
തന്നേക്കാൾ ദുർബലരെന്ന് കരുതുന്നവരെ ആക്രമിക്കുന്ന സ്വഭാവം പലപ്പോഴും മനുഷ്യരിൽ കണ്ടുവരാറുണ്ട്. അത് മാത്രമല്ല, മൃഗങ്ങളോടും മിണ്ടാപ്രാണികളോടും ക്രൂരത കാണിക്കുക, അവയെ അക്രമിക്കുക എന്നതൊക്കെ വിനോദങ്ങളായി കൊണ്ടുനടക്കുന്ന മനസാക്ഷിയില്ലാത്ത അനേകം മനുഷ്യരും നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലുള്ള നിരവധി വീഡിയോകൾ ഓരോ ദിവസവും എന്നോണം സോഷ്യൽ മീഡിയയിൽ നാം കാണാറുണ്ട്. അതുപോലെയുള്ള ഞെട്ടിക്കുന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പശ്ചിമ ബംഗാളിൽ നിന്നും പുറത്ത് വരുന്നത്.
പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരാൾ ഒരു നായയെ ഉപദ്രവിക്കുന്നതും അതിനെ അടുത്തുള്ള ഓടയിലേക്ക് വലിച്ചെറിയുന്നതുമാണ്. കണ്ണില്ലാത്ത ഈ ക്രൂരത ഇയാൾ കാണിച്ചത് വെറും തമാശയ്ക്കാണ്. അയാളുടെ രസത്തിന് വേണ്ടിയാണ്. നായയെ ഓടയിലേക്ക് വലിച്ചെറിഞ്ഞ ശേഷം താൻ ചെയ്ത പ്രവൃത്തിയിൽ തരിമ്പും കുറ്റബോധമില്ലാതെ ഇയാൾ ചിരിക്കുന്നതും ആ ക്രൂരമായ പ്രവൃത്തി ആസ്വദിക്കുന്നതുപോലെ നിൽക്കുന്നതും കാണാം.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇത് മൃഗസ്നേഹികളുടെയും മൃഗസംരക്ഷണ പ്രവർത്തകരുടേയും വലിയ രോഷത്തിന് കാരണമായി തീർന്നു. 'ദ വോയ്‌സ് ഓഫ് സിലിഗുരി' പറയുന്നത് പ്രകാരം നായയെ ഓടയിലേക്ക് വലിച്ചെറിഞ്ഞയാൾക്കെതിരെ മൃഗസംരക്ഷണ പ്രവർത്തകർ കേസ് കൊടുത്തിട്ടുണ്ട്. പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.
വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ വലിയ പ്രതിഷേധവും രോഷവുമാണ് വീഡിയോയിൽ കാണുന്ന യുവാവിനെതിരെ ഉയരുന്നത്. ഇയാളെ ഉടനടി തന്നെ അറസ്റ്റ് ചെയ്യണമെന്നും തെരുവുനായയോട് ഇത്തരത്തിൽ ഒരു ക്രൂരത കാണിച്ചതിന് തക്കതായ ശിക്ഷ തന്നെ ഇയാൾക്ക് നൽകണം എന്നും ആളുകൾ ആവശ്യപ്പെട്ടു.
എന്തിനിത് ചെയ്യുന്നു? പിഞ്ചുകുഞ്ഞുമായി ടെറസില്‍ അമ്മയുടെ അപകടകരമായ റീല്‍; വീഡിയോയ്ക്ക് രൂക്ഷവിമർശനം