
കാനഡയിലെ ടൊറൻ്റോയിൽ നിന്നുള്ള ഒരു മനുഷ്യൻ വിചിത്രമായ തൻ്റെ ഒരു സ്വപ്നസാക്ഷാത്കാരത്തിനായി സഞ്ചരിച്ചത് 1105 കിലോമീറ്ററെന്ന് പോസ്റ്റ്. ഫിറ്റ്‌നസും സാങ്കേതികവിദ്യയും കലയും സംയോജിപ്പിച്ചുകൊണ്ടുള്ള ആ യാത്ര ഇപ്പോൾ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയാണ്.
തൻറെ റൂട്ട് മാപ്പിൽ ഒരു വലിയ നൃത്തരൂപം സൃഷ്ടിക്കുക എന്നതായിരുന്നത്രെ ഇയാളുടെ ലക്ഷ്യം. അതിനായി ഒരു ജിപിഎസ് ട്രാക്കിംഗ് ആപ്പ് ഉപയോഗിച്ച് അദ്ദേഹം തൻ്റെ റൂട്ടുകൾ സൂക്ഷ്മമായി ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ആയിരുന്നു. ഇപ്പോൾ വൈറലായ ഒരു പോസ്റ്റ് അനുസരിച്ച്, തൻറെ ആഗ്രഹം പൂർത്തീകരിക്കാനായി അദ്ദേഹം ഒരു വർഷം കൊണ്ടാണ് ഈ യാത്ര പൂർത്തിയാക്കിയത്.
ഔട്ട് ഓഫ് കോൺടെക്‌സ് ഹ്യൂമൻ റേസ് എന്ന യൂസറാണ് X -ൽ ഈ കൗതുകകരമായ പോസ്റ്റ് പങ്കുവെച്ചത്. അദ്ദേഹത്തിൻറെ കുറിപ്പ് ഇങ്ങനെയാണ്, "ടൊറൻ്റോയിലുള്ള ഒരു മനുഷ്യൻ ഒരു വർഷത്തിൽ 1,105 കിലോമീറ്റർ (687 മൈൽ) ഓടി. ആ യാത്ര ഒരു നൃത്തരൂപത്തിലാകാൻ തന്റെ വഴികൾ അദ്ദേഹം ശ്രദ്ധാപൂർവ്വം പ്ലാൻ ചെയ്തു." റൂട്ട് മാപ്പിന്റെ ആനിമേറ്റഡ് ചിത്രം പ്രദർശിപ്പിക്കുന്ന ഒരു ജിഫും ഉപയോക്താവ് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പോസ്റ്റ് വൈറൽ ആയതോടെ ഏകദേശം 12.7 ദശലക്ഷം ആളുകൾ ഇത് കണ്ടു. എന്നാൽ, ഇത്തരത്തിൽ ഒരു യാത്ര നടത്തിയ വ്യക്തി ആരാണ് എന്നതിനെ കുറിച്ച് പോസ്റ്റിൽ വ്യക്തമാക്കാത്തതിനെ നിരവധി പേർ വിമർശിച്ചു. അതുകൊണ്ടുതന്നെ ഇത് സത്യമാണെന്ന് യാതൊരു ഉറപ്പുമില്ല എന്നും പലരും അഭിപ്രായപ്പെട്ടു. എന്നാൽ സത്യമാണെങ്കിൽ ആ യാത്രക്കാരൻ തീർച്ചയായും വലിയ അഭിനന്ദനം അർഹിക്കുന്നു എന്നും അഭിപ്രായങ്ങൾ ഉയർന്നു.