ലണ്ടന്‍റെ ഉറക്കം കെടുത്തി, വഴിതെറ്റി ഇടുങ്ങിയ തെരുവിൽ കുടുങ്ങുന്ന 'ഗൂഗിൾ' കാറുകൾ

Published : May 12, 2026, 12:06 PM IST
Self Driving Google Cars

Synopsis

ഗൂഗിളിന്റെ വെയ്‌മോ സെൽഫ് ഡ്രൈവിംഗ് കാറുകൾ ലണ്ടനിലെ ഒരു ഇടുങ്ങിയ തെരുവിൽ വഴിതെറ്റി കുടുങ്ങുന്നത് പതിവായിരിക്കുന്നു. തിരിയാൻ കഴിയാതെ റിവേഴ്സ് എടുക്കുമ്പോൾ ഉണ്ടാകുന്ന ഉച്ചത്തിലുള്ള അലാറം ശബ്ദം പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. പരാതികളെ തുടർന്ന് കമ്പനി ഈ റൂട്ടിലെ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

 

ലോകത്തിന് മുന്നിൽ അത്ഭുതമായി അവതരിപ്പിച്ച സെൽഫ് ഡ്രൈവിംഗ് കാറുകൾ ഇപ്പോൾ ലണ്ടനിലെ ജനവാസ മേഖലയ്ക്ക് തലവേദനയായി മാറിയിരിക്കുകയാണ്. ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആൽഫബെറ്റിന്‍റെ ഉടമസ്ഥതയിലുള്ള 'വെയ്‌മോ' (Waymo) കാറുകളാണ് വഴിതെറ്റി ഇടുങ്ങിയ തെരുവിൽ കുടുങ്ങി നാട്ടുകാരെ വട്ടംചുറ്റിക്കുന്നത്.

'ഹൈടെക്' വില്ലന്മാർ

കിഴക്കൻ ലണ്ടനിലെ ഷോർഡിച്ച് മേഖലയിലുള്ള എൽഡർ സ്ട്രീറ്റിലാണ് ഈ 'ഹൈടെക്' വില്ലന്മാർ സർവത്ര കുഴപ്പങ്ങളുമുണ്ടാക്കുന്നത്. ഒരു വശം അടഞ്ഞ ഈ തെരുവിൽ (Cul-de-sac) പ്രവേശിക്കുന്ന വെയ്‌മോ കാറുകൾക്ക് തടസം കാരണം മുന്നോട്ട് പോകാൻ കഴിയാതെ വരുന്നു. വഴി അവസാനിക്കുന്നുവെന്ന ബോർഡുകൾ വകവെക്കാതെ തെരുവിന് ഉള്ളിലേക്ക് കയറുന്ന വാഹനങ്ങൾ പിന്നീട് പുറകോട്ട് എടുക്കാൻ (Reverse) ശ്രമിക്കുമ്പോഴാണ് യഥാർത്ഥ പ്രശ്നം തുടങ്ങുന്നത്.

ഇടുങ്ങിയ തെരുവിൽ കുടുങ്ങുന്ന കാറുകൾ

തെരുവ് വളരെ ഇടുങ്ങിയതായതിനാൽ കാറുകൾക്ക് അവിടെ നിന്ന് തിരിക്കാൻ സാധിക്കില്ല. ഇതോടെ കിലോമീറ്ററുകളോളം വാഹനം റിവേഴ്സ് എടുക്കേണ്ടി വരുന്നു. ഈ സമയത്ത് കാറിൽ നിന്ന് പുറപ്പെടുന്ന അതിശക്തമായ സൈറൺ പോലുള്ള അലാറം പരിസരവാസികളുടെ ഉറക്കം കെടുത്തുകയാണ്. പലപ്പോഴും പുലർച്ചെ നാല് മണിക്കും മറ്റും മുഴങ്ങുന്ന ഈ ശബ്ദം കുട്ടികളെയും പ്രായമായവരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു.

'സോറി, എന്‍റെ ആദ്യ ദിവസം'

ബ്രിട്ടീഷ് നിയമമനുസരിച്ച്, പരീക്ഷണ ഓട്ടത്തിനിടെ ഡ്രൈവർ സീറ്റിൽ ഒരാൾ ഇരിക്കണം. ശബ്ദ ശല്യം സഹിക്കാതെ പ്രദേശവാസിയായ ജെന്നി ബ്ലാക്ക് എന്ന സ്ത്രീ ഇതിലൊരു ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മറുപടി വിചിത്രമായിരുന്നു. കാർ സ്വയം പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ പഠിക്കാനാണ് താൻ ഇരിക്കുന്നതെന്നും, ഇന്ന് തന്‍റെ 'ആദ്യ ദിവസമാണ്' എന്നുമായിരുന്നു ഡ്രൈവറുടെ പ്രതികരണം. പ്രദേശവാസിയായ ക്രിസ് ലോയ്ഡ് ഉൾപ്പെടെയുള്ളവർ വാഹനങ്ങൾ വഴിയിൽ കുടുങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. കാറിലെ സെൻസറുകൾക്ക് മുന്നിലുള്ള തടസ്സം തിരിച്ചറിയാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നാണ് പ്രദേശവാസികളുടെ ചോദ്യം.

താത്കാലികമായി നിർത്തിയെന്ന് കമ്പനി

സംഭവം വിവാദമായതോടെ വെയ്‌മോ കമ്പനി വിശദീകരണവുമായി രംഗത്തെത്തി. ലണ്ടനിലെ റോഡുകളിൽ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് വാഹനങ്ങൾ ഓടിക്കുന്നതെന്നും, പരാതി ഉയർന്ന സാഹചര്യത്തിൽ എൽഡർ സ്ട്രീറ്റിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിയന്ത്രിച്ചെന്നും കമ്പനി അറിയിച്ചു. വരും മാസങ്ങളിൽ ബ്രിട്ടനിൽ പൂർണ്ണതോതിൽ പ്രവർത്തനം തുടങ്ങാനിരിക്കെയുണ്ടായ ഈ സാങ്കേതിക തകരാർ കമ്പനിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

'എസ്ബിടി എടിഎമ്മിലൊരു മുടി വെട്ട്'; ചൂട് കൂടി ഹെയർ സലൂൺ എസ്ബിടി എടിഎമ്മിലേക്ക് മാറ്റി? വീഡിയോ വൈറൽ
ഭാര്യയ്ക്ക് റീൽ ഭ്രമം, ജീവിച്ചിരിക്കെ 'പിണ്ഡ ദാനം' നടത്തി ഭർത്താവ്, ഒപ്പം റീൽ ഷൂട്ടും; വീഡിയോ