‘ആഗ്രയിൽ നിന്ന് എന്നെ പുറത്താക്കുമെന്നാണ് തോന്നുന്നത്’; ഇന്ത്യൻ ട്രെയിൻ യാത്രയിൽ അമ്പരന്ന് ഡച്ച് യുവതി, വീഡിയോ വൈറൽ

Published : Sep 01, 2026, 02:11 PM IST
Dutch travels in india

Synopsis

ഇന്ത്യൻ റെയിൽവേയിൽ ആദ്യമായി യാത്ര ചെയ്ത ഡച്ച്-മോൾഡോവൻ ദമ്പതികളുടെ യാത്രാനുഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡൽഹിയിൽ നിന്ന് ആഗ്രയിലേക്കുള്ള യാത്രയിൽ എസി ക്യാബിൻ മികച്ചതായിരുന്നെങ്കിലും ട്രെയിനിലെ ശുചിമുറിയുടെ അവസ്ഥ മോശമായിരുന്നുവെന്ന് ഇവർ പറയുന്നു. ആഗ്ര സ്റ്റേഷനിലെ തിരക്കും ഇവരെ അമ്പരപ്പിച്ചു.

ന്ത്യൻ റെയിൽവേയിലെ ആദ്യ യാത്രയ്ക്കിടെ നേരിട്ട വ്യത്യസ്ത അനുഭവങ്ങൾ പങ്കുവെച്ച ഡച്ച് - മോൾഡോവൻ ദമ്പതികളുടെ യാത്രാ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡച്ച് യുവതി നിക്കോയും പങ്കാളി വെസും ദില്ലിയിൽ നിന്ന് ആഗ്രയിലേക്കാണ് ട്രെയിനിൽ യാത്ര ചെയ്തത്. താജ്മഹൽ സന്ദർശിക്കാനായുള്ള ഏകദേശം രണ്ട് മണിക്കൂർ യാത്രയ്ക്ക് എസി സ്ലീപ്പർ ക്യാബിനാണ് ഇരുവരും ബുക്ക് ചെയ്തത്. ടിക്കറ്റിന് ആറ് യൂറോ, ഏകദേശം 660 രൂപ മാത്രമാണ് ചെലവായത്.

മികച്ച ട്രെയിൻ യാത്രനുഭവം

ട്രെയിനിലെ ശരിയായ കോച്ചും സീറ്റും കണ്ടെത്താൻ ആദ്യം അൽപം ബുദ്ധിമുട്ടിയെങ്കിലും ക്യാബിനിലെത്തിയതോടെ പ്രതീക്ഷിച്ചതിലും മികച്ച അനുഭവമാണ് ലഭിച്ചതെന്ന് നിക്കോ പറഞ്ഞു. വൃത്തിയുള്ളതും വിശാലവുമായ ക്യാബിൻ, എയർ കണ്ടീഷനിംഗ്, രണ്ട് ബെഡുകൾ, സ്വകാര്യതയ്ക്കുള്ള കർട്ടനുകൾ, കണ്ണാടി, പ്രവർത്തിക്കുന്ന ലൈറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ അവരെ ആകർഷിച്ചു. വെറും ആറ് യൂറോയ്ക്ക് ലഭിച്ച യാത്ര ‘വളരെ മികച്ച വിലയ്ക്ക് ലഭിച്ച അനുഭവം’ എന്നായിരുന്നു നിക്കോയുടെ വിലയിരുത്തൽ.

'ശുചിമുറി, ഓ അസഹ്യം'

എന്നാൽ, ട്രെയിനിലെ ശുചിമുറിയുടെ അവസ്ഥ യുവതിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ദുർഗന്ധവും വൃത്തിയില്ലായ്മയും ഉണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു. യാത്രക്കിടെ സീറ്റിൽ ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യമുണ്ടെന്നും ട്രെയിനിൽ ഭക്ഷണവും പാനീയങ്ങളും വിൽക്കുന്ന വെൻഡർമാർ ഉണ്ടെന്നും ദമ്പതികൾ പറഞ്ഞു. എന്നാൽ, വെൻഡർമാരിൽ നിന്ന് ഭക്ഷണം വാങ്ങാൻ അവർ തയ്യാറായില്ല.

'എന്നെ പുറത്താക്കുമെന്നാണ് തോന്നുന്നത്'

ആഗ്ര റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് അനുഭവം മറ്റൊരു തലത്തിലായത്. സ്റ്റേഷനിലെ തിരക്കും ആശയക്കുഴപ്പവും കണ്ട് ‘എന്നെ ആഗ്രയിൽ നിന്ന് പുറത്താക്കുമെന്നാണ് തോന്നുന്നത്’ എന്ന തമാശ കലർന്ന പ്രതികരണമാണ് നിക്കോ നടത്തിയത്. 43 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് പിന്നാലെ ഇന്ത്യൻ ട്രെയിൻ യാത്രകളെക്കുറിച്ചുള്ള സ്വന്തം അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

PREV
Read more Articles on
click me!

Recommended Stories

‘ജോലി തട്ടിയെടുത്തതല്ല, പോരുതി നേടിയതാണ്’; ഇന്ത്യക്കാർക്കെതിരായ ആരോപണത്തിന് യുഎസിൽ നിന്ന് മറുപടി
4 മിനിറ്റ് വ്യായാമം കൊണ്ട് 5 കിലോ കുറയ്ക്കാം? ജപ്പാനിൽ തരംഗമായി വർക്കൗട്ട് വീഡിയോ!