'എന്തും നേരിടാനുള്ള തയ്യാറെടുപ്പും മനക്കരുത്തും ഇല്ലെങ്കിൽ ജോലി തേടി ദുബായിലേക്ക് വരരുത്'; മുന്നറിയിപ്പുമായി ഇന്ത്യൻ യുവതി

Published : Jul 29, 2026, 10:33 AM IST
Job hunt in Dubai

Synopsis

ദുബായിൽ തൊഴിൽ തേടി വരുന്നവർക്ക് മുന്നറിയിപ്പുമായി അവിടെ ജീവിക്കുന്ന ഇന്ത്യൻ യുവതി. വിസിറ്റ് വിസയിൽ ജോലി കണ്ടെത്താനുള്ള ബുദ്ധിമുട്ടുകളും, തൊഴിൽ അനിശ്ചിതത്വവും, അതുണ്ടാക്കുന്ന മാനസിക സമ്മർദ്ദങ്ങളും വലുതാണെന്നും, എല്ലാത്തിനും തയ്യാറായി മാത്രമേ ദുബായിലേക്ക് വരാവൂ എന്നും ലാഡ്‌ലി ഗൗർ എന്ന യുവതി ഇൻസ്റ്റാഗ്രാം റീലിലൂടെ വ്യക്തമാക്കുന്നു.

തൊഴിൽ തേടി ദുബായിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കായി അവിടെ ജീവിക്കുന്ന ഇന്ത്യൻ യുവതിയുടെ മുന്നറിയിപ്പ് സമൂഹ മാധ്യമങ്ങിൽ ശ്രദ്ധേയമാകുന്നു. തൊഴിലന്വേഷണം, വിസ കാലാവധി അവസാനിക്കൽ, തുടർച്ചയായ അനിശ്ചിതത്വം എന്നിവയുണ്ടാക്കുന്ന മാനസിക സമ്മർദ്ദങ്ങൾ ചെറുതല്ലെന്നും, എന്തിനും തയ്യാറായി മാത്രമേ ദുബായിലേക്ക് വരാവൂവെന്നും ഇൻസ്റ്റാഗ്രാം റീലിലൂടെ ലാഡ്‌ലി ഗൗർ എന്ന യുവതി വ്യക്തമാക്കുന്നു.

വേണം മാനസിക തയ്യാറെടുപ്പ്

'മാനസികമായി തയ്യാറെടുക്കുക, എന്നിട്ട് മാത്രം തീരുമാനമെടുക്കുക' പ്രതിസന്ധികളെയും മാനസിക സമ്മർദ്ദങ്ങളെയും നേരിടാൻ തയ്യാറല്ലെങ്കിൽ ദുബായ് നിങ്ങൾക്ക് അനുയോജ്യമായ ഇടമായിരിക്കില്ലെന്ന് ലാഡ്‌ലി ഓർമ്മിപ്പിക്കുന്നു."പ്ലസ് ടു പഠനം മാത്രം പൂർത്തിയാക്കിയ നിരവധി വിദ്യാർത്ഥികൾ പോലും എന്നെ ദുബായിലേക്ക് വിളിച്ച് വഴി കാണിച്ചു തരാൻ ആവശ്യപ്പെടാറുണ്ട്. ഇവിടെ എത്തിയാൽ കാര്യങ്ങളെല്ലാം എങ്ങനെയെങ്കിലും ശരിയാകുമെന്നാണ് അവരുടെ വിചാരം. ഇവിടെ എത്തുന്ന ഭൂരിഭാഗം ആളുകളും ഒടുവിൽ എന്തെങ്കിലും വഴി കണ്ടെത്തുമെന്നത് സത്യമാണ്. എന്നാൽ, അതിന് മുൻപ് ആവശ്യമായ മാനസിക തയ്യാറെടുപ്പ് നിങ്ങൾക്കൊപ്പം ഉണ്ടാകണം," എന്ന് ലാഡ്‌ലി പറയുന്നു.

 

 

വിസിറ്റ് വിസയും തൊഴിൽ അനിശ്ചിതത്വവും

വിസിറ്റ് വിസയിലെത്തി അനുയോജ്യമായ ഒരു ജോലി കണ്ടെത്തുന്നത് എളുപ്പമുള്ള കാര്യമല്ല. ഒരു ജോലി ലഭിച്ചാൽ പോലും പ്രയാസങ്ങൾ അവസാനിക്കുന്നില്ലെന്ന് യുവതി പറയുന്നു. ഭൂരിഭാഗം കമ്പനികളും ജോലിയിലെ പ്രകടനം വിലയിരുത്തിയ ശേഷം മാത്രമാണ് എംപ്ലോയ്‌മെന്‍റ് വിസ നൽകുന്നത്. രണ്ടുമാസത്തോളം പ്രകടനം വിലയിരുത്തുമ്പോഴേക്കും വിസിറ്റ് വിസയുടെ കാലാവധി കഴിയുകയും വിസ പുതുക്കേണ്ടതായി വരികയും ചെയ്യും. ഇതിനിടയിൽ മൂന്നോ നാലോ മാസങ്ങൾ വളരെ വേഗം കടന്നുപോകും. ഈ പ്രതിസന്ധികൾ താങ്ങാനാകാതെ മൂന്നോ നാലോ മാസത്തിനുള്ളിൽ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുന്ന നിരവധി ആളുകളെ താൻ നേരിട്ട് കണ്ടിട്ടുണ്ടെന്ന് യുവതി വ്യക്തമാക്കുന്നു. ഈ സാഹചര്യങ്ങൾ തരണം ചെയ്യാൻ പ്രാപ്തരാണെങ്കിൽ മാത്രം ദുബായിലേക്ക് വരികയെന്നാണ് അവരുടെ ഉപദേശം.

'എന്തും നേരിടാനുള്ള തയ്യാറെടുപ്പ് വേണം'

"ആരെയും നിരാശപ്പെടുത്താനല്ല ഞാൻ ഇത് പറയുന്നത്. എനിക്ക് നേരിട്ട അനുഭവങ്ങളിൽ നിന്നുള്ള യാഥാർത്ഥ്യങ്ങൾ പങ്കുവെക്കുന്നുവെന്ന് മാത്രം. വ്യാജ പ്രതീക്ഷകൾ നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്തിനും തയ്യാറായി വേണം ഇങ്ങോട്ട് വരാൻ." എന്ന് റീൽസിന് നൽകിയ അടിക്കുറിപ്പിൽ ലാഡ്‌ലി കുറിച്ചു. വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് ലാഡ്‌ലിയുടെ വാക്കുകളെ പിന്തുണച്ച് രംഗത്തെത്തിയത്. "കഠിനമായ മാനസിക സമ്മർദ്ദങ്ങളെ തരണം ചെയ്യുന്നവർക്ക് മാത്രമേ ദുബായിൽ വിജയിക്കാൻ സാധിക്കൂ" എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, പറഞ്ഞ കാര്യങ്ങൾ തികച്ചും സത്യസന്ധമാണെന്ന് മറ്റു പലരും അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

16 കോടി മുടക്കി പണിതു, ഉദ്ഘാടനം കഴിഞ്ഞ് 16 -ാം ദിവസം റോഡ് തകർന്നു; വീഡിയോ വൈറൽ
'നിങ്ങളുടെ വരൻ, എന്‍റെ നിയമപരമായ ഭർത്താവ്'; വിവാഹ വേദിയിലെത്തിയ യുവതി വധുവിനോട്, പിന്നാലെ പോലീസും, വീഡിയോ