
10 വർഷം യുഎസ്സിൽ താമസിച്ച താൻ എന്തുകൊണ്ടാണ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത് എന്നതിന്റെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ സംരംഭകൻ. വിസ പ്രശ്നമോ ജോലി നഷ്ടപ്പെട്ടതോ ഒക്കെ ആയിരിക്കാം തന്റെ മടങ്ങിവരവിന് കാരണമെന്ന് പലരും കരുതിയിരുന്നു. എന്നാൽ, അതൊന്നുമല്ല താൻ നാട്ടിലേക്ക് മടങ്ങാൻ കാരണം. ഇന്ത്യയിലേക്ക് മടങ്ങിയ ആ തീരുമാനത്തിൽ താൻ ഒട്ടും ഖേദിക്കുന്നില്ല എന്നും ആർക്ക്അലൈൻഡിൻ്റെ (ArcAligned) സഹസ്ഥാപകനും സിഇഒയുമായ അനിരുദ്ധ അഞ്ജന പറയുന്നു.
ഇൻസ്റ്റഗ്രാമിലാണ് അനിരുദ്ധ ഇതുമായി ബന്ധപ്പെട്ട വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആളുകൾ കരുതുന്നത് പോലെ ജോലിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളോ, പിരിച്ചുവിടലോ, ഇമിഗ്രേഷൻ പ്രശ്നങ്ങളോ ഒന്നുമായിരുന്നില്ല താൻ മടങ്ങി വരാൻ കാരണമായി തീർന്നത്. മറിച്ച് തന്റെ മാതാപിതാക്കൾക്ക് പ്രായമായി, അവർക്കൊപ്പം നിൽക്കാൻ താൻ ആഗ്രഹിച്ചതിനാലാണ് 10 വർഷം യുഎസ്സിൽ കഴിഞ്ഞ ശേഷം ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചത് എന്നും അനിരുദ്ധ പറയുന്നു.
എൻ്റെ മാതാപിതാക്കൾക്ക് എന്നെ ആവശ്യമുള്ളതിനാലാണ് 10 വർഷത്തിലധികം യുഎസിൽ കഴിഞ്ഞതിന് പിന്നാലെ ഞാൻ ഇന്ത്യയിലേക്ക് മടങ്ങിയത്. അതേക്കുറിച്ച് അവസാനമായി പോസ്റ്റ് ചെയ്തപ്പോൾ, എന്റെ ജോലി നഷ്‌ടപ്പെട്ടിട്ടുണ്ടാകാം, വിസയിൽ പ്രശ്‌നങ്ങൾ ഉള്ളതുകൊണ്ടാവാം എന്നൊക്കെയുള്ള അനേകം കമന്റുകൾ ഉണ്ടായിരുന്നു എന്നാണ് അനിരുദ്ധ തന്റെ പോസ്റ്റിൽ പറയുന്നത്.
പക്ഷെ യഥാർത്ഥ കാരണം ഇതാണ്, എനിക്കായി ഒരുപാട് ത്യാഗങ്ങൾ ചെയ്തവരാണ് എൻ്റെ മാതാപിതാക്കൾ. അവർ ഒരിക്കലും എന്നോട് മടങ്ങി വരാൻ ആവശ്യപ്പെടില്ല. പക്ഷേ, അവർക്കൊപ്പം സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിച്ചു എന്നും അനിരുദ്ധ പറയുന്നു.
അവരുടെ മുഖത്തെ പുഞ്ചിരിയേക്കാള്‍ പ്രധാനമായി മറ്റെന്തുണ്ട്? ഒരു വർഷത്തിന് ശേഷം ആലോചിക്കുമ്പോഴും തന്റെ തീരുമാനത്തിൽ ഒട്ടും ഖേദിക്കുന്നില്ല, ജീവിതത്തിൽ എടുത്ത മികച്ച തീരുമാനമായിരുന്നു അത് എന്നും അനിരുദ്ധ പറഞ്ഞു. നിരവധിപ്പേരാണ് അനിരുദ്ധയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. അച്ഛനും അമ്മയ്ക്കും വേണ്ടി ഇങ്ങനെ ഒരു തീരുമാനം എടുത്തതിന് പലരും അനിരുദ്ധയെ അഭിനന്ദിച്ചു.