
അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിന്‍റെ ഭാര്യയും സെക്കൻഡ് ലേഡിയുമായ ഉഷാ വാൻസിന് ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങുന്നതിനിടെ അപ്രതീക്ഷിതമായി കാലിടറി. ഒക്ടോബർ 5 -ന് മേരിലാൻഡിലെ ജോയിന്‍റ് ബേസ് ആൻഡ്രൂസിലാണ് സംഭവം. ഒമ്പത് ആഴ്ച മാത്രം പ്രായമുള്ള മകൻ അലക് നീൽ വാൻസിനെ നെഞ്ചോട് ചേർത്തുപിടിച്ചായിരുന്നു ഉഷാ ഹെലികോപ്റ്ററിന്‍റെ പടികൾ ഇറങ്ങിയത്.
പടികളിലൂടെ രണ്ട് ചുവടുകൾ ഇറങ്ങിയതിന് പിന്നാലെ ഉഷായുടെ ബാലൻസ് തെറ്റുകയായിരുന്നു. കൈവരിയിൽ പിടിച്ച് വീഴാതെ സ്വയം നിയന്ത്രിച്ച അവർ ഉടൻ കുഞ്ഞ് സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും ചെയ്തു. വലിയ ലെതർ ഡയപ്പർ ബാഗും ഈ സമയം ഉഷയുടെ കൈയിലുണ്ടായിരുന്നു. വീഴ്ച ഒഴിവാക്കിയ ശേഷം അവർ ഹെലികോപ്റ്ററിലേക്ക് തിരിഞ്ഞ് ഭർത്താവിനെ നോക്കുകയും തനിക്ക് കുഴപ്പമില്ലെന്ന് സൂചിപ്പിക്കുകയും ചെയ്തു.
"Usha and a couple of the kids are joining. This is Usha's 50th state, which is why we are bringing a nine week old baby on a seven and a half hour flight to Alaska."
-- VP JD Vance https://t.co/WbCIMeVW48
— Howard Mortman (@HowardMortman) October 5, 2026
‘ഞാൻ പടിയിൽ നിന്ന് വീഴാൻ പോയി’ എന്ന് സമീപത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ഉഷ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. കുഞ്ഞിനും തനിക്കും കുഴപ്പമില്ലെന്നും അവർ അറിയിച്ചതായാണ് റിപ്പോർട്ട്. അതേസമയം സംഭവ സമയത്ത് സമീപത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ സഹായിക്കാനെത്താത്തത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. എന്നാൽ സുരക്ഷാ പ്രോട്ടോക്കോളോ മറ്റേതെങ്കിലും കാരണമോ ഇടപെടലിന് തടസ്സമായിരുന്നോയെന്ന് വ്യക്തമല്ല.
തുടർന്ന് ജെ ഡി വാൻസ് ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങി. അദ്ദേഹത്തിന്‍റെ കൈയിൽ നാല് വയസ്സുകാരിയായ മകൾ മിറബെൽ ആയിരുന്നു. കുടുംബം പിന്നീട് അലാസ്കയിലേക്കുള്ള യാത്ര തുടർന്നു. മിഡ്‌ടേം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടിയിലേക്കായിരുന്നു വൈസ് പ്രസിഡന്‍റിന്‍റെ യാത്ര എന്നാണ് റിപ്പോർട്ട്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഉഷയുടെ പ്രതികരണവും കുഞ്ഞിനെ സംരക്ഷിക്കാൻ നടത്തിയ ശ്രമവും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. ഒരമ്മയ്ക്ക് മാത്രം സാധ്യമായതെന്നായിരുന്നു ഉഷയുടെ പ്രവർത്തിയെ പലരും വിശേഷിപ്പിച്ചത്.