
കത്തിയും ഫോര്‍ക്കും യൂറോപ്യന്‍ ഭക്ഷണ സംസ്കാരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. കാലാവസ്ഥയും സംസ്കാരവുമാകാം ഇത്തരമൊരു ഭക്ഷണ രീതിയിലേക്ക് യൂറോപ്യന്മാരെ എത്തിച്ചത്. വ്യത്യസ്തമായ രീതിയില്‍ ഭക്ഷണം കഴിക്കുന്നതില്‍ ചൈനക്കാരും പിന്നിലല്ല. അവര്‍ കത്തിക്കും ഫോര്‍ക്കിനും പകരും ചോപ്പ് സ്റ്റിക്കുകൾ ഉപയോഗിക്കുന്നെന്ന് മാത്രം. എന്നാല്‍ ഭക്ഷണം ഉള്ളം കൈയില്‍ തട്ടിക്കഴിക്കണമെന്നാണ് നമ്മുടെ ഭക്ഷണ രീതികൾ പറയുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായി ഒരു ഇന്ത്യന്‍ ഭക്ഷണം കത്തിയും ഫോര്‍ക്കും ഉപയോഗിച്ച് കഴിക്കാന്‍ ശ്രമിച്ചാല്‍? അതും ഒരു മസാലദോശയാണെങ്കിലോ? സംശയമെന്ത് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകും.
ഷാഡോസ് ഓഫ് ചിന്നാർ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയിൽ ഒരാൾ തന്‍റെ മുന്നിലെ പ്ലേറ്റില്‍ ഇരിക്കുന്ന മസാലദേശ കത്തിയും ഫോര്‍ക്കും ഉപയോഗിച്ച് ഭംഗിയായി കഴിക്കുന്നു. എന്നാല്‍, ആ ഭക്ഷണം കഴിപ്പ് കണ്ടാല്‍ തീര്‍ത്തും യാന്ത്രികമായ എന്തോ ഒന്ന് ചെയ്യുന്നത് പോലെയാണെന്ന് മാത്രം. പ്ലേറ്റിലെ മസാല ദോശ കത്തിയും ഫോര്‍ക്കും ഉപയോഗിച്ച് മടക്കുന്നു. അതിന് ശേഷം സ്പീണ്‍ ഉപയോഗിച്ച് അല്പം ചമ്മന്തി എടുത്ത് മുറിച്ച് വച്ച മസാലദോശയുടെ ഒരു കഷ്ണത്തിലേക്ക് തേക്കുന്നതും കാണാം. പിന്നീട് മറ്റൊരു സ്പൂണ്‍ കൊണ്ട് സാമ്പാറില്‍ മുക്കി കുടിക്കുന്നു.
വീഡിയോ വളരെ വേഗം കാഴ്ചക്കാരെ ആകര്‍ഷിച്ചു. യഥാർത്ഥത്തില്‍ മികച്ച സ്കില്ലുള്ളവരുടെ വെള്ള ഷർട്ടില്‍ ഒരിക്കലും ഭക്ഷണത്തിന്‍റെ അംശം വീഴില്ലെന്ന് ഒരു കാഴ്ചക്കാരനെഴുതി. 1000 ക്കണക്കിന് വർഷങ്ങളായി ഞങ്ങൾ ഒരു തുള്ളിപോലും ഷര്‍ട്ടിൽ വീഴ്ത്താതെ കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നു. മാത്രമല്ല എന്‍റെ കൈകൾ ആ കത്തിയേക്കാൾ ഹൈജീനിക്കാണ്. ആര്‍ക്കറിയാം അതൊക്കെ യഥാവിധി കഴുകുന്നുണ്ടോ ഇല്ലയോ എന്നെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ചോദിച്ചത്. സാര്‍ നിങ്ങൾക്കെതിരെ ചെന്നൈയില്‍ എഫ്ഐആർ രജിസ്റ്റര്‍ ചെയ്യുമെന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി. മസാലദേശ തമിഴ്നാടന്‍ ഭക്ഷണമാണെന്ന കാര്യം ഓർത്തായിരിക്കാം ഇത്തരമൊരു കുറിപ്പ്. ഇതിന് മറുപടിയായി മസാല ദോശ ചെന്നൈയുടേതല്ല, കര്‍ണ്ണാടകയുടേതാണെന്ന് മറ്റൊരു കുറിപ്പ് ചൂണ്ടിക്കാണിച്ചു.