ജിം, നീന്തൽക്കുളം, ഷോപ്പിംഗ് മാൾ എന്നിവയുമായി ആകാശത്തൊരു 'പറക്കും ഹോട്ടൽ' വരുമോ?

By Web TeamFirst Published Jun 30, 2022, 3:58 PM IST
Highlights

കോമൺ എയർലൈൻ കമ്പനിയുടെ വിമാനങ്ങൾ യാത്രക്കാരെ ഈ വിമാനത്തിലേക്ക് കൊണ്ടുവരും. ഈ ആകാശ കപ്പലിൽ ആളുകൾക്ക് 360 ഡിഗ്രി കാഴ്ചകൾ കാണാനായി ഒരു കൂറ്റൻ ഹാൾ ഒരുക്കിയിരിക്കുന്നു. കൂടാതെ വിനോദത്തിനായി ഷോപ്പിംഗ് മാളുകൾ, സ്‌പോർട്‌സ് സെന്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, തിയേറ്ററുകൾ എന്നിവയും അതിനകത്തുണ്ടാകും.

സ്റ്റാർ ഹോട്ടലുകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ, ആകാശത്തിൽ പറക്കുന്ന ഒരു വിമാനത്തിനുള്ളിൽ അത്തരം സ്റ്റാർ ഹോട്ടൽ സൗകര്യങ്ങളുണ്ടെങ്കിൽ എങ്ങനെ ഇരിക്കും? ജിം, നീന്തൽക്കുളം, ഷോപ്പിംഗ് മാൾ എന്നിവയുള്ള വലിയ ഒരു ഹോട്ടൽ വിമാനം. ഒരു സമയം അയ്യായിരം യാത്രക്കാരെ വഹിക്കാൻ കഴിയുന്ന ഒന്ന്. കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നുണ്ടാകുമല്ലേ?

യെമൻ എഞ്ചിനീയറായ ഹാഷിം അൽ-ഗൈലിയാണ് തന്റെ യുട്യൂബ് ചാനലിൽ ഈ വിമാന ഹോട്ടലിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതായിരിക്കും ഗതാഗത ലോകത്തിന്റെ ഭാവി എന്നാണ് അതിൽ അദ്ദേഹം പറയുന്നത്. ഈ പറക്കും ഹോട്ടലിന് വേറെയും കുറെ പ്രത്യേകതകളുണ്ട്. അത് ഒരിക്കലും നിലത്ത് ഇറങ്ങില്ല. മാസങ്ങളോളം അത് ആകാശത്ത് ചുറ്റി സഞ്ചരിക്കും, ഒരു ക്രൂയിസ് കപ്പൽ കടലിൽ സഞ്ചരിക്കുന്ന പോലെ. വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ പോലും ആകാശത്ത് വച്ച് തന്നെ തീർക്കാം. ഈ വിമാനം പറത്താൻ ഒരു പൈലറ്റിന്റെ ആവശ്യം വന്നേക്കില്ല. കൂടാതെ, അതിൽ 20 എഞ്ചിനുകൾ ഉണ്ടാകും, അവയെല്ലാം ആണവോർജ്ജത്തിലായിരിക്കും പ്രവർത്തിക്കുക.

കോമൺ എയർലൈൻ കമ്പനിയുടെ വിമാനങ്ങൾ യാത്രക്കാരെ ഈ വിമാനത്തിലേക്ക് കൊണ്ടുവരും. ഈ ആകാശ കപ്പലിൽ ആളുകൾക്ക് 360 ഡിഗ്രി കാഴ്ചകൾ കാണാനായി ഒരു കൂറ്റൻ ഹാൾ ഒരുക്കിയിരിക്കുന്നു. കൂടാതെ വിനോദത്തിനായി ഷോപ്പിംഗ് മാളുകൾ, സ്‌പോർട്‌സ് സെന്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, തിയേറ്ററുകൾ എന്നിവയും അതിനകത്തുണ്ടാകും. ഇത് കൂടാതെ ആളുകൾക്ക് വിമാനത്തിലുള്ള വെഡ്ഡിങ് ഹാളുകളിൽ വച്ച് വിവാഹിതരാകാനും സാധിക്കും. ആണവോർജ്ജം മൂലം പ്രവർത്തിപ്പിക്കുന്നത് കൊണ്ട്, ആകാശത്ത് വച്ച് ഇന്ധനം തീരുമെന്ന് പേടിക്കുകയും വേണ്ട. വേണമെങ്കിൽ അതിന് ഭൂമിയിൽ തൊടാതെ മാസങ്ങളോളം ആകാശത്ത് തങ്ങാൻ സാധിക്കും. ആർട്ടിസ്റ്റ് ടോണി ഹോംസ്റ്റണാണ് ഭീമാകാരമായ വിമാനത്തിന്റെ ആശയം രൂപപ്പെടുത്തിയത്. ഹാഷിം അൽ-ഗൈലി വീഡിയോഗ്രാഫ് ചെയ്തു.  

പദ്ധതി വളരെ വലുതാണെങ്കിലും, സോഷ്യൽ മീഡിയയിൽ ആളുകൾ ഇതിനെ വിമർശിക്കുകയാണ്. ആളുകളുടെ അഭിപ്രായത്തിൽ, വിമാനം ഒരു ആണവ റിയാക്ടർ വച്ചായിരിക്കും ഓടുന്നത്. വിമാനം എങ്ങാൻ തകർന്നാൽ, റിയാക്ടർ കാരണം നഗരം മുഴുവൻ നശിപ്പിക്കപ്പെടും. അതേസമയം വിമാനത്തിൽ യാത്ര ചെയ്യാനുള്ള ചിലവിനെക്കുറിച്ചാണ് മറ്റു പലരുടെയും ആശങ്ക. ഈ വിമാനത്തിൽ യാത്ര ചെയ്യാൻ ഒരു വ്യക്തി തന്റെ മുഴുവൻ സമ്പാദ്യവും നൽകേണ്ടി വരുമെന്ന് ആളുകൾ അഭിപ്രായപ്പെട്ടു. എന്നാൽ, വിമാനം എന്ന് ഇറക്കുമെന്നതിനെ കുറിച്ചോ, ടിക്കറ്റ് വിലയെ സംബന്ധിച്ചോ നിലവിൽ വിവരങ്ങളൊന്നും ലഭ്യമല്ല. 

അൽ-ഗൈലി ഒരു സയൻസ് കമ്മ്യൂണിക്കേറ്ററും വീഡിയോ പ്രൊഡ്യൂസറുമാണ്. ശാസ്ത്ര ലോകത്തെ പുതിയ പ്രവണതകളെ കുറിച്ചുള്ള ഇൻഫോഗ്രാഫിക്‌സിന്റെയും വീഡിയോകളുടെയും പേരിൽ അദ്ദേഹം പ്രശസ്തനാണ്.  

click me!