
പിറന്നാൾ ദിനത്തിൽ വിമാനയാത്രയ്ക്കെത്തിയ അച്ഛനെ കാത്തിരുന്നത് അപ്രതീക്ഷിതമായൊരു സർപ്രൈസ്. യാത്രക്കാരനായി വിമാനത്തിൽ കയറിയ അച്ഛനെ ഇന്‍ഡിഗോ വിമാനത്തിലെ കാബിൻ ക്രൂ അംഗമായ സ്വന്തം മകൾ യൂണിഫോമിലെത്തി സ്വീകരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ശ്വേത പാണ്ഡേ എന്ന ഫ്ലൈറ്റ് അറ്റൻഡന്‍റാണ് തന്‍റെ അച്ഛന് മറക്കാനാകാത്ത ഒരു പിറന്നാൾ സമ്മാനം ഒരുക്കിയത്. മകൾ തന്നെയാണ് വിമാനത്തിലെ ജീവനക്കാരിയെന്ന വിവരം അച്ഛന് നേരത്തെ അറിയില്ലായിരുന്നു. മാത്രമല്ല, അദ്ദേഹം മകളെ അവളുടെ ഔദ്യോഗിക ഇൻഡിഗോ യൂണിഫോമിൽ നേരിൽ കാണുന്നതും ആദ്യമായിരുന്നു.
വിമാനത്തിലേക്ക് അച്ഛൻ കയറിയപ്പോൾ യൂണിഫോമിൽ പുഞ്ചിരിയോടെ ശ്വേത അദ്ദേഹത്തെ സ്വീകരിച്ചു. പെട്ടെന്ന് യൂണിഫോമിൽ മകളെ കണ്ട അദ്ദേഹത്തിന്‍റെ മുഖം ഒരു ഞെടിയിട നേരം അമ്പരക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. പിന്നാലെ മകൾ അച്ഛന്‍റെ കാൽതൊട്ട് അനുഗ്രഹം വാങ്ങുന്നു. അപ്രതീക്ഷിതമായി മകളെ മുന്നിൽ കണ്ടതോടെ അച്ഛന്‍റെ മുഖത്ത് അതിശയവും സന്തോഷവും നിറയുന്നതും വീഡിയോയിൽ വ്യക്തമാണ്.
“അച്ഛന്‍റെ പിറന്നാൾ ദിവസം അദ്ദേഹത്തെ സർപ്രൈസ് ചെയ്യാൻ തീരുമാനിച്ചു” എന്ന കുറിപ്പോടെയാണ് ശ്വേത വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. താൻ അദ്ദേഹത്തിന്‍റെ വിമാനത്തിലുണ്ടാകുമെന്ന് അച്ഛന് യാതൊരു അറിവുമുണ്ടായിരുന്നില്ലെന്നും, യൂണിഫോമിൽ തന്നെ ആദ്യമായി നേരിൽ കാണുകയായിരുന്നുവെന്നും അവർ കുറിപ്പിൽ വ്യക്തമാക്കി.
അച്ഛനും മകളും തമ്മിലുള്ള ഈ ഹൃദയസ്പർശിയായ നിമിഷം സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ വലിയ ശ്രദ്ധ നേടി. നിരവധി പേർ ഇത് അച്ഛനും മകളും തമ്മിലുള്ള മനോഹരമായ നിമിഷമാണെന്ന് അഭിപ്രായപ്പെട്ടു. അച്ഛന്‍റെ മുഖത്തെ സന്തോഷം തന്നെയാണ് ആ സർപ്രൈസിന്‍റെ ഏറ്റവും വലിയ തെളിവെന്നായിരുന്നു പലരും പ്രതികരിച്ചത്. “എത്ര മനോഹരമായ പിറന്നാൾ സമ്മാനം”, “അഭിമാനിക്കുന്ന അച്ഛന്‍റെ നിമിഷം” തുടങ്ങിയ നിരവധി കുറിപ്പുകളും വീഡിയോയ്ക്ക് ലഭിച്ചു.