഇല്ല, അയ്യോ എന്ന്' എന്നാണ് സമൃദ്ധി പറയുന്നത്.
പിന്നാലെ മാനേജർ, 'സമൃദ്ധിയുടെ ബുദ്ധിമുട്ട് മനസിലാകും. അത് കോളേജ് കഴിഞ്ഞ് നേരെ ജോലിക്ക് വരുന്നതിന്റെയാണ്. കുറച്ച് കഴിയുമ്പോൾ ജോലിസ്ഥലത്തെ സംസ്കാരവുമായി പൊരുത്തപ്പെട്ട് പോകും' എന്നും അവളോട് പറഞ്ഞത്രെ. എന്നാൽ, താൻ ജോലിക്ക് കയറി നാല് മാസമായി ഇപ്പോഴും മാനേജരെ പേര് വിളിക്കാൻ കഴിയുന്നില്ല എന്നും അതിനാൽ 'ഗരിമാ ജി' എന്നാണ് വിളിക്കുന്നത് എന്നുമാണ് സമൃദ്ധി പറയുന്നത്. തനിക്ക് മാത്രമാണോ ഇതിൽ അസ്വസ്ഥത തോന്നുന്നത് എന്നും അവൾ ചോദിക്കുന്നുണ്ട്. നിരവധിപ്പേരാണ് സമൃദ്ധിയുടെ പോസ്റ്റിന് കമന്റുകൾ നൽകിയത്. ജി എന്ന് പേരിനൊപ്പം ചേർത്ത് വിളിക്കുന്നത് നല്ലൊരു തീരുമാനമാണ് എന്ന് പലരും അഭിപ്രായപ്പെട്ടു. ഒപ്പം പേര് വിളിക്കുമ്പോൾ അസ്വസ്ഥത തോന്നാറുണ്ട് എന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല.