
വീട്ടുകാർക്ക് സർപ്രൈസ് വിസിറ്റുകൾ നൽകുന്ന ആളുകളുടെ ഹൃദയം കവരുന്ന വീഡിയോകൾ പലപ്പോഴും നാം സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവും. എന്തൊക്കെ പറഞ്ഞാലും ദൂരെ കഴിയുന്ന പ്രിയപ്പെട്ടവർ നമ്മെ കാണാനെത്തുന്നത് എല്ലാവർക്കും സന്തോഷം പകരുന്ന കാര്യം തന്നെ ആണ്. അതിവൈകാരികമായിരിക്കും അതിൽ പല മുഹൂർത്തങ്ങളും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ബ്രസീലിയയിൽ നിന്നുള്ള ഒരു യുവാവ് തന്റെ അച്ഛനെ സർപ്രൈസ് ചെയ്യുന്നതാണ് ഈ വീഡിയോ. വൈകാരികമായ ഈ കൂടിച്ചേരൽ സോഷ്യൽ മീഡിയയെ വല്ലാതെ സ്പർശിച്ചു. ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുന്ന ഈ വീഡിയോ രണ്ട് മില്ല്യണിലധികം പേരാണ് കണ്ടിരിക്കുന്നത്. വീഡിയോയുടെ അവസാനമെത്തിയപ്പോൾ കണ്ണ് നിറഞ്ഞു പോയി എന്ന് നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്.
ഇതിൽ അച്ഛനെ മകൻ വീഡിയോകോൾ വിളിക്കുന്നതാണ് കാണുന്നത്. എന്നാൽ, അയാൾ അച്ഛന്റെ പിന്നിൽ തന്നെ ഉണ്ട്. എന്നാൽ, പ്രായമായ അച്ഛന് ഇത് മനസിലാകുന്നില്ല. മകൻ കൈ ഉയർത്തി കാണിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, ഒന്നും മിണ്ടുന്നില്ല. അവൻ ഒന്നും മിണ്ടുന്നില്ല എന്നും ഒന്നും കേൾക്കുന്നില്ല എന്നുമൊക്കെ അച്ഛൻ പറയുന്നത് കാണാം. എന്നാൽ, ടെക്നോളജിയിൽ വലിയ പിടിയില്ലാത്ത അച്ഛന് ഒന്നും മനസിലാകുന്നില്ല.
മകൻ തന്റെ ഫോൺ സ്ക്രീനും അച്ഛന് കാണിച്ചു കൊടുക്കുന്നുണ്ട്. അപ്പോഴും മകൻ തൊട്ടടുത്ത് നിൽക്കുന്നത് അച്ഛൻ തിരിച്ചറിയുന്നില്ല. ഒടുവിൽ, മകൻ അച്ഛനെ തൊട്ടുവിളിക്കുകയും അവിടെ കൂടിനിന്നവർ തിരിഞ്ഞു നോക്കാൻ പറയുകയും ചെയ്യുന്നുണ്ട്. അപ്പോഴാണ് അച്ഛൻ മകനെ കാണുന്നത്. അച്ഛന്റെ അമ്പരപ്പ് അധികം വൈകാതെ അതിവൈകാരികമായ ഒരു അവസ്ഥയിലേക്ക് മാറുന്നതാണ് പിന്നീട് കാണുന്നത്.
നിരവധിപ്പേരാണ് ഈ ഹൃദയസ്പർശിയായ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. കരഞ്ഞുപോയി എന്ന് കമന്റ് നൽകിയിരിക്കുന്നവരാണ് കമന്റ് ബോക്സിൽ ഏറെയും.