
ആരും ഇറങ്ങിച്ചെല്ലാൻ ധൈര്യം കാണിക്കാത്ത കാടുകളിലും ഗുഹകളിലും ഉപേക്ഷിക്കപ്പെട്ട വീടുകളിലും ഒക്കെ കയറിച്ചെല്ലുന്ന ഒരുപാട് കണ്ടന്റ് ക്രിയേറ്റർമാരെ നാം സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവും. എന്നാലും, ഭയക്കാതെ, ശ്വാസം മുട്ടാതെ എങ്ങനെയാണ് ഇവർക്കിത് സാധിക്കുന്നത് എന്നും നാം ചിന്തിച്ചിട്ടുണ്ടാവും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്ന ഈ വീഡിയോയും.
വളരെ വിചിത്രമായ ഒരു ടണലാണ് ഈ വീഡിയോയിൽ കാണുന്നത്. അവസാനിക്കാത്ത അതിന്റെ പടിക്കെട്ടുകളാണ് കണ്ടന്റ് ക്രിയേറ്ററായ കാർസ്റ്റൺ റോബർട്ട് വീഡിയോയിൽ പങ്കുവച്ചിരിക്കുന്നത്. റോബർട്ടും സുഹൃത്തും ഒരു അടച്ചിട്ട വാതിലിന് മുന്നിൽ നിൽക്കുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. ഗോവണിയിലൂടെ ഇറങ്ങുന്നതാണ് പിന്നെ കാണുന്നത്. പിന്നീട് വീണ്ടും ഒരു കോണിപ്പടിയിലൂടെ ഇറങ്ങുന്ന രംഗവും കാണാം.
അധികം വീതിയില്ലാത്ത വളരെ ചെറിയ ചെറിയ പടികളാണ് വീഡിയോയിൽ കാണുന്നത്. ഇപ്പോൾ തീരും എന്ന് കാണുന്നവർക്ക് തോന്നുമെങ്കിലും പടിക്കെട്ടുകൾ അവസാനമില്ലാത്തതു പോലെ തുടരുന്നത് വീഡിയോയിൽ കാണാം. അവസാനം ഒരു നിരപ്പുള്ള സ്ഥലത്തെത്തുന്നതും കാണാം.
എന്തായാലും, റോബർട്ട് തന്നെ പങ്കുവച്ചിരിക്കുന്ന വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. 'ഇത് കണ്ടുതീർക്കാൻ പോലും ഓക്സിജൻ വേണം' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'ഇത് കാണുമ്പോൾ തനിക്ക് കാലിന്റെ മുട്ട് വേദനിക്കുന്നു' എന്ന് പറഞ്ഞയാളും ഉണ്ട്. 'ക്ലോസ്‌ട്രോഫോബിയ ഉള്ള ഒരാൾക്ക് ഈ വീഡിയോ കാണാൻ പോലും സാധിക്കില്ല' എന്നാണ് മറ്റ് ചിലർ കമന്റ് നൽകിയിരിക്കുന്നത്. ഏറെപ്പേരും ഈ ടണലിനകത്ത് ഓക്സിജൻ ഉണ്ടാകുമോ, എങ്ങനെയാണ് ഇത്ര ആഴത്തിലേക്ക് ഇറങ്ങിയത് എന്ന് തങ്ങളുടെ അമ്പരപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.