‘വീഡിയോ എടുക്കുന്നത് നിയമവിരുദ്ധം!’; കാറിൽ നിന്നിറങ്ങി കാൽനട യാത്രക്കാരനെ പിടിച്ച് വലിച്ചു; കാനഡയിൽ ഇന്ത്യൻ വംശജ അറസ്റ്റിൽ

Published : Oct 06, 2026, 09:12 PM IST
indian origin woman arrested

Synopsis

കാനഡയിലെ കാൽഗറിയിൽ ട്രാഫിക് തർക്കത്തെ തുടർന്ന് കാൽനടയാത്രക്കാരനെ മർദ്ദിച്ച ഇന്ത്യൻ വംശജയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനം വഴി നൽകാത്തത് ചോദ്യം ചെയ്ത് വീഡിയോ പകർത്തിയ യുവാവിനെ യുവതി ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇൻഷുറൻസില്ലാത്ത വാഹനമാണ് യുവതിയുടെ ഭർത്താവ് ഓടിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ട്രാഫിക് തർക്കത്തിനിടെ വഴിയാത്രക്കാരനുമായി രൂക്ഷമായ ഏറ്റുമുട്ടലുണ്ടാക്കി എന്നാരോപിച്ച് ഇന്ത്യൻ വംശജയായ യുവതിയെ കാനഡയിലെ കാൽഗറി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വലിയ ശ്രദ്ധ നേടി. ഒക്ടോബർ 6 -നാണ് സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവന്നത്.

കാൽനടയാത്ര തടസപ്പെടുത്തി

റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രക്കാരന് വാഹനം വഴി നൽകാതിരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് ഓൺലൈനിൽ പ്രചരിക്കുന്ന വിവരങ്ങൾ. തുടർന്ന് വഴിയാത്രക്കാരൻ മൊബൈൽ ഫോൺ ഉപയോഗിച്ച് സംഭവത്തിന്‍റെ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങി. ഇതോടെ വാഹനത്തിൽ യാത്രക്കാരുടെ ഭാഗത്തുണ്ടായിരുന്ന യുവതി പുറത്തിറങ്ങി ഇയാളെ ചോദ്യം ചെയ്യുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

വീഡിയോ പകർത്തുന്നത് നിയമവിരുദ്ധമാണെന്ന് യുവതി പറയുന്നതും തുടർന്ന് യുവാവ് കൈവശം വച്ചിരുന്ന മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തർക്കം പിന്നീട് ശാരീരിക ഏറ്റുമുട്ടലിലേക്ക് മാറുകയായിരുന്നു. യുവാവിന്‍റെ ബാക്ക്പാക്കിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കാൻ ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു. യുവാവ് തുടർന്നും സംഭവങ്ങൾ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു.

പിന്നാലെ പോലീസ്, അറസ്റ്റ്

സംഭവസ്ഥലത്ത് ഉടൻ പൊലീസ് എത്തുകയും യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. യുവതിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ഭർത്താവാണ് കാർ ഓടിച്ചിരുന്നതെന്നും വാഹനം സാധുവായ ഇൻഷുറൻസില്ലാതെയാണ് ഓടിച്ചിരുന്നതെന്നും ഓൺലൈനിൽ പ്രചരിക്കുന്ന റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ, വൈറൽ വീഡിയോയെക്കുറിച്ചോ ആരോപണത്തെക്കുറിച്ചോ പൊലീസ് ഔദ്യോഗികമായി കൂടുതൽ വിശദീകരണം നൽകിയിട്ടില്ല.

വീഡിയോയ്ക്ക് ഇതിനകം ആയിരക്കണക്കിന് കാഴ്ചകളാണ് ലഭിച്ചത്. പൊതുസ്ഥലത്ത് മറ്റൊരാളുടെ വീഡിയോ പകർത്തുന്നതിന്‍റെ നിയമസാധുതയെക്കുറിച്ചും യുവതിയുടെ പെരുമാറ്റത്തെക്കുറിച്ചും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടന്നത്. ചിലർ യുവാവിനെ പിന്തുണച്ചപ്പോൾ, യുവതി വീഡിയോ തടയാൻ ശ്രമിച്ചതിനെയും തുടർന്ന് ശാരീരികമായി ഇടപെട്ടതിനെയും നിരവധി പേർ വിമർശിച്ചു.

PREV
Read more Articles on
click me!

Recommended Stories

'ഒരമ്മയ്ക്ക് മാത്രം സാധിക്കുന്നത്'; ഹെലികോപ്റ്ററിൽ നിന്നും ഇറങ്ങവെ കാലിടറി ഉഷാ വാൻസ്, 9 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് സുരക്ഷിതൻ, വീഡിയോ
60,000 രൂപയുടെ ജോലി ഉപേക്ഷിച്ചു; 14,000 ഫോളോവേഴ്സ് മാത്രമുള്ള യുവതിയുടെ ഒരു മാസത്തെ വരുമാനം 1.12 ലക്ഷം!