
'ഇന്ത്യയിൽ വച്ച് ഒരിക്കലും ഒരു സാഹസിക പ്രവൃത്തിയും ചെയ്യരുത്' എന്ന മുന്നറിയിപ്പോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ വൈറലായി. ജലവിനോദങ്ങൾക്ക് പേരുകേട്ട ഗോവയിൽ നിന്നാണ് ഈ അപകടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു പാരാസെയിലിംഗിനിടെ കേബിൾ ആകാശത്ത് പൊട്ടിയതിനെ തുടർന്ന് വിനോദസഞ്ചാരി അറബിക്കടലിലേക്ക് വീഴുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. ഈ സമയം സമീപത്ത് ഉണ്ടായിരുന്ന ബോട്ട് ജീവനക്കാരുടെ ഇടപെടലിനെ തുടർന്ന് രക്ഷാപ്രവർത്തനം വേഗത്തിലാക്കിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. വീഡിയോ വൈറലായതിന് പിന്നാലെ ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സാഹസിക വിനോദങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക ശക്തമായി.
സംഭവത്തിന് പിന്നാലെ ഓപ്പറേറ്ററുടെ ഉപകരണ നിലവാരത്തെക്കുറിച്ച് ഗോവ പോലീസ് അന്വേഷണം ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഗോവയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ബാഗയിൽ വച്ചുണ്ടായ സംഭവം വലിയ ചർച്ചകൾക്കാണ് വഴി വച്ചത്. പാരാസെയിലിംഗിന് ഉപയോഗിച്ചിരുന്ന ബോട്ടിൽ നിന്നുള്ള ദൃശ്യങ്ങളായിരുന്നു അത്. ദൃശ്യങ്ങളിൽ ഉയർന്നു പൊങ്ങിയ പാരച്യൂട്ടുമായി ഘടിപ്പിച്ച കേബിൾ പൊട്ടുന്നതും പിന്നാലെ വിനോദ സഞ്ചാരി കടലിലേക്ക് വീഴുന്നതുമായ ദൃശ്യങ്ങൾ കാണാം. രക്ഷാപ്രവർത്തനം നടത്തിയതും പാരാസെയിലിംഗിന് ഉപയോഗിച്ച ബോട്ടാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
സംഭവം നടക്കുമ്പോക്ഷ ബോട്ടിൽ രണ്ടിൽ കൂടുതൽ ആളുകളുണ്ടായിരുന്നെന്നും ദൃശ്യങ്ങളിൽ വ്യക്തം. ഈ സംഭവത്തോടെ ഇന്ത്യയിലെ സാഹസിക കായിക വിനോദങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഗുണമേന്മക്കുറവും പരിശീലനത്തിന്‍റെ അപര്യാപ്തതയുമാണ് വെളിവാകുന്നത്. കഴിഞ്ഞ വർഷം ഗോവയിൽ കെറി പീഠഭൂമിയിൽ നിന്ന് പറന്നുയർന്ന ശേഷം പാരാഗ്ലൈഡർ മലയിടുക്കിൽ ഇടിച്ച് പൂനെയിൽ നിന്നുള്ള 27 -കാരിയായ ഒരു സ്ത്രീയും 26 -വയസ്സുള്ള അവരുടെ ഇൻസ്ട്രക്ടറും കൊല്ലപ്പെട്ടിരുന്നു.
വീഡിയോ വൈറലായതിന് പിന്നാലെ വലിയ തോതിലുള്ള പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. മൊത്തം നിരോധനങ്ങൾ മുതൽ 100% ഉപകരണ ഓഡിറ്റുകൾ വരെ ആവശ്യപ്പെട്ടു കൊണ്ട് നിരവധി പേർ കുറിപ്പെഴുതി. "സാഹസിക കായിക വിനോദങ്ങൾ കർശനമായി നിയന്ത്രിക്കപ്പെടുന്നതിന് മുമ്പ് നമുക്ക് എത്ര 'തെറ്റായ കാര്യങ്ങൾ' ആവശ്യമാണ്? ഇപ്പോൾ നമുക്ക് 100% ഉപകരണ ഓഡിറ്റുകൾ ആവശ്യമാണ് എന്ന് ഒരു ഉപഭോക്താവ് ചൂണ്ടിക്കാണിച്ചു. ഇത്തരം വിനോദങ്ങൾ നടത്തുന്നവർക്ക് ആളെ കൂട്ടുന്നതിലാണ് താത്പര്യം അല്ലാതെ ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിലല്ലെന്നായിരുന്നു മറ്റൊരു കുറിപ്പ്.