
2025 -ലെ ഒസാക്ക എക്സ്പോ വേദി. എല്ലാവരുടെയും കണ്ണ് ആ അത്യാധുനിക മെഷീനിലേക്കയിരുന്നു. അതെ, മനുഷ്യനെ കഴുകി വെളുപ്പിക്കുന്ന യന്ത്രം. അന്ന് അതൊരു മോഡലായിരുന്നു. എക്സ്പോയിലെത്തുന്ന കാഴ്ചക്കാരെ പരിചയപ്പെടുത്താനുള്ള മോഡൽ. എന്നാലിന്ന് കമ്പനി അല്പം കൂടി മുന്നോട്ട് പോയിരിക്കുന്നു. മനുഷ്യനെ കുളിപ്പിക്കാനുള്ള മെഷീൻ വല്പനയ്ക്ക് എത്തിയിരിക്കുന്നു. ജാപ്പനീസ് സ്ഥാപനമായ സയൻസ് കോയാണ് മനുഷ്യനെ കഴുകി വെളുപ്പിക്കുന്ന യന്ത്രം വികസിപ്പിച്ചെടുത്തത്.
ഉപയോക്താവിനെ ഒരു വലിയ മെഷീനുള്ളിൽ കിടത്തുകയാണ് ആദ്യം ചെയ്യുന്നത്. ശേഷം അടപ്പ് പോലൊരു ഭാഗം വന്ന് മൂടുന്നു. പിന്നീട് പ്രവർത്തനങ്ങൾ തുടങ്ങുകയാണ്. ഒരു മനുഷ്യനെ പൂർണ്ണമായി കഴുകാനും ഉണങ്ങാനും അല്പം വിശ്രമിക്കാനും അനുവദിക്കുന്നു. 'ഭാവിയിലെ മനുഷ്യ വാഷർ' (human washer of the future,) എന്നാണ് ഈ യന്ത്രത്തിന്‍റെ വിളിപ്പേര്. മനുഷ്യ ശരീരത്തെ വൃത്തിയാക്കാൻ ഉയർന്ന മർദ്ദത്തിലുള്ള വാട്ടർ ജെറ്റുകൾ, മൈക്രോബബിളുകൾ, ഷവറുകൾ എന്നിവയാണ് പ്രധാനമായും ഈ യന്ത്രത്തിലുള്ളത്. ഏകദേശം 15 മിനിറ്റുകൊണ്ട് ഒരു മനുഷ്യനെ കഴുകി ഉണക്കാൻ ഈ മെഷീന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ശരീരം വൃത്തിയാക്കുക എന്നതിലുപരി, ഹൃദയമിടിപ്പ് പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ നിരീക്ഷിച്ച്, അതനുസരിച്ച് ജലത്തിന്‍റെ മർദ്ദം, താപനില, ഷവർ തീവ്രത എന്നിവ ക്രമീകരിക്കാനും ഈ യന്ത്രത്തിന് കഴിയും. ശാന്തമായി വിശ്രമിക്കാൻ സംഗീതവും സ്പാ-പോലുള്ള അന്തരീക്ഷവും യന്ത്രത്തിനുള്ളിൽ ഒരുക്കിയിട്ടുണ്ട്.ഈ പുതിയ കണ്ടുപിടുത്തം കൊണ്ട് ഉപഭോക്താവിന്‍റെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ഉന്മേഷഭരിതമാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഒസാക്ക എക്‌സ്‌പോയിലെ ശ്രദ്ധേയമായ പ്രദർശനത്തിന് ശേഷം ഈ ഉപകരണത്തിലുള്ള ജനങ്ങളുടെ താൽപ്പര്യം കുതിച്ചുയർന്നു. അത് മനസ്സിലാക്കിയ കമ്പനി, പിന്നാലെ വാണിജ്യ അടിസ്ഥാനത്തിലുള്ള നിർമാണത്തിലേക്ക് കടക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ 50 മെഷീനുകൾ മാത്രമേ നിർമ്മിക്കൂവെന്നാണ് കമ്പനി പറയുന്നത്. ആദ്യത്തെ യന്ത്രം ഇതിനകം തന്നെ ഒസാക്കയിലെ ഒരു ഹോട്ടൽ വാങ്ങി കഴിഞ്ഞു. 60 യെൻ ദശലക്ഷം അതായത് ഏകദേശം 3,85,000 യുഎസ് ഡോളറാണ് വിലയായി കണക്കാക്കുന്നത്. അതിനാൽ, ഒരു വീട്ടുപകരണമെന്നതിലുപരി ഒരു ഹൈ-എൻഡ് സ്പാ അല്ലെങ്കിൽ ഒരു ആഡംബര ഉൽപ്പന്നമായിട്ടാകും ഈ കുളിയെന്ത്രം വിപണിയിലേക്ക് എത്തുക.