
എന്തൊരു ദയയില്ലാത്ത ലോകം, എത്ര ക്രൂരമായ ലോകം, ഇങ്ങനെയൊക്കെ നാം പലപ്പോഴും പറയാറുണ്ട്. എന്നാൽ, ഒറ്റക്കാഴ്ച മതി ചിലപ്പോൾ നമ്മൾ അതിനെയെല്ലാം തിരുത്തിപ്പറയാൻ. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നത്.
വൈറലായി കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ കാണുന്നത്, അഴുക്കുവെള്ളവും മാലിന്യവും നിറഞ്ഞ ഒരു ഓടയിൽ വീണ പശുവിനെ അതിലിറങ്ങി രക്ഷിക്കുന്ന ഒരു യുവാവിനെയാണ്. ഹീറോ എന്നാണ് ഇയാളെ സോഷ്യൽ മീഡിയ വിളിക്കുന്നത്.
veera__singam എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. 'ഇവിടെ ഇപ്പോഴും മനുഷ്യത്വം ഉണ്ടോ' എന്ന ചോദ്യത്തോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഒരു ഓടയ്ക്ക് ചുറ്റും ആളുകൾ കൂടി നിൽക്കുന്നത് കാണാം. ഓടയിൽ ഒരു പശു വീണിട്ടുണ്ട്. എന്നാൽ, അതിനെ അതിൽ നിന്നും കയറ്റാൻ കഴിയുന്നില്ല.
അപ്പോഴാണ് യുവാവ് ആ ഓടയിലേക്ക് ഇറങ്ങുന്നത്. അതും നിറയെ മാലിന്യങ്ങളും അഴുക്കുവെള്ളവും നിറഞ്ഞതാണ് ഓട. യുവാവ് ഓടയിലേക്കിറങ്ങിയ ശേഷം പശുവിനെ അതിൽ നിന്നും പുറത്ത് കടത്താൻ ശ്രമിക്കുന്നതാണ് പിന്നീട് കാണുന്നത്. നിറയെ ആളുകളെ കണ്ടതിനാലും ഓടയിൽ വീണതിനാലും ഭയന്നും പരിഭ്രമിച്ചും നിൽക്കുന്ന പശുവിനെ പുറത്ത് തട്ടിയും മറ്റും യുവാവ് ആശ്വസിപ്പിക്കുന്നതും കാണാം.
ഒടുവിൽ, പുറത്ത് നിൽക്കുന്നവരുടെ കൂടി സഹായത്തോടെ യുവാവ് പശുവിനെ ഓടയിൽ നിന്നും കയറ്റുന്നതാണ് കാണുന്നത്. പുറത്തെത്തിയ പശുവിന്റെ ദേഹത്ത് നിന്നും കയർ അഴിച്ചെടുക്കുന്നതും പശു അവിടെ നിന്നും നടന്ന് പോകുന്നതും വീഡിയോയിൽ കാണാം.
വീഡിയോയിലുള്ള യുവാവിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരാണ് കമന്റ് നൽകിയിരിക്കുന്നത്. വലിയ കാര്യമാണ് ചെയ്തത് എന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും ഒക്കെ കമന്റ് നൽകിയവരുണ്ട്.