
ചിലർക്ക് മൃഗങ്ങളെ പേടിയാണ്. പാമ്പ്, മുതല തുടങ്ങി പല ജീവികളേയും പേടിയുള്ളവരുണ്ട്. എന്തിനേറെ പറയുന്നു, അവയുടെ വീഡിയോ പോലും കാണാൻ ധൈര്യമില്ലാത്തവരും അനേകമാണ്. എന്നാൽ, ചില മനുഷ്യർക്കാവട്ടെ ഇത്തരം ജീവികളോട് ഇടപഴകുന്നതിന് യാതൊരു ഭയമോ സങ്കോചമോ ഇല്ല. അത് ചിലപ്പോൾ ഇടപഴകിയുള്ള പരിചയം കൊണ്ടാവാം. ആത്മവിശ്വാസമോ, അമിതാത്മവിശ്വസമോ ആവാം, ചിലരുടെ ജോലിയും ആവാം.
എന്തായാലും, സോഷ്യൽ മീഡിയയിൽ അത്തരം വീഡിയോകൾക്ക് യാതൊരു പഞ്ഞവും ഇല്ല. അതിന് ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ. നേച്ചർ ഈസ് അമേസിങ് എന്ന അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒരു കൂറ്റൻ അമേരിക്കൻ മുതലയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
അതിന് വെറും കൈകൊണ്ട് ഭക്ഷണം നൽകുന്ന ഒരാളെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോ തുടങ്ങുമ്പോൾ തന്നെ മുതല വെള്ളത്തിൽ നിന്നും കരയിലേക്ക് കയറി വരുന്നത് കാണാം. അതിന്റെ വലിപ്പം കാണുമ്പോൾ തന്നെ ആരായാലും ഒന്ന് ഭയന്നു പോവും.
എന്നാൽ, അവിടെ നിൽക്കുന്നയാൾക്ക് അത്തരമൊരു വികാരമേ ഇല്ല. അയാൾ നഗ്നമായ തന്റെ കരങ്ങൾ കൊണ്ട് മുതലയ്ക്ക് ഭക്ഷണം കൊടുക്കുന്നതാണ് പിന്നെ വീഡിയോയിൽ കാണുന്നത്. മുതല അയാളുടെ കൈ അടക്കം കടിക്കാനായി ആയുന്നതും വീഡിയോയിൽ കാണാം. വിഡ്ഢി എന്നാണ് ഇയാളെ വീഡിയോയുടെ കാപ്ഷനിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഇയാളെ വിമർശിച്ചുകൊണ്ട് ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. ഇയാൾ ഒരു വിഡ്ഢിയാണ് എന്നും വെറുതെ അപകടം വിളിച്ച് വരുത്തുകയാണ് എന്നുമാണ് പലരും വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്.