
ഇന്ത്യയിലെ ആരോഗ്യപരിപാലന രംഗത്തെ അതിവേഗ ലഭ്യതയും ചികിത്സാ സൗകര്യങ്ങളും കേട്ട് തന്‍റെ യൂറോപ്യൻ സഹപ്രവർത്തകർ അമ്പരന്ന് പോയെന്ന ഇന്ത്യൻ ഡോക്ടറുടെ വെളിപ്പെടുത്തൽ വൈറൽ. ഓങ്കോളജിസ്റ്റായ ഡോ. പാലക് ഭട്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
യൂറോപ്പിൽ നടന്ന പാലിയേറ്റീവ് കെയർ സമ്മേളനത്തിനിടെ സഹപ്രവർത്തകരുമായി നടത്തിയ സൗഹൃദ സംഭാഷണത്തിനിടയിലാണ് ഡോക്ടർ ഇന്ത്യൻ ആരോഗ്യ സംവിധാനത്തിന്‍റെ മികവ് ചൂണ്ടിക്കാണിച്ചത്. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ രോഗികൾക്ക് വളരെ വേഗത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ കാണാനും രോഗനിർണ്ണയ പരിശോധനകൾ പൂർത്തിയാക്കി ചികിത്സ ആരംഭിക്കാനും സാധിക്കുന്നുണ്ടെന്ന വസ്തുത യൂറോപ്യൻ ഡോക്ടർമാർക്ക് വിശ്വസിക്കാൻ പോലുമായില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
നാക്കിൽ അൾസർ ഉള്ള ഒരു രോഗിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഡോ. ഭട്ട് കാര്യങ്ങൾ വിശദീകരിച്ചത്. "ഇന്ത്യയിൽ ഒരാൾക്ക് നാക്കിൽ അൾസറോ മറ്റോ വരികയും അത് ക്യാൻസർ ആണോയെന്ന സംശയമുണ്ടാകുകയും ചെയ്താൽ, അവർക്ക് അന്നുതന്നെ നേരിട്ട് ഒരു ഓങ്കോളജിസ്റ്റിനെ പോയി കാണാൻ സാധിക്കും. അന്നേ ദിവസം തന്നെ എം.ആർ.ഐ സ്കാനിംഗും ബയോപ്സിയും ചെയ്യാൻ കഴിയും. മൂന്നോ നാലോ ദിവസത്തിനകം ഇതിന്‍റെ ഫലം വരികയും, ശസ്ത്രക്രിയയോ കീമോതെറാപ്പിയോ ഏതാണോ വേണ്ടത്, ആ ചികിത്സ ഒറ്റ ആഴ്ചയ്ക്കുള്ളിൽ തന്നെ ആരംഭിക്കുകയും ചെയ്യാം. എന്നാൽ യൂറോപ്പിൽ ഒരു ജനറൽ പ്രാക്ടീഷണറെ കാണാൻ പോലും ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്." ഡോ. പാലക് ഭട്ട് വ്യക്തമാക്കുന്നു.
മൂന്ന് ലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോയ്ക്ക് താഴെ വിദേശത്ത് താമസിക്കുന്ന നിരവധി ഇന്ത്യക്കാരാണ് യൂറോപ്പിലെ ആരോഗ്യ രംഗത്തുനിന്നുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് കുറിപ്പെഴുതിയത്. നെതർലൻഡ്സിൽ പൈൽസ് ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി 6 മാസത്തോളം സമയം നീട്ടിക്കൊണ്ട് പോയതിനെ തുടർന്ന് ഇന്ത്യയിലെത്തി ചികിത്സ നേടി പൂർണ്ണ സൗഖ്യം നേടിയ രോഗിയുടെ കഥ ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ചു. പാരീസിൽ താമസിക്കുന്ന മറ്റൊരു ഇന്ത്യൻ സ്വദേശിയുടെ അനുഭവവും സമാനമാണ്. കഠിനമായ ഇടുപ്പുവേദനയും ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയും ഉണ്ടായിട്ടും ശസ്ത്രക്രിയയ്ക്കുള്ള അപ്പോയിന്‍റ്മെന്‍റ് ലഭിക്കാൻ 40 ദിവസത്തിലധികം കാത്തിരിക്കേണ്ടി വന്നതായി ഇവർ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിൽ ജീവിക്കാതെ വിദേശ രാജ്യങ്ങളെ പുകഴ്ത്തുന്നവർ യാഥാർത്ഥ്യം മനസ്സിലാക്കണമെന്നും, ചികിത്സാ സൗകര്യങ്ങളുടെ വേഗതയിലും ലഭ്യതയിലും ഇന്ത്യ തന്നെയാണ് മുന്നിലെന്നും ഭൂരിഭാഗം പ്രവാസികളും സോഷ്യൽ മീഡിയയിൽ കുറിക്കുന്നു.