
ഉപഭോക്താവാണെന്ന വ്യാജേന ജ്വല്ലറികളില്‍ കയറി സ്വർണ്ണവുമായി മുങ്ങുന്ന മോഷ്ടാക്കളുടെ എണ്ണം വർദ്ധിക്കുകയാണ്. വളരെ മാന്യമായി വസ്ത്രധാരണം ചെയ്ത് ഉപഭോക്താവാണെന്ന ഭാവത്തിലെത്തി വിശ്വാസം നേടിയ ശേഷം മാലയോ മറ്റ് വിലപിടിപ്പുള്ള ആഭരണങ്ങളോ മോഷ്ടിക്കുകയാണ് ഇവരുടെ രീതി. അത്തരമൊരു മോഷണത്തിന്‍റെ വഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഉത്തർപ്രദേശിലെ ബുദൗൺ ജില്ലയിലെ ഹൽവായ് ചൗക്ക് പ്രദേശത്തെ ജുഗൽ കിഷോർ പ്രഹ്ലാദി ലാൽ ജ്വല്ലേഴ്‌സിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
നവംബർ 28 ന് രാവിലെ 11:30 ഓടെ ഹൽവായ് ചൗക്ക് പ്രദേശത്തെ ജുഗൽ കിഷോർ പ്രഹ്ലാദി ലാൽ ജ്വല്ലേഴ്‌സിൽ നിന്നുള്ള സിസിടിവി വീഡിയോയില്‍ ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ സ്വർണാഭരണങ്ങൾ പരിശോധിക്കുന്നത് കാണാം. ജ്വല്ലറിയുടെ വാതിലിനോട് ചേർന്നുള്ള സ്ഥലത്ത് ഒരു മധ്യവയസ്കയായി സ്ത്രീയും അവരുടെ സമീപത്തായി ഒരു യുവാവും പിന്നെ മറ്റൊരാളും സ്വർണ്ണാഭരണങ്ങൾ പരിശോധിക്കുന്നു. ഇതിനിടെ തനിക്ക് മുന്നിലെ ട്രെയില്‍ നിന്നും മൂന്ന് സ്വർണമാലകൾ എടുത്തയാൾ സ്ത്രീയെ തട്ടിമാറ്റി പെട്ടെന്ന് ജ്വല്ലറിയില്‍ നിന്നും ഇറങ്ങിയോടുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാകാതെ മറ്റുള്ളവർ ഒരു നിമിഷത്തേക്ക് സ്തബ്ധരാകുന്നു. പിന്നാലെ ജ്വല്ലറിയുടെ തലയില്‍ കൈവച്ച് തന്‍റെ നഷ്ടത്തെ കുറിച്ച് അസ്വസ്ഥനാകുന്നതും കടയിലുണ്ടായിരുന്നയാൾ ജ്വല്ലറിയില്‍ നിന്നും പുറത്തിറങ്ങി മോഷ്ടാവ് പോയ ഭാഗത്തേക്ക് നോക്കുന്നതും വീഡിയോയില്‍ കാണാം. നാല് നാലര ലക്ഷം രൂപ വിലയുള്ള മൂന്ന് സ്വർണമാലകൾ മോഷണം പോയെന്ന് ജ്വല്ലറി ഉടമ പോലീസിൽ പരാതി നല്‍കി.
ജ്വല്ലറി ഉടമ ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കുകയും പോലീസെത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. അന്വേഷണം ആരംഭിച്ചെന്നും എത്രയും പെട്ടെന്ന് മോഷ്ടാവിനെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. വിവരം ലഭിച്ചയുടനെ പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു, അതിൽ നിരീക്ഷണ ദൃശ്യങ്ങൾ ഉൾപ്പെടുന്നു. കടയുടമയുടെ മൊഴിയും രേഖപ്പെടുത്തി, കള്ളനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റർ ചെയ്തതായും കള്ളനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ചിലര്‍ അയാൾ കള്ളനല്ലെന്നും നിവർത്തികേട് കൊണ്ട് ചെയ്തതാകാനാണ് സാധ്യതയെന്നും എഴുതി. 'എന്തുതന്നെയായാലും, അവൻ പിടിക്കപ്പെടും, ഒരുപക്ഷേ അവന് എന്തെങ്കിലും അത്യാവശം ഉണ്ടായിരുന്നിരിക്കാം. കാരണം കള്ളന്മാർ ഒരിക്കലും ഇങ്ങനെ ഓടിപ്പോകില്ല, ഇങ്ങനെയും വരികയുമില്ലെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. പിന്നാലെ തൊഴിലില്ലായ്മ കൂടുകയാമെന്ന് മറ്റ് ചിലരും അഭിപ്രായപ്പെട്ടു.