യുപിയിൽ കുട്ടികളുടെ മുഖത്ത് ആഞ്ഞടിച്ച് അധ്യാപിക; അവനവന്‍റെ ദേഷ്യം കുട്ടികളുടെ മുഖത്തല്ല തീർക്കേണ്ടതെന്ന് നെറ്റിസെന്‍സ്

Published : Nov 30, 2025, 10:07 AM IST
Teacher slaps students in UP

Synopsis

ഉത്തർപ്രദേശിലെ ഒരു സ്കൂളിൽ പാഠം പഠിക്കാത്തതിന് അധ്യാപിക കുട്ടികളെ മർദ്ദിക്കുന്നതിന്‍റെ വീഡിയോ വൈറലായി. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ രോഷത്തിന് കാരണമാവുകയും രക്ഷിതാക്കൾ പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

 

ത്തർപ്രദേശിലെ ഭ്‍ലുവാഹിനിയിലെ എൽബിഎസ് പബ്ലിക് സ്‌കൂളിൽ നിന്നുള്ള വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. പാഠങ്ങൾ പഠിക്കാത്തതിന് ക്ലാസിലെ മുഴുവന്‍ കുട്ടികളുടെയും മുഖത്ത് ആഞ്ഞടിക്കുന്ന ഒരു അധ്യാപികയുടെ വീഡിയോയായിരുന്നു അത്. നീല സാരി ധരിച്ച് ഹിന്ദിയിൽ സംസാരിക്കുന്ന അവര്‍ ഓരോ കുട്ടിയുടെയും അടുത്തെത്തി അവരുടെ മുഖത്ത് ആഞ്ഞടിക്കുന്നത് വീഡിയോയില്‍ കാണാം. ഒമ്പതോളം കുട്ടികളെയാണ് ഇവർ ഇത്തരത്തില്‍ പീഡിപ്പിക്കുന്നത്.

അമ്പരപ്പിക്കുന്ന വീഡിയോ

ഒരു കൈയില്‍ ഒരു മരവടിയും ഒരു ടെക്സ്റ്റ് പുസ്തകവും ടീച്ചറുടെ കൈയില്‍ കാണാം. പാഠങ്ങൾ എന്ത് കൊണ്ട് പഠിച്ചില്ല എന്ന് ചോദിച്ച് കൊണ്ട് അവര്‍ കുട്ടികളുടെ മുഖത്ത് ആഞ്ഞടിക്കുന്നു. ചില കുട്ടികൾ മാറാന്‍ ശ്രമിക്കുമ്പോൾ ഷർട്ടിൽ പിടിച്ച് വലിച്ച് അടുപ്പിച്ച് വീണ്ടും വീണ്ടും ഇവര്‍ മുഖത്ത് അടിക്കുന്നതും വീഡിയോയില്‍ കാണാം. ഈ സമയത്ത് കുട്ടികളുടെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടാകുന്നില്ല. യുപിയിലെ ജൗൻപൂരിലെ ബദ്‌ലാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭ്‍ലുഹിനിൽ നിന്നുള്ളതാണ് വീഡിയോ എന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ പറയുന്നു. കുട്ടികളെ തല്ലുന്നതിനിടെയില്‍ 'എല്ലാ ഉത്തരവാദിത്തവും എന്‍റെതാണോയെന്ന് അധ്യാപിക കുട്ടികളുടെ നേരെ ആക്രോശിക്കുന്നത് കേൾക്കാം. അധ്യാപികയുടെ ദേഷ്യം സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാന്‍ കഴിയില്ലെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ പറഞ്ഞു.

 

 

പരാതിപ്പെട്ട് രക്ഷിതാക്കൾ

സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ കുട്ടികളുടെ മാതാപിതാക്കൾ സ്കൂളിലെത്തി പ്രതിഷേധിച്ചു. സംഭവത്തിന്‍റെ വീഡിയോ അതിനകം സമൂഹ മധ്യങ്ങളില്‍ വൈറലായിരുന്നു. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിഷയം പരിശോധിക്കാണെന്ന് അറിയിച്ചു. ബദ്‌ലാപൂരിലെ എൽബിഎസ് പബ്ലിക് സ്‌കൂളിൽ നിന്നുള്ളതാണ് വീഡിയോയെന്ന് സ്ഥിരീകരിച്ചതായി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അരവിന്ദ് കുമാർ പാണ്ഡെ അറിയിച്ചു. സ്‌കൂളിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്സ് പ്ലാറ്റ് ഫോമിൽ മാത്രം രണ്ടര ലക്ഷത്തിന് മേലെ ആളുകളാണ് വീഡിയോ കണ്ടത്. മിക്കയാളുകളും അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. അധ്യാപികയ്ക്ക് കുട്ടികളുടെ കൈയിലോ അരയ്ക്ക് താഴെയോ അടിക്കാമായിരുന്നെന്നും എന്തിന് മുഖത്ത് അടിച്ചെന്നും ചിലര്‍ ചോദിച്ചു. മറ്റ് ചിലര്‍ കുട്ടികളെ തല്ലാന്‍ ഇവ‍ർക്ക് ആരാണ് അധികാരം നല്‍കിയതെന്ന് ചോദിച്ചു. ഒരു ക്ലാസിലെ മുഴുവന്‍ കുട്ടികളും പഠിച്ചിട്ടില്ലെങ്കിൽ അത് അവരുടെ അധ്യാപന മികവ് കൊണ്ടാണെന്നും കുറ്റം അധ്യാപികയുടേതെ തന്നെയാണെന്നും ചിലരെഴുതി. സ്വന്തം ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു അധ്യാപിക എങ്ങനെയാണ് കുട്ടികൾക്കൊപ്പം ചെലവഴിക്കാന്‍ കഴിയുകയെന്ന് ഒരു കാഴ്ചക്കാരന്‍ സംശയം ചോദിച്ചു. കുടുംബ പ്രശ്നങ്ങൾ കുട്ടികളുടെ മേലല്ല തീർക്കേണ്ടതെന്ന് മറ്റ് ചിലരെഴുതി.

PREV
Read more Articles on
click me!

Recommended Stories

'അന്ന് കിടുകിടാ വിറപ്പിച്ചിരുന്ന സ്ട്രിക്ട് ടീച്ചറാണ്'; 10 വർഷത്തിന് ശേഷം അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോള്‍ സംഭവിച്ചത്, വീഡിയോ
രാത്രി 10 മണി, കരഞ്ഞുകലങ്ങിയ കണ്ണുകളോടെ വാതിൽ തുറന്ന് യുവതി, ഓർഡർ ചെയ്തത് എലിവിഷം, അപകടം മണത്ത് ബ്ലിങ്കിറ്റ് ഏജന്റ്