
മുംബൈയിലെ തെരുവുകൾ എപ്പോഴും വിവിധങ്ങളായ സർപ്രൈസുകൾ കാത്തുവയ്ക്കുന്നവയാണ് എന്ന് പറയാറുണ്ട്. എന്നാൽ, ഈ ഓട്ടോക്കാരൻ അതുക്കും മേലെ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്. തന്റെ ഓട്ടോയെ അങ്ങനെ തന്നെ ഒരു കരോക്കെ സ്റ്റേജ് പോലെ ആക്കിയെടുക്കുകയാണ് ഈ ഓട്ടോ ഡ്രൈവർ ചെയ്തിരിക്കുന്നത്.
ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ കാണുന്നത് 1979 -ൽ നിന്നുള്ള 'ഫിർ വഹി രാത് ഹൈ' എന്ന ക്ലാസിക്കൽ ബോളിവുഡ് സോങ് ഡ്രൈവർ പാടുന്നതാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ഓട്ടോയും ഡ്രൈവറുടെ പാട്ടും കേൾക്കാം എന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ ശബ്ദവും ഓട്ടോയ്ക്കകത്തെ അതിനോട് ചേർന്ന് നിൽക്കുന്ന അലങ്കാരങ്ങളും ഒരുപോലെ നെറ്റിസൺസിനെ ആകർഷിച്ചു.
മനോജ് ബഡ്കർ എന്ന യൂസറാണ് ആദ്യം ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്. അത് ഏഴ് ലക്ഷത്തിലധികം പേരാണ് കണ്ടത്. പോസ്റ്റിൻ്റെ കാപ്ഷനിൽ പറയുന്നത് പ്രകാരം, ശനിയാഴ്ച രാത്രി 11 മണിയോടെ മുംബൈയിലെ ജുഹു പ്രദേശത്ത് നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്.
ഒരു സ്റ്റേജ് പോലെ അലങ്കരിച്ച തന്റെ ഓട്ടോയിലിരുന്നുകൊണ്ട് ഇയാൾ പാടുന്നത് വീഡിയോയിൽ കാണാം. ഓട്ടോയിൽ നിറയെ വിവിധ നിറത്തിലുള്ള ലൈറ്റുകൾ തെളിഞ്ഞിരിക്കുന്നതും കാണാം.
നിരവധിപ്പേരാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഒരാൾ കമന്റ് നൽകിയത് ഈ ഓട്ടോ ഡ്രൈവർ അയാളുടെ ജീവിതം പൂർണമായും ആസ്വദിക്കുകയാണ് എന്നാണ്. ആളുടെ പാട്ടും ഓട്ടോയും കൊള്ളാം എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. എന്തായാലും, മുംബൈയിൽ നിന്നുള്ള ഒരു വേറിട്ട കാഴ്ച തന്നെയാണ് ഈ ഓട്ടോയും ഓട്ടോ ഡ്രൈവറും എന്ന കാര്യത്തിൽ സംശയമില്ല.