ഹരിയാനയിലെ റെവാരിയിൽ, പോലീസ് സാന്നിധ്യത്തിൽ ഭാര്യയുടെ ബന്ധുക്കൾ തന്നെയും കുടുംബത്തെയും മർദ്ദിക്കുകയും സ്വർണം കവരുകയും ചെയ്തുവെന്ന് യുവാവ് പരാതിപ്പെട്ടു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പോലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ വലിയ പ്രതിഷേധമുയർന്നു.
ഹരിയാനയിൽ നിന്നും പുറത്ത് വന്ന ഒരു കുടുംബസ്ഥന്‍റെ പരാതി, ഇന്ത്യയിലെ കുടുംബ ബന്ധങ്ങൾ നേരിടുന്ന വലിയൊരു സാമൂഹിക പ്രശ്നത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഹരിയാനയിലെ റെവാരിയിൽ നിന്നുള്ള ഒരു യുവാവ്, പോലീസ് വീട്ടിലുള്ളപ്പോൾ തന്നെയും തന്‍റെ കുടുംബാഗങ്ങളെയും തല്ലാൻ ഭാര്യ, 25 ഓളം ബന്ധുക്കളെ വിളിച്ച് വരുത്തിയെന്നും പോലീസുകാർ നോക്കി നിൽക്കെ അവർ തങ്ങളെ തല്ലിയ ശേഷം വീട്ടിലുള്ള സ്വർണവുമായി കടന്നെന്നും പരാതിപ്പെട്ടു. സംഭവത്തിന്റെ വീഡിയോ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ പോലീസിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. അക്രമണം നടക്കുമ്പോൾ സംഭവ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നിട്ടും ഇടപെടാതിരുന്നതിനെ സമൂഹ മാധ്യമ ഉപയോക്താക്കൾ രൂക്ഷമായി വിമർശിച്ചു.
പോലീസ് സാന്നിധ്യത്തിൽ മർദ്ദനം, കവർച്ച
ലാത്തിയും പിന്നിൽ പിടിച്ച് നിൽക്കുന്ന പോലീസുകാരനിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. തല്ല് കഴിഞ്ഞ് ഭാര്യയും ബന്ധുക്കളും പോയതിന് ശേഷമുള്ള വീഡിയോയായിരുന്നു അത്. വീട് മൊത്തം അടിച്ച് തകർത്തതായി വീഡിയോയിൽ വ്യക്തമാണ്. അലമാരയിൽ നിന്നും തുണികളെല്ലാം വലിച്ച് പുറത്തിട്ടിരിക്കുന്നു. പാത്രങ്ങളും പൊട്ടിയ കുപ്പി ചില്ലുകളും മുറികളിൽ ചിതറിക്കിടക്കുന്നതും വീഡിയോയിൽ കാണാം. ഭാര്യ ബന്ധുക്കളെ വീട്ടിലേക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് വഴക്ക് ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. തർക്കം പിന്നീട് അക്രമാസക്തമായി. പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നിട്ടും അനുവാദമില്ലാതെ വീട്ടിൽ കയറിയ സംഘം ഭത്താവിന്‍റെ പാത്രമായ അച്ഛനമ്മമാരെ മർദ്ദിച്ച് വീട്ടുപകരണങ്ങൾ തകർത്തു. ഒടുവിൽ സ്വർണവുമായി മടങ്ങിയെന്ന് ഭർത്താവിന്‍റെ പരാതിയിൽ പറയുന്നു. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുകയും പുരുഷന്മാർ നേരിടുന്ന പ്രശ്‌നങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്യുന്ന ഏകം ന്യായ് ഫൗണ്ടേഷൻറെ എക്സ്, ഇൻസ്റ്റാഗ്രാം ഹാന്‍റിലുകളിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
'പുരുഷന്മാർ വിവാഹ ബന്ധങ്ങളിൽ നിന്ന് പിന്മാറണം'
സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ സമ്മിശ്ര പ്രതികരണവുമായി സമൂഹ മാധ്യമ ഉപയോക്താക്കളെത്തി. ആഭരണങ്ങൾ ഭാര്യയുടെത് അല്ലെങ്കിൽ മോഷണക്കുറ്റം കൂടി ചുമത്തണമെന്ന് ചിലർ ആവശ്യപ്പെട്ടു. ഇനി അത് സ്ത്രീധനമായി കിട്ടിയതാണെങ്കിൽ കേസ് ഭർത്താവിന് എതിരാകുമെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി. പുരുഷന്മാർ ഇക്കാലത്ത് വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. നിങ്ങൾ പുരുഷനാണെങ്കിൽ വിവാഹം കഴിക്കരുത്. വിവാഹ നിരക്കുകൾ ഗണ്യമായി കുറയട്ടെ. അങ്ങനെ സംഭവിക്കുമ്പോൾ മാത്രമേ സർക്കാർ ശ്രദ്ധിക്കൂ. മാത്രമല്ല, അവിവാഹിതനാണെങ്കിൽ പുരുഷന്മാർക്ക് ലളിതമായ ജീവിതം നയിക്കാൻ കഴിയുമെന്നും മറ്റൊരു കാഴ്ചക്കാരൻ ചൂണ്ടിക്കാണിച്ചു. പോലീസ് കാവലിലെ കവർച്ചയെന്നായിരുന്നു മറ്റ് ചിലരുടെ കുറിപ്പുകൾ. അതേസമയം വിവാഹ മോചന കേസുകളിൽ പുരുഷന്മാർ ജീവനാംശം കൊടുക്കുന്നതിനെ കുറിച്ച് പുനർവിചിന്തനം വേണമെന്ന് മറ്റ് ചിലരും എഴുതി.


