മഹാരാഷ്ട്രയിലെ ബീഡിൽ ഒരു കുടുംബം 200 വർഷത്തെ കാത്തിരിപ്പിന് ശേഷം പെൺകുഞ്ഞ് പിറന്നത് ഗംഭീരമായി ആഘോഷിച്ചു. ഗാർഗി എന്ന് പേരിട്ട കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിൽ നിന്ന് പൂക്കൾ അലങ്കരിച്ച രഥത്തിൽ ഘോഷയാത്രയായാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. പെൺഭ്രൂണഹത്യക്ക് പേരുകേട്ട ജില്ലയിൽ നിന്നുള്ള ഈ ആഘോഷം ശക്തമായ ഒരു സാമൂഹിക സന്ദേശം നൽകുന്നു.

കദേശം 200 വർഷത്തെ കാത്തിരിപ്പിന് ശേഷം കുടുംബത്തിൽ പെൺകുഞ്ഞ് പിറന്നതിന്‍റെ സന്തോഷം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് മഹാരാഷ്ട്രയിലെ ബീഡിലെ ദഹിഫാലെ കുടുംബം. പരളി മേഖലയിലെ ഒരു കുടുംബത്തിലാണ് നാല് തലമുറകൾക്ക് ശേഷം ആദ്യമായി ഒരു പെൺകുഞ്ഞ് ജനിച്ചത്. പൂക്കൾ കൊണ്ട് അലങ്കരിച്ച രഥത്തിലായിരുന്നു ആശുപത്രിയിൽ നിന്ന് കുഞ്ഞിനെയും അമ്മയെയും വീട്ടിലേക്ക് കൊണ്ടുവന്നത്. ഒപ്പം ചെണ്ടമേളവും താളവാദ്യങ്ങളും നൃത്തവും ഉൾപ്പെടെയുള്ള ആഘോഷവും നടന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഗാർഗിയുടെ ജനനം ആഘോഷിച്ച് ഗ്രാമം

ലോകമെങ്ങും പെൺകുട്ടികളുടെ ജനനത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. പെൺകുട്ടികളുടെ ജനനസംഖ്യയിൽ ക്രമാധീതമായ കുറവുണ്ടാകുന്നതിന് വിശ്വാസവും സാംസ്കാരികവുമായ നിരവധി കാരണങ്ങളുണ്ടായിരുന്നു. എന്നാൽ, ഇന്ന് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞിരിക്കുന്നു. പെൺ കുട്ടികളുടെ ജനനം ആളുകൾ ആഘോഷിച്ച് തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റ് 24- നാണ് പരളി മേഖലയിലെ ദഹിഫാലെ കുടുംബത്തിൽ 200 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു കുഞ്ഞ് ജനിക്കുന്നത്.

View post on Instagram

വേദകാലത്തെ പണ്ഡിതയും ദാർശനികയുമായ 'ഗാർഗി'യുടെ പേരാണ് കുടുംബം കുഞ്ഞിന് നൽകിയിരിക്കുന്നത്. ആശുപത്രിയിൽ നിന്ന് ഓഗസ്റ്റ് 29 -ന് ഡിസ്ചാർജ് ചെയ്ത ശേഷം അമ്മയെയും കുഞ്ഞിനെയും പ്രത്യേക രഥത്തിൽ ഘോഷയാത്രയായാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ആഘോഷത്തിൽ പങ്കുചേർന്നു. വഴിയിലുടനീളം പൂക്കൾ വിതറുകയും നർത്തകർ ചുവട് വയ്ക്കുകയും ചെയ്തതോടെ പ്രദേശമാകെ ഉത്സവാന്തരീക്ഷമായി.

'വലിയ ഭാഗ്യ'മെന്ന് കുടുംബം

കുടുംബത്തിലെ മുതിർന്ന അംഗമായ ലിംബാജി ദഹിഫളെ ഈ ജനനം വലിയ ഭാഗ്യമായാണ് വിശേഷിപ്പിച്ചത്. വർഷങ്ങളായി കുടുംബത്തിൽ ഒരു പെൺകുഞ്ഞ് ഇല്ലാത്തതിന്‍റെ വിഷമമുണ്ടായിരുന്നെന്നും ഇപ്പോൾ ആ ആഗ്രഹം സഫലമായെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു. കുഞ്ഞിന്‍റെ മുത്തശ്ശി സുരേഖ ദഹിഫളെയും ഒരു പെൺകുഞ്ഞ് വീട്ടിലെത്തിയതിൽ അതിയായ സന്തോഷം പ്രകടിപ്പിച്ചു. കുഞ്ഞ് ആണായാലും പെണ്ണായാലും ഒരു പോലെ ആഘോഷിക്കണമെന്ന ശക്തമായ സാമൂഹിക സന്ദേശവും ഈ ആഘോഷം മുന്നോട്ടുവയ്ക്കുന്നു. ഒരുകാലത്ത് പെൺഭ്രൂണഹത്യയുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉയർന്നിരുന്ന ഒരു ജില്ലയായിരുന്നു ബീഡ്. ഇന്ന് ബീഡിലെ ഈ ആഘോഷത്തിന് അതിനാൽ തന്നെ പ്രത്യേക സാമൂഹിക പ്രസക്തിയുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.