പൂനെയിലെ സംഗംവാടി റോഡിൽ, ഒരു റോഡപകടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവതി യുവാവിനെ കാറിന്‍റെ ബോണറ്റിൽ രണ്ട് കിലോമീറ്ററോളം വലിച്ചിഴച്ചു. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ പാഞ്ഞ കാറിൽ നിന്നും തെറിച്ചുവീണ യുവാവിന്‍റെ കൈക്ക് പരിക്കേറ്റു. 

പൂനെയിലെ സംഗംവാടി റോഡിൽ യുവതി, യുവാവിനെ കാറിന്‍റെ ബോണറ്റിൽ രണ്ട് കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചു. ഏതാണ്ട് 60 കിലോമീറ്റർ വേഗതയിലാണ് ഇവർ കാറോടിച്ചത്. ഒരു റോഡപകടത്തെ തുടർന്നുള്ള തർക്കത്തിന് പിന്നാലെയാണ് യുവതി ഇത്തരമൊരു പ്രവർത്തി ചെയ്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രങ്കുവയ്ക്കപ്പെടുകയും യുവതിക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുകയും ചെയ്തു.

ആദ്യം ദമ്പതികളെ ഇടിച്ച് വീഴ്ത്തി

ജനുവരി 17 ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ രാം റാത്തോഡ് എന്നയാളെയാണ് കാറിൽ വലിച്ചിഴച്ചതെന്നും ഇയാളുടെ കൈയുടെ എല്ലിന് പൊട്ടലുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എക്‌സിൽ പങ്കിട്ട ഒരു വീഡിയോയിൽ, ഓടുന്ന കാറിന്‍റെ ബോണറ്റിൽ തൂങ്ങിക്കിടക്കുന്ന രാം റാത്തോഡിനെ കാണാം. ഇയാളെ പിന്നാലെ വന്ന വാഹനത്തിലുള്ളവർ റോഡിൽ വീണ് കിടക്കുന്നതായി കണ്ടെത്തി. 34 -ാകരനായ രാം റാത്തോഡ് സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, സംഭവത്തിന്‍റെ നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നലെ ജനുവരി 19 തിങ്കളാഴ്ച പോലീസ് റാത്തോഡിനെ കണ്ടെത്തി മൊഴി രേഖപ്പെടുത്തി. ഒരു ദിവസത്തിന് ശേഷം, ഒരു എൻ‌ജി‌ഒയിൽ ജോലി ചെയ്യുന്ന ബനേർ നിവാസിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധമായി വാഹനമോടിച്ചതിനും ഇവരെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി, ജാമ്യത്തിൽ വിട്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

Scroll to load tweet…

പോലീസ് പറയുന്നത്

ജനുവരി 17 ന് യെർവാഡയിൽ നിന്ന് ശിവാജിനഗറിലേക്ക് പോകുകയായിരുന്ന യുവതിയുടെ കാർ സംഗംവാടി റോഡിൽ ഒരു ബൈക്കിൽ ഇടിച്ചുവെന്ന് ലക്ഷ്മിനഗർ പോലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ രവീന്ദ്ര കദം പറഞ്ഞു. ഇതോടെ ബൈക്ക് ഓടിച്ചിരുന്നയാളും ഒരു കുട്ടിയുൾപ്പെടെയുള്ള കുടുംബവും ബൈക്കിൽ നിന്നും താഴെ വീണു. ഈ സമയം യുവതി കാർ റിവേഴ്‌സ് ഗിയറിൽ ഇട്ട് എടുത്തപ്പോൾ റാത്തോഡിന്‍റെ വാഹനത്തിൽ ഇടിച്ചു. ഇതോടെ രാം റാത്തോഡ് യുവതിയുടെ കാറിനെ പിന്തുടരുകയും തടഞ്ഞു നിർത്താൻ ശ്രമിക്കുകയും ചെയ്തു.

രാം റാത്തോഡ് യുവതിയുടെ വാഹനത്തിന് മുന്നിൽ നിൽക്കുമ്പോൾ യുവതി വാഹനം മുന്നോട്ട് എടുക്കുകയും സ്വയം രക്ഷാർത്ഥം രാം റാത്തോഡ് ബോണറ്റിലേക്ക് ചാടിക്കയറുകയുമായിരുന്നെന്ന് പോലീസ് അറിയിച്ചു. റാത്തോഡുമായി യുവതി മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിൽ ഏകദേശം രണ്ട് കിലോമീറ്ററോളം വാഹനം ഓടിച്ചു. ഇതോടെയാണ് മറ്റു വാഹനങ്ങളിലുള്ളവർ വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. യുവതി കാർ സഡൻ ബ്രേക്ക് ഇട്ടപ്പോൾ റാത്തോഡ് തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഇതിനിടെ ഇയാളുടെ കൈക്ക് പോട്ടലേറ്റു. കാർ ഇടിച്ച ദമ്പതികൾക്കും അവരുടെ കുട്ടിക്കും നിസ്സാര പരിക്കേറ്റെന്നും പോലീസ് അറിയിച്ചു.