തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് വിയറ്റ്നാമീസ് വാഹന നിർമാതാക്കളായ വിൻഫാസ്റ്റിൽ നിന്ന് ഇലക്ട്രിക് കാറിന്‍റെ മിനിയേച്ചർ മോഡൽ സമ്മാനമായി ലഭിച്ചു. ഒരു കുട്ടിയുടെ കൗതുകത്തോടെ അദ്ദേഹം കളിപ്പാട്ട കാർ പരിശോധിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വിജയിയുടെ ലാളിത്യം വെളിവാക്കുന്ന ഈ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു.
തമിഴ്നാട് മുഖ്യമന്ത്രി വിജയ് വീണ്ടും സമൂഹ മാധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രമായി. ഇത്തവണ രാഷ്ട്രീയ പ്രസംഗമോ ഔദ്യോഗിക പ്രഖ്യാപനമോ കൊണ്ടല്ല, മറിച്ച് ഒരു ചെറിയ കളിപ്പാട്ട കാർ സമ്മാനമായി ലഭിച്ചതിനെത്തുടർന്ന് അദ്ദേഹം കൗതുകപൂർവ്വം കാർ പരിശോധിക്കുന്ന വീഡിയോ വൈറലാവുകയായിരുന്നു. ഒരു കുട്ടിയുടെ കൗതുകത്തോടെയുള്ള വിജയ്‍യുടെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കൾ ആഘോഷമാക്കി. വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
കളിപ്പാട്ടക്കാർ
വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ് (VinFast) കമ്പനിയുടെ പ്രതിനിധികൾ വിജയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഈ കൗതുകകരമായ നിമിഷം അരങ്ങേറിയത്. കമ്പനിയുടെ ഏഷ്യ മേഖല മാനേജിങ് ഡയറക്ടർ വിജയിക്ക് കമ്പനിയുടെ ഇലക്ട്രിക് കാറിന്‍റെ മിനിയേച്ചർ മോഡൽ സമ്മാനമായി കൈമാറി. സമ്മാനം ഏറ്റുവാങ്ങിയ ഉടൻ തന്നെ വിജയ് അത് കൈയിലെടുത്ത് മേശപ്പുറത്ത് ഓടിച്ചു നോക്കുകയും കൗതുകത്തോടെ കൈയിൽ വച്ച് നിരീക്ഷിച്ചു. കാറിന്‍റെ ഓരോ ഡോറുകൾ തുറന്നു. തിരിച്ചും മറിച്ചും നോക്കുന്ന മുഖ്യമന്ത്രിയും. ഇത് കണ്ട് സമീപത്ത് ഇരിക്കുന്നവരുടെ ചിരിയും വീഡിയോയിൽ കാണാം.
'മുഖ്യമന്ത്രിയായാലും ഉള്ളിലെ കുട്ടി മാറില്ല'
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ “ഇത് ശരിക്കും ‘ജസ്റ്റ് മെൻ തിങ്സ്’ നിമിഷമാണ്”, “മുഖ്യമന്ത്രിയായാലും ഉള്ളിലെ കുട്ടി മാറില്ല”, “വിജയ്‍യുടെ ലാളിത്യത്തിന്‍റെ തെളിവ്” തുടങ്ങിയ കമന്‍റുകളാണ് നിറഞ്ഞത്. അദ്ദേഹത്തിന്‍റെ സ്വാഭാവികവും അനായാസവുമായ പ്രതികരണമാണ് ആരാധകരെ കൂടുതൽ ആകർഷിച്ചതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. സിനിമാതാരമായിരുന്ന കാലം മുതൽ സാധാരണക്കാരുമായുള്ള ഇടപെടലുകളിലൂടെ ശ്രദ്ധ നേടിയ വിജയ്, മുഖ്യമന്ത്രിയായ ശേഷവും ഇത്തരം ലളിത നിമിഷങ്ങളിലൂടെ ജനശ്രദ്ധ നേടുകയാണ്. ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കിടെ ഉണ്ടായ ഈ ചെറിയ സംഭവം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയും അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിന്‍റെ മറ്റൊരു മുഖം കാണിച്ചുതരികയും ചെയ്തതായി ആരാധകർ അവകാശപ്പെടുന്നു.


