4 ഡിഗ്രി തണുപ്പ്! ബൈക്ക് യാത്രക്കാരനെ തടഞ്ഞ് സൈനികൻ; ഒടുവിൽ കൈമാറിയ സമ്മാനം കണ്ട് കൈയടിച്ച് നെറ്റിസെൺസ്

Published : Oct 10, 2026, 04:48 PM IST
indian soldier

Synopsis

അരുണാചൽ പ്രദേശിലെ മാധുരി തടാകത്തിലേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി ഭക്ഷണവും ചോക്ലേറ്റും നൽകുന്ന ഇന്ത്യൻ സൈനികന്റെ വീഡിയോ വൈറലാകുന്നു. കൊടുംതണുപ്പിൽ അതിർത്തി കാക്കുന്ന സൈനികൻ കാണിച്ച സ്നേഹവും കരുതലും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്.

അതിശൈത്യത്തിലും അതിർത്തി കാക്കുന്ന ഇന്ത്യൻ സൈനികന്‍റെ സ്നേഹവും കരുതലും സമൂഹ മാധ്യമങ്ങളിൽ വൈറലായി. മാധുരി തടാകത്തിലേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി ഭക്ഷണവും ചോക്ലേറ്റും നൽകിയ സൈനികന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അതിശക്തമായ തണുപ്പിനിടയിലും അപരിചിതനായ യാത്രക്കാരനോട് സൈനികൻ കാണിച്ച സ്നേഹത്തെ കുറിച്ചാണ് സമൂഹ മാധ്യമങ്ങളിലെ കുറിപ്പുകളും.

യാത്രികനെ തടഞ്ഞ് നിർത്തി സൈനികൻ

യാത്രികനായ അഭിലാഷ് തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടായ @wander_with.abi -യിലാണ് ഈ ഹൃദ്യമായ അനുഭവം പങ്കുവെച്ചത്. അരുണാചൽ പ്രദേശിലെ തവാങ് മേഖലയിലുള്ള മനോഹരമായ മാധുരി തടാകത്തിലേക്ക് പോകുന്നതിനിടെയാണ് ഇന്ത്യൻ സൈനികനെ അഭിലാഷ് കണ്ടുമുട്ടിയത്. “എവിടേക്കാണ് പോകുന്നത്? ഇനിയും മുന്നോട്ട് കറങ്ങാൻ പോകുകയാണോ?” എന്നായിരുന്നു സൈനികന്‍റെ ചോദ്യം. മാധുരി തടാകത്തിലേക്ക് പോയി മടങ്ങാനാണ് പദ്ധതിയെന്ന് അഭിലാഷ് മറുപടി നൽകി. തുടർന്ന് പുഞ്ചിരിയോടെ സംസാരിച്ച സൈനികൻ താൻ മഹാരാഷ്ട്രയിൽ നിന്നുള്ളയാളാണെന്നും പരിചയപ്പെടുത്തി.

ഭക്ഷണം കഴിക്കാൻ ക്ഷണം

യാത്രക്കാരനോട് ഭക്ഷണം കഴിച്ചോയെന്ന് അന്വേഷിച്ച സൈനികൻ ബ്രെഡ് ഓംലെറ്റും ചോക്ലേറ്റും വാഗ്ദാനം ചെയ്തു. പ്രഭാതഭക്ഷണം അഭിലാഷ് സ്നേഹപൂർവം നിരസിച്ചെങ്കിലും ചോക്ലേറ്റുകൾ സ്വീകരിച്ചു. വെറും ഔപചാരികമായ സംഭാഷണത്തിനപ്പുറം, തണുപ്പിൽ യാത്ര ചെയ്യുന്ന ഒരാളുടെ വിശപ്പും ആവശ്യങ്ങളും പരിഗണിച്ച സൈനികന്‍റെ പ്രവൃത്തി അഭിലാഷിനെ ആഴത്തിൽ സ്പർശിച്ചു. അന്ന് പ്രദേശത്തെ താപനില ഏകദേശം 4 ഡിഗ്രി സെൽഷ്യസ് ആയിരുന്നുവെന്നും ശൈത്യകാലത്ത് ഇവിടെ താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ താഴാമെന്നും അഭിലാഷ് കുറിച്ചു. ഇത്തരം കഠിനമായ സാഹചര്യങ്ങളിൽ രാജ്യത്തിനായി സേവനമനുഷ്ഠിക്കുന്ന സൈനികരുടെ ത്യാഗവും സമർപ്പണവും ഈ അനുഭവത്തിലൂടെ കൂടുതൽ വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“അതിർത്തി കാക്കുന്ന നമ്മുടെ സൈനികരോട് ആദരവും നന്ദിയും” എന്ന സന്ദേശത്തോടെയാണ് അഭിലാഷ് തന്‍റെ അനുഭവം പങ്കുവെച്ചത്. വീഡിയോ ഇതിനകം 45 ലക്ഷത്തിലധികം പേർ കണ്ടു. ആയിരക്കണക്കിന് കുറിപ്പുകളാണ് എഴുതപ്പെട്ടത്. സൈനികൻ ഒന്നോ രണ്ടോ ചോക്ലേറ്റല്ല, ഒരു പിടി ചോക്ലേറ്റുകളാണ് നൽകിയതെന്ന് ഒരാൾ കുറിച്ചു. ബൈക്കിൽ യാത്ര ചെയ്യുന്ന യുവാവിനെ കണ്ടപ്പോൾ സൈനികനും തന്‍റെ പഴയ യാത്രാസ്വപ്നങ്ങൾ ഓർത്തിരിക്കാമെന്നായിരുന്നു മറ്റൊരു കുറിപ്പ്.

PREV
Read more Articles on
click me!

Recommended Stories

മുംബൈയിൽ 8 മാസമായി, എന്റെ അനുഭവം; വീഡിയോ പങ്കുവച്ച് ജാപ്പനീസ് യുവതി
ഇന്ത്യ വല്ലാതെ വളർന്നു; ബ്ലിങ്കിറ്റിൽ ഫോട്ടോ പ്രിന്റിംഗ്, ഓർഡർ ചെയ്ത് ഞെട്ടി പോളിഷ് വ്ലോഗർ