
ഇന്ന് പല രാജ്യങ്ങളിലും ഉള്ളവർ പരസ്പരം വിവാഹം കഴിക്കാറുണ്ട്. ഇന്ത്യക്കാരും വിദേശികളെ വിവാഹം ചെയ്യാറുണ്ട്. പലപ്പോഴും സംസ്കാരങ്ങൾ തമ്മിലുള്ള കൂടിച്ചേരലാണ് ഇത്തരം വിവാഹങ്ങൾ എന്ന് പറയാം. എന്നാൽ, അതേസമയം തന്നെ മറ്റൊരു സംസ്കാരത്തിൽ ഉള്ളവർക്ക് ഇതൊന്നും അങ്ങനെ തിരിച്ചറിയാൻ സാധിക്കണം എന്നുമില്ല. ഉദാഹരണത്തിന് വളരെ വ്യത്യസ്തമായ ആചാരങ്ങളും ആഘോഷങ്ങളും എല്ലാം ചേർന്നതാണ് ഇന്ത്യയിലെ സംസ്കാരം. എന്നാൽ, പല വിദേശരാജ്യങ്ങളിലും അത് അങ്ങനെയല്ല.
എന്തായാലും, ഇന്ത്യക്കാരനായ ഒരു യുവാവിനെ വിവാഹം കഴിച്ച ഒരു വിദേശ വനിത പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. യുവതിയുടെ ഭർത്താവ് ഗോവയിൽ നിന്നുള്ള ആളാണ്. കുടുംബമായി ഇപ്പോൾ യുഎസ്എയിലാണ് താമസിക്കുന്നത്. യുഎസ്എയിൽ നിന്നും തനിക്ക് നേരിടേണ്ടി വരുന്ന ചില വിചിത്രമായ ചോദ്യങ്ങൾ എന്ന് പറഞ്ഞാണ് യുവതി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
യുവതി, മംഗൾസൂത്രയും മിഞ്ചിയും ബിന്ദിയും ഒക്കെ അണിഞ്ഞ് നടക്കാറുണ്ട്. അതൊക്കെ എന്തുകൊണ്ടാണ് എന്ന് ആളുകൾ ചോദിക്കുന്നു എന്നാണ് യുവതിയുടെ പരാതി. എന്തിനാണ് ബിന്ദി ധരിക്കുന്നത്, മിഞ്ചി ധരിക്കുന്നത്, മംഗൾസൂത്ര ധരിക്കുന്നത്, വളകൾ ധരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾ തന്നോട് ചോദിക്കുന്നു എന്നാണ് യുവതി പറയുന്നത്. ഒപ്പം യുവതി പറയുന്നത് താൻ വിവാഹം കഴിച്ചത് ഇന്ത്യയിലെ ഒരു ഹിന്ദുവിനെയാണ്. അവർ ഇതൊക്കെ ധരിക്കുന്നത് സാധാരണയല്ലേ? അത് അറിയില്ലേ എന്നാണ്.
യുവതി പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് ഒരുപാടുപേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. മറ്റുള്ളവർക്ക് ഇതൊക്കെ അറിഞ്ഞിട്ട് എന്തിനാണ് എന്നാണ് പലരും കമന്റിൽ ചോദിച്ചിരിക്കുന്നത്. മറ്റൊരു യൂസർ രസകരമായി കുറിച്ചത്, ഇന്ത്യയിൽ ഇതൊന്നും ധരിക്കാത്തതിനാണ് ആളുകൾ തന്നോട് ചോദ്യങ്ങൾ ചോദിക്കുന്നത് എന്നാണ്.