ഇൻഡിഗോ വിമാനത്തിൽ എയർഹോസ്റ്റസായി ജോലി ചെയ്യുന്ന സഹോദരിയെ കണ്ട് വികാരാധീനനാകുന്ന സഹോദരന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

തങ്ങളുടെ സഹോദരങ്ങൾ അവർ സ്വപ്നം കണ്ട ജീവിതം ജീവിക്കുന്നത് കാണുമ്പോൾ നമുക്ക് സന്തോഷം തോന്നും. അതുപോലെ, ഇൻഡിഗോ വിമാനത്തിൽ വെച്ച് എയർഹോസ്റ്റസായ തന്റെ സഹോദരിയെ കണ്ട് വികാരാധീനനായി സഹോദരൻ. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് തന്റെ സ്വപ്നം സഫലമാക്കിയ സഹോദരിയെ അഭിമാനത്തോടെ നോക്കിനിൽക്കുന്ന സഹോദരനെയാണ് വീഡിയോയിൽ കാണാൻ കഴിയുക. സഞ്ജയ് എന്ന യുവാവാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ക്യാബിൻ ക്രൂ യൂണിഫോമിൽ വിമാനത്തിൽ ജോലി ചെയ്യുന്ന സഹോദരിയെ വീഡിയോയിൽ കാണാം. 'POV: ഫ്ലൈറ്റ് അറ്റൻഡന്റ് നിങ്ങളുടെ സഹോദരിയായിരിക്കുമ്പോൾ' എന്ന് വീഡിയോയ്ക്ക് മുകളിൽ സഞ്ജയ് കുറിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'എന്റെ പ്രിയപ്പെട്ട സഹോദരിക്ക്, ഇന്നെനിക്ക് വളരെ വൈകാരികമായ ഒരു ദിവസമായിരുന്നു. ഈ ഫ്ലൈറ്റിൽ നീ ക്യാബിൻ ക്രൂ ആയി ജോലി ചെയ്യുന്നത് കണ്ടപ്പോൾ, ഇവിടെ വരെയെത്താൻ നീ കടന്നുപോയ വഴികളെല്ലാം ഞാൻ ഓർത്തുപോയി. നീ ഒരുപാട് പ്രതിസന്ധികൾ നേരിട്ടു, എങ്കിലും ഒരിക്കലും പിന്മാറിയില്ല. ഇന്ന് നീ നിന്റെ സ്വപ്നം ജീവിക്കുന്നത് കാണുമ്പോൾ നീ എത്രത്തോളം കരുത്തുള്ളവളാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഐ ലവ് യു' എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വീഡിയോയിൽ യുവാവിന്റെ സഹോദരി വിമാനത്തിൽ ജോലി ചെയ്യുന്നതും യുവാവിനെ കാണുമ്പോൾ ചിരിക്കുന്നതും എല്ലാം കാണാം.

View post on Instagram

നിരവധിപ്പേരാണ് ഈ മനോഹരമായ വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റുകൾ നൽകിയിരിക്കുന്നതും. 'ഒരു സഹോദരന് ഇതിലും വലിയ അഭിമാന നിമിഷം ഉണ്ടാകാനില്ല' എന്ന് പലരും വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്. ഒരാൾക്ക് കിട്ടാവുന്ന ഏറ്റവും നല്ല സമ്മാനമാണ് സഹോദരിമാർ എന്നായിരുന്നു മറ്റ് ചിലർ കമന്റ് നൽകിയത്. സഹോദരിമാർ ജീവിതം കൂടുതൽ മനോഹരമാക്കുന്നു എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്.