
ഉപരിപഠനത്തിനായോ തൊഴിൽ ആവശ്യങ്ങൾക്കോ വേണ്ടി വിദേശ ,രാജ്യങ്ങളിലേക്ക് ചേക്കേറുന്നത് ഇന്നൊരു സാധാരണ രീതിയാണ്. എന്നാൽ, പുതിയ സംസ്കാരവുമായും ജീവിതരീതികളുമായും പൊരുത്തപ്പെട്ടു പോകാൻ തുടക്കത്തിൽ എല്ലാവർക്കും അല്പം സമയം ആവശ്യമായി വരാറുണ്ട്. ഓസ്‌ട്രേലിയയിലേക്ക് താമസം മാറിയപ്പോൾ തനിക്ക് നേരിടേണ്ടി വന്ന അഞ്ച് പ്രധാന ദൈനംദിന വ്യത്യാസങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ഇന്ത്യൻ വംശജയായ ദിഷ ഷാ. ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ദിഷ തനിക്ക് അനുഭവപ്പെട്ട അത്ഭുതങ്ങൾ പങ്കുവെച്ചത്.
വൈകുന്നേരം 5 മണിക്ക് അടയ്ക്കുന്ന കടകൾ: രാത്രി വൈകിയും കച്ചവടവും ചന്തകളും സജീവമായിരിക്കുന്ന ഇന്ത്യൻ നഗരങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, ഓസ്‌ട്രേലിയയിലെ ഭൂരിഭാഗം റീട്ടെയിൽ സ്ഥാപനങ്ങളും വൈകുന്നേരം 5 മണിയോടെ പ്രവർത്തനം അവസാനിപ്പിക്കും.
തെരുവുകളിലെ കുതിരപ്പട പോലീസ്: പ്രധാന നഗരങ്ങളിലും തിരക്കേറിയ ബിസിനസ് മേഖലകളിലും പോലീസ് ഉദ്യോഗസ്ഥർ കുതിരപ്പുറത്ത് പട്രോളിംഗ് നടത്തുന്നത് തുടക്കത്തിൽ തനിക്ക് വലിയ അത്ഭുതമായിരുന്നുവന്ന് ദിഷ പറയുന്നു. ഇവിടെ ഇത് സാധാരണ കാഴ്ചയാണെങ്കിലും ഇപ്പോഴും അത്ഭുതപ്പെടുത്താറുണ്ടെന്നും അവർ എഴുതുന്നു.
'സർ', 'മാഡം' വിളികളില്ലാത്ത സംസ്കാരം: ജോലിസ്ഥലങ്ങളിലോ ദൈനംദിന ജീവിതത്തിലോ മേലധികാരികളെയോ ഡോക്ടർമാരെയോ അധ്യാപകരെയോ മുതിർന്നവരെയോ 'സർ', 'മാഡം' എന്നോ 'ആന്‍റി', 'അങ്കിൾ' എന്നോ വിളിക്കുന്ന രീതി ഇവിടെയില്ല. പ്രായഭേദമന്യേ എല്ലാവരും പരസ്പരം പേരെടുത്തു വിളിക്കുന്ന ശീലമാണ് ഓസ്‌ട്രേലിയയിലുള്ളത്.
കൃത്യമായ 'വർക്ക് - ലൈഫ് ബാലൻസ്': ജോലി സ്ഥലത്ത് അധിക സമയം ചെലവഴിക്കുന്നത് ഇവിടെയൊരു അഭിമാന കാര്യമായി ആരും കാണുന്നില്ല. വ്യക്തിപരമായ ജീവിതത്തിനും കുടുംബത്തിനും ഒഴിവ് സമയങ്ങൾക്കും ഓസ്ട്രേലിയക്കാർ കൃത്യമായ പ്രാധാന്യം നൽകുന്നുണ്ട്.
മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന പൊതു പാർക്കുകൾ: പ്രാദേശിക പാർക്കുകളുടെയും തുറസ്സായ പൊതുയിടങ്ങളുടെയും നിലവാരം എടുത്തുപറയേണ്ട ഒന്നാണ്. മിക്ക പാർക്കുകളിലും മികച്ച കളിക്കളങ്ങൾ, ശുചിത്വമുള്ള വിശ്രമമുറികൾ, നടപ്പാതകൾ, സൗജന്യമായി ഉപയോഗിക്കാവുന്ന ബാർബിക്യൂ സൗകര്യങ്ങൾ എന്നിവയും ലഭ്യമാണ്.
ദിഷ ഷായുടെ ഇൻസ്റ്റാഗ്രാം വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. നിരവധി ആളുകളാണ് പോസ്റ്റിന് താഴെ അഭിപ്രായങ്ങളുമായി എത്തിയത്. "കുതിരപ്പുറത്തുള്ള പട്രോളിംഗ് ഇന്ത്യയിലും അപൂർവ്വമല്ല, കേരളത്തിലെ തിരുവനന്തപുരത്ത് പോലീസിന്‍റെ 'അശ്വാരൂഢ സേന' രാത്രികാലങ്ങളിൽ നഗരത്തിൽ പട്രോളിംഗ് നടത്താറുണ്ട്" എന്ന് ഒരു മലയാളി ഉപയോക്താവ് കുറിച്ചു. നിയമങ്ങളേക്കാൾ ഉപരി ജനങ്ങളുടെ അച്ചടക്കമാണ് ഈ വ്യവസ്ഥിതിക്ക് കാരണമെന്നും, ജോലിസ്ഥലങ്ങളിൽ മാനസികാരോഗ്യത്തിനും ജീവനക്കാരുടെ ആത്മാഭിമാനത്തിനും നൽകുന്ന പ്രാധാന്യമാണ് ഇത്തരം മാറ്റങ്ങൾക്ക് പിന്നിലെന്നും മറ്റ് ഉപയോക്താക്കളും അഭിപ്രായപ്പെട്ടു.