'എടുത്ത് കൊണ്ട് പോയില്ലെങ്കിൽ പിഴ ചുമത്തും'; കേടായ വാഹനം റോഡ് സൈഡിൽ നിന്നും കൊണ്ട് പോകാൻ നിർബന്ധിക്കുന്ന ഉദ്യോഗസ്ഥൻറെ വീഡിയോ

Published : May 28, 2026, 11:33 AM IST
Hyderabad police

Synopsis

ഹൈദരാബാദിൽ റോഡിൽ കേടായ വാഹനം നന്നാക്കാൻ സമയം നൽകാതെ, തള്ളിമാറ്റാൻ നിർബന്ധിക്കുകയും പിഴ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലായി. ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ രോഷത്തിന് കാരണമാവുകയും, സാധാരണക്കാരോടുള്ള പോലീസിന്റെ പെരുമാറ്റത്തെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്തു.

 

വലിയ കുറ്റങ്ങൾ കണ്ടില്ലെന്ന് നടക്കുകയും അതേസമയം ചെറിയ കുറ്റങ്ങളെ പർവ്വതീകരിക്കുകയും ചെയ്യുന്നൊരു സിസ്റ്റമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന പരാതി ഏറെക്കാലമായുള്ള ഒന്നാണ്. അത്തരമൊരു സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളിൽ വലിയ രോഷമാണ് വിളിച്ച് വരുത്തിയത്. റോഡിൽ കേടായ ഒരു വാഹനം നന്നാക്കി കൊണ്ട് പോകാനുള്ള സമയം അനുവദിക്കാതെ തള്ളിക്കൊണ്ട് പോകണമെന്നും ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്ന ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥന്‍റെ ധാർഷ്ട്യം നിറ‌ഞ്ഞ പെരുമാറ്റത്തിന്‍റെ വീഡിയോയായിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

'എടുത്ത് കൊണ്ട് പോയില്ലെങ്കിൽ പിഴ ചുമത്തും'

'കോപ് വാച്ച് ഭാരത്' എന്ന എക്സ് ഹാന്‍റിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പോലീസിന്‍റെ പ്രവർത്തികളെ സസൂക്ഷ്മ വീക്ഷിക്കുന്നൊരു എക്സ് കമ്മ്യൂണിറ്റി പേജാണ് കോപ് വാച്ച് ഭാരത്. ഹൈദരാബാദ് പോലീസിന്‍റെ 'കൃത്യനർവഹണ' വീഡിയോയായിരുന്നു അത്. ഐകെഇഎയ്ക്ക് സമീപം സുഹൃത്തിന്‍റെ കാർ കേടായെന്നും അത് അന്വേഷിക്കാൻ ബൈക്കിലെത്തിയ തന്നെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ നിയമം പ്രശ്നം ഉന്നയിച്ച് വാഹനവുമായി പോകാൻ ആവശ്യപ്പെട്ടെന്നും കുറിപ്പിൽ പറയുന്നു. 

 

 

താൻ ബൈക്ക് വച്ച സ്ഥലം ഒരു നോ പാർക്കിംഗ് ഏരിയ അല്ലായിരുന്നു. വാഹനം നന്നാക്കി കൊണ്ട് പോകാൻ അല്പ സമയം ചോദിച്ചെങ്കിലും ഉദ്യോഗസ്ഥൻ തങ്ങളെ തള്ളിമാറ്റുകയും പിഴ ഈടാക്കുകയും ചെയ്യുമെന്ന് പറഞ്ഞ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ പറയുന്നു. അല്പ സമയത്തിനകം കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെത്തി തങ്ങളെ വളഞ്ഞെന്നും പിന്നാലെ തങ്ങൾക്ക് അവിടെ നിന്നും പോകേണ്ടിവന്നെന്നും കുറിപ്പിൽ പറയുന്നു. ഉദ്യോഗസ്ഥൻ ഒരു യുവാവിനെ തള്ളി മാറ്റാൻ ശ്രമിക്കുന്നതും യുവാവ് കേടായ എസ്യുവി തള്ളിമാറ്റാൻ ശ്രമിച്ച് പരാജയപ്പെടുന്നതും വീഡിയോയിൽ കാണാം.

അല്പം അനുകമ്പയാകാം

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധം വിളിച്ച് വരുത്തി. ഏതാണ്ട് രണ്ടര ലക്ഷത്തിനടുത്ത് ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. റോഡരികിലെ പരിശോധനകൾക്കിടെ സാധാരണക്കാരുടെ അവകാശങ്ങളെക്കുറിച്ച് നിരവധി പേ‍രാണ് കുറിപ്പുമായി എത്തിയത്. ചില ഉപയോക്താക്കൾ സംഭവം റെക്കോർഡ് ചെയ്യാനുള്ള തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തി. അതേസമയം പൊതു ഇടങ്ങളിൽ സംഘർഷം ഒഴിവാക്കാൻ പൗരന്മാരും ഉദ്യോഗസ്ഥരും അത്തരം സാഹചര്യങ്ങൾ ശാന്തമായി കൈകാര്യം ചെയ്യണമെന്ന് മറ്റ് ചിലർ ഓർമ്മിപ്പിച്ചു. അതേസമയം സാമ്പത്തികമായി ഉയ‍ർന്ന ഒരാളോ അധികാര സ്ഥാനത്ത് ഇരിക്കുന്നയാളോ ആയിരുന്നെങ്കിൽ വിഷയം ഇങ്ങനെയായിരിക്കില്ല പോലീസ് കൈകാര്യം ചെയ്യുന്നതെന്നും വാഹനം നന്നാക്കി പോലീസ് തന്നെ എത്തിച്ച് തന്നേനെയെന്നും ചിലർ കുറിച്ചു. പോതുജനങ്ങളോടുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം മാറേണ്ടത് ഒരു സേവന സമൂഹത്തിനും അതിന്‍റെ സേനയ്ക്കും അവശ്യമാണെന്ന് ചിലർ ചൂണ്ടിക്കാണിച്ചു. നിയമങ്ങൾ സാധാരണക്കാർക്ക് വേണ്ടിയാണ് നിർമ്മിക്കപ്പെട്ടതെന്നും അതിനാൽ സാധാരണ മനുഷ്യരോട് അല്പം അനുകമ്പയാകാമെന്നും മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു. അതേസമയം മറ്റ് ചിലർ ട്രാഫിക് പോലീസിനെ ന്യായീകരിച്ച് രംഗത്തെത്തി. കടുത്ത വേനലിലും തന്‍റെ ജോലി കൃത്യമായി ചെയ്യുന്ന ഉദ്യോഗസ്ഥനെ അഭിനന്ദിക്കണമെന്ന് മറ്റ് ചിലർ കുറിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

'ഹോട്ടൽ ബില്ല് ആര് കൊടുക്കും?', സുഹൃത്തുക്കൾ തമ്മിൽ റെസ്റ്റോറന്‍റിൽ അടിയോടടി, വീഡിയോ
'നമ്മളാണ് ഏറ്റവും വൃത്തിഹീനമായ രാജ്യം'', ഇന്ത്യയെയും ശ്രീലങ്കയെയും താരതമ്യം ചെയ്ത യുവതിയുടെ വീഡിയോ വൈറൽ