കുത്തിയൊഴുകുന്ന ഗംഗാ നദിക്ക് നടുവിൽ കുടുങ്ങിയ തെരുവ് നായയെ രക്ഷപ്പെടുത്തി റാഫ്റ്റിംഗ് സംഘം, വീഡിയോ

Published : Apr 09, 2026, 06:01 PM IST
rafters rescue dog

Synopsis

ഋഷികേശിൽ ഗംഗാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നടുവിലെ പാറയിൽ കുടുങ്ങിയ നായയെ ഒരു റാഫ്റ്റിംഗ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. അതിശക്തമായ ഒഴുക്കിനെ അവഗണിച്ച് നായയെ സുരക്ഷിതമായി ബോട്ടിലെത്തിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു. ഈ രക്ഷാപ്രവർത്തനത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും സംഘത്തിന് വലിയ അഭിനന്ദനം ലഭിക്കുകയും ചെയ്തു.

 

ത്തരാഖണ്ഡിലെ ഋഷികേശിൽ ഗംഗാനദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെത്തുടർന്ന് നദിക്ക് ഒത്ത നടുക്കുള്ള ഒരു പാറയിൽ കുടുങ്ങിപ്പോയ നായയെ സാഹസികമായി രക്ഷപ്പെടുത്തിയ റാഫ്റ്റിംഗ് സംഘം കൈയടി നേടി. ഋഷികേശിലെ ലക്ഷ്മൺ ഝൂലയ്ക്ക് സമീപമായിരുന്നു ഒരേ സമയം നൊമ്പരപ്പെടുത്തുന്നതും ചങ്കിടിപ്പേറ്റിയതുമായ ഈ സംഭവം. ഏകദേശം നൂറടിയിലേറെ താഴ്ചയുള്ള ഭാഗത്ത്, അതിശക്തമായ ഒഴുക്കിനിടയിലുള്ള ഒരു ചെറിയ കല്ലിൽ നായ ഒറ്റപ്പെട്ട് പോയത് കരയിലുണ്ടായിരുന്നവരെ വലിയ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

സാഹസീക രക്ഷപ്പെടുത്തൽ

നായ നിസ്സഹായനായി പാറയിൽ നിൽക്കുന്നത് കണ്ട ഒരു റാഫ്റ്റിംഗ് സംഘം ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനായി മുന്നിട്ടിറങ്ങി. അതിശക്തമായ കുത്തൊഴുക്ക് നിറഞ്ഞ നദിയിൽ തങ്ങളുടെ ഇൻഫ്ലേറ്റബിൾ ബോട്ടുമായി സംഘം പാറയ്ക്ക് അടുത്തേക്ക് നീങ്ങി. രക്ഷാപ്രവർത്തകരിലൊരാൾ ബോട്ടിൽ നിന്ന് ആ പാറയിലേക്ക് ശ്രദ്ധാപൂർവ്വം ഇറങ്ങി, ഭയന്നുവിറച്ചിരുന്ന നായയെ തടവി ആശ്വസിപ്പിച്ചു. തുടർന്ന് കയറുകൾ ഉപയോഗിച്ച് ബോട്ടിനെ പാറയോട് ചേർത്ത് നിർത്തുകയും നായയെ സുരക്ഷിതമായി ബോട്ടിലേക്ക് ഉയർത്തിക്കയറ്റുകയും ചെയ്തു. ഒടുവിൽ യാതൊരു പരുക്കുകളുമില്ലാതെ അതിനെ സുരക്ഷിതമായി കരയിലെത്തിച്ചു.'

 

 

അഭിനന്ദന പ്രവാഹം

'സേവ് എ സ്ട്രേ നോയിഡ' (Save a Stray Noida) എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലാണ് ഈ വീഡിയോ പങ്കുവെച്ചത്. സമൂഹ മാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോയ്ക്ക് റാഫ്റ്റിംഗ് സംഘത്തിന്‍റെ ധീരതയെയും കാരുണ്യത്തെയും പ്രകീർത്തിച്ച് കൊണ്ട് വൻതോതിലുള്ള അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. "മനുഷ്യത്വത്തിന്‍റെ ശുദ്ധമായ നിമിഷം" എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. "മൃഗങ്ങൾ പ്രകൃത്യാ തന്നെ വളരെ ശുദ്ധമായ സ്വഭാവമുള്ളവരാണ്, എന്നാൽ പലപ്പോഴും മനുഷ്യരായ നമുക്ക് അവരെ മനസ്സിലാക്കാൻ സാധിക്കുന്നില്ല. തെരുവ് നായ്ക്കളെ പണം കൊടുത്ത് കൊല്ലുന്നതിന് പകരം അവയെ ദത്തെടുക്കുക. നമ്മൾ ഒത്തൊരുമിച്ച് അവയെ ദത്തെടുക്കുകയാണെങ്കിൽ നമുക്ക് അവരുടെ ജീവൻ രക്ഷിക്കാൻ സാധിക്കും. ഒരു പ്രത്യേക ഇനം (Breed) മൃഗങ്ങളെ മാത്രം സ്നേഹിക്കുന്നവരാകാതെ, എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കുന്നവരാകുക." എന്നായിരുന്നു ഒരാൾ വീഡിയോയ്ക്ക് താഴെ കുറിച്ചത്. ഏതായാലും, സാധാരണക്കാരായ മനുഷ്യരിലെ അസാധാരണമായ ധീരത വെളിവാക്കുന്ന ഈ സംഭവം അതിജീവനത്തിന്‍റെയും കാരുണ്യത്തിന്‍റെയും വലിയൊരു പാഠമായി മാറിയിരിക്കുകയാണ്.

 

PREV
Read more Articles on
click me!

Recommended Stories

'H-1B വിസ ഒരു അഴിമതിയാണ്'; ഇന്ത്യൻ തൊഴിലാളിയുടെ വീഡിയോ വൈറലായതിന് പിന്നാലെ യുഎസ് കോൺഗ്രസ് അംഗം
സമയം പുലർച്ചെ 2 മണി, ബാൽക്കണിയുടെ സീലിം​ഗ് തകർന്ന് താഴേക്ക്, 1 കോടി വിലയുള്ള വീട്ടിലാണ് സംഭവം