
ഹൈദരാബാദിലെ 22 ഏക്കർ വിസ്തൃതിയുള്ള ഗേറ്റഡ് കമ്മ്യൂണിറ്റിയിൽ നിന്ന് 6 – 7 ഗ്രാം തൂക്കമുള്ള സ്വർണ ബ്രേസിലേറ്റ് കാണാതായ സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. വള എവിടെവച്ചാണ് നഷ്ടപ്പെട്ടതെന്ന് പോലും അറിയാതിരുന്ന ഉടമയ്ക്ക് ഒടുവിൽ അത് തിരികെ ലഭിച്ചത് സുരക്ഷാ ജീവനക്കാരുടെ വിശദമായ സിസിടിവി പരിശോധനയിലൂടെയാണ്.
ഹൈദരാബാദ് സ്വദേശിനിയായ സോഷ്യൽ മീഡിയ ക്രിയേറ്റർ സ്വാതി ബന്ദ്ലയ്ക്കാണ് ആഗസ്റ്റ് 16 -ന് തന്‍റെ സ്വർണ ബ്രേസിലേറ്റ് കാണാനില്ലെന്ന് മനസ്സിലായത്. എവിടെവച്ചാണ് വള നഷ്ടപ്പെട്ടതെന്ന് വ്യക്തമായിരുന്നില്ല. ഉടൻ തന്നെ അവർ ഗേറ്റഡ് കമ്മ്യൂണിറ്റിയിലെ സുരക്ഷാ വിഭാഗത്തെ വിവരമറിയിക്കുകയും ആരെങ്കിലും വള കണ്ടെത്തി ലോസ്റ്റ് ആൻഡ് ഫൗണ്ട് വിഭാഗത്തിൽ ഏൽപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. ഇതിനിടെ, ബ്രേസിലേറ്റ് അവസാനമായി കൈയിലുണ്ടായിരുന്ന സമയം കണ്ടെത്താൻ ഫോണിലെ പഴയ ചിത്രങ്ങളും വീഡിയോകളും പരിശോധിച്ചു. ആഗസ്റ്റ് 15 -ന് രാവിലെ നടത്തിയ ഒരു ലൈവ് സെഷന്‍റെ ദൃശ്യത്തിൽ ബ്രേസിലേറ്റ് കൈയിൽ കിടക്കുന്നതായി കണ്ടെത്തി. ഈ വിവരം സ്വാതി സുരക്ഷാ സംഘത്തിന് കൈമാറി.
22acres gated community లో ఒక bracelet పోతే...
security, support from staff గురించి excellent video 👌👌👌 #Returning_NRIs feed ఇది
CCTV ఎక్కడెక్కడ ఉంటాయో చూడండి 🔥 @HiHyderabad @ApnaSecbad pic.twitter.com/JwclMWZKrM— Savoir Vivre (@InterferonEi) October 1, 2026
തുടർന്ന് സുരക്ഷാ ജീവനക്കാർ കമ്മ്യൂണിറ്റിയിലെ വിവിധ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. പ്രവേശന - അകത്തേക്കും പുറത്തേക്കും കടക്കുന്ന വാതിലുകൾ, ലിഫ്റ്റുകൾ, ഫ്ലോർ ലോബികൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലൂടെയുള്ള സ്വാതിയുടെ സഞ്ചാരപാത സിസിടിവിയിലൂടെ പിന്തുടർന്നു. ഒടുവിൽ ഒരു പ്രത്യേക സ്ഥലത്ത് എത്തുന്നതിന് ഏതാനും സെക്കൻഡുകൾക്ക് മുമ്പ് ബ്രേസിലേറ്റ് കൈയിൽനിന്ന് വഴുതിപ്പോയതാകാമെന്ന് അവർ കണ്ടെത്തി.
എന്നാൽ, അതേ സ്ഥലത്ത് ആഗസ്റ്റ് 15 -ന് സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നിരുന്നു. 2,000-ത്തിലധികം താമസക്കാരും സന്ദർശകരും അവിടെ എത്തിയിരുന്നു. ഇതോടെ വള കണ്ടെത്തുക എളുപ്പമല്ലായിരുന്നു. എന്നിരുന്നാലും സ്വാതിയും ഭർത്താവും സിസിടിവിയിൽ കണ്ടെത്തിയ സ്ഥലത്ത് രാത്രി തിരച്ചിൽ നടത്തി. ലൈറ്റിന്‍റെ വെളിച്ചത്തിൽ പുല്ലിനിടയിൽ തിളങ്ങുന്ന ബ്രേസിലേറ്റ് ഒടുവിൽ അവർ കണ്ടെത്തി. സംഭവം പങ്കുവെച്ച സ്വാതി, വള തിരിച്ചുകിട്ടുന്നതിൽ സുരക്ഷാ സംഘത്തിന്‍റെ വേഗത്തിലുള്ള ഇടപെടലും സിസിടിവി പരിശോധനയും നിർണായകമായിരുന്നുവെന്ന് പറഞ്ഞു.