സഫാരിക്കിടയിൽ യാത്രക്കാരുടെ വാഹനത്തിന് മുകളിലേക്ക് ചാടിക്കയറി പുള്ളിപ്പുലി, വീഡിയോ

Published : Jul 05, 2022, 02:30 PM ISTUpdated : Jul 05, 2022, 02:32 PM IST
സഫാരിക്കിടയിൽ യാത്രക്കാരുടെ വാഹനത്തിന് മുകളിലേക്ക് ചാടിക്കയറി പുള്ളിപ്പുലി, വീഡിയോ

Synopsis

പുള്ളിപ്പുലിയും, സഫാരി യാത്രികരും തമ്മിലുള്ള അസാധാരണമായ ഈ കൂടിക്കാഴ്ച്ച ട്വിറ്ററിൽ പങ്ക് വച്ചത് ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ സുരേന്ദർ മെഹ്‌റയാണ്. "മാൻ ഇൻ വൈൽഡ്" എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ ഓൺലൈനിൽ പങ്കുവച്ചിരിക്കുന്നത്.

പൊതുവെ വന്യമൃഗങ്ങളുടെ വീഡിയോകൾ കാണാൻ മിക്കവർക്കും ഇഷ്ടമാണ്, അതിനി സിംഹമായാലും, ആനയായാലും, പുലിയായാലും ശരി. അതേസമയം അത്തരം വീഡിയോകൾ കാണുമ്പോൾ അറിയാതെ നമ്മുടെ മനസ്സിൽ ചെറിയൊരു ഭയം തോന്നാം. എന്നാൽ, ഈ വീഡിയോകളിലൂടെയല്ലാതെ, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നിമിഷം അത് നമ്മുടെ മുന്നിൽ നേരിട്ട് പ്രത്യക്ഷപ്പെട്ടാലോ? ഒരു ആഫ്രിക്കൻ സഫാരിക്കിടയിൽ യാത്രക്കാരുടെ വാഹനത്തിൽ ചാടിക്കയറുന്ന ഒരു പുലിയുടെ അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോൾ വൈറലാണ്. ടാൻസാനിയയിലെ സെരെൻഗറ്റി നാഷണൽ പാർക്കിൽ നിന്നുള്ളതാണ് അത്. സഫാരി യാത്രികരും, ഒരു പുള്ളിപ്പുലിയും തമ്മിലുള്ള രസകരമായ ഒരു കൂടിക്കാഴ്ചയാണ് അതിന്റെ ഉള്ളടക്കം.  

സഫാരിക്കിടെ ആളുകൾ ഇരിക്കുന്ന ഒരു വാഹനത്തിൽ ഒട്ടും പ്രതീക്ഷിക്കാതെ ചാടിക്കയറുന്ന ഒരു പുള്ളിപ്പുലിയെയാണ് വീഡിയോയിൽ നമുക്ക് കാണാൻ കഴിയുക. തങ്ങൾ ഇരിക്കുന്ന വാഹനത്തിന്റെ പുറകിൽ പെട്ടെന്ന് ഒരു പുലിയെ കണ്ടതും ആളുകൾ അമ്പരന്നു. ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ അവർ പകച്ചു. എന്നാൽ, ഭാഗ്യത്തിന് മനുഷ്യരുമായി ഏറെ ഇണങ്ങിയ ഒരു പുലിയായിരുന്നു അത്. അതുകൊണ്ട് തന്നെ അതിന് ആളുകളെ  കണ്ടിട്ടും ഭാവഭേദമൊന്നുമുണ്ടായില്ല. വാഹനത്തിന്റെ പുറകിൽ ഘടിപ്പിച്ചിരിക്കുന്ന രണ്ട് ടയറുകളിൽ നാല് കാലുകൾ ഊന്നി അത് നന്നായൊന്ന് നടുനിവർത്തി. തുടർന്ന് അത് വാഹനത്തിൽ പിടിച്ച് അതിന്റെ മുകളിലേയ്ക്ക് കയറി. എന്നിട്ട് ഒന്നും സംഭവിക്കാത്ത പോലെ അതിന് മുകളിൽ ശാന്തനായി കിടന്നു. ഇതിനിടയിൽ വിനോദസഞ്ചാരികൾ പുള്ളിപ്പുലിയുടെ ചേഷ്ടകൾ മൊബൈൽ ഫോണിൽ പകർത്തി.  ഈ സമയമത്രയും, പുലി  വിനോദസഞ്ചാരികൾക്ക് ഒരു ഭീഷണിയും സൃഷ്ടിച്ചില്ല. അവരെ ഉപദ്രവിച്ചതുമില്ല. 

പുള്ളിപ്പുലിയും, സഫാരി യാത്രികരും തമ്മിലുള്ള അസാധാരണമായ ഈ കൂടിക്കാഴ്ച്ച ട്വിറ്ററിൽ പങ്ക് വച്ചത് ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ സുരേന്ദർ മെഹ്‌റയാണ്. "മാൻ ഇൻ വൈൽഡ്" എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ ഓൺലൈനിൽ പങ്കുവച്ചിരിക്കുന്നത്. അതിന് പിന്നാലെ, വീഡിയോ ഇപ്പോൾ വൈറലായി തീർന്നിരിക്കയാണ്. ഇത്ര ശാന്തനായ ഒരു പുലിയെ കണ്ട് ആളുകൾ അമ്പരന്നു പോയി. വീഡിയോ കണ്ട ഉപയോക്താക്കൾ നിരവധി പോസറ്റീവ് കമന്റുകളാണ് പങ്കുവച്ചിരിക്കുന്നത്. “എത്ര രസകരമാണ്! പുലി എന്ത് ശാന്തനാണ്!'' ഒരാൾ അഭിപ്രായപ്പെട്ടു. മറ്റൊരാൾ വിനോദസഞ്ചാരികൾക്ക് ഇത് മറക്കാനാവാത്ത അനുഭവമായിരുന്നിരിക്കണം എന്നും എഴുതി.    
 
ആഫ്രിക്കയുടെ വടക്കൻ ടാൻസാനിയയിൽ വ്യാപിച്ചുകിടക്കുന്ന ഭൂപ്രദേശമാണ് സെരെൻഗറ്റി. ഈ സംരക്ഷിത പ്രദേശത്തിന്റെ വിസ്തീർണ്ണം ഏകദേശം 30,000 കിലോമീറ്ററാണ്. അതിൽ സെരെൻഗറ്റി നാഷണൽ പാർക്കും ഉൾപ്പെടുന്നു. ടാൻസാനിയയുടെ പണ്ട് കാലം മുതലുള്ള ഒരു ദേശീയ ഉദ്യാനമായി ഇത്. രാജ്യത്തെ ടൂറിസം വ്യവസായത്തിന്റെ നട്ടെല്ലായി ഇന്നും ഇത് കണക്കാക്കപ്പെടുന്നു.  


 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു