
വിമാനത്തിൽ ഡാൻസ് ചെയ്തതിന് പിന്നാലെ ജീവനക്കാരിയെ പിരിച്ചുവിട്ട് അലാസ്ക എയർലൈൻസ്. ഫ്ലൈറ്റ് അറ്റൻഡന്റായ നെല്ലെ ഡയലെയാണ് കമ്പനി പിരിച്ചുവിട്ടത്. അതോടെ, പുതിയ ജോലി കണ്ടെത്തുന്നതുവരെ സഹായം വേണമെന്നഭ്യർത്ഥിച്ച് അവൾ ഒരു 'ഗോഫണ്ട്മീ' പേജ് ആരംഭിച്ചിരിക്കുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം പ്രൊബേഷണറി പിരിയഡ് അവസാനിക്കാറാകുന്നതിന് മുമ്പായിരുന്നു നെല്ലെ വിമാനത്തിൽ വച്ച് യൂണിഫോമിൽ തന്നെ ഡാൻസ് ചെയ്യുന്നതും അത് വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ പങ്ക് വയ്ക്കുന്നതും. ട്വെർക്കിംഗ് മൂവുകളായിരുന്നു യുവതിയുടേത്. പിന്നാലെ, അവളെ കമ്പനി പിരിച്ചു വിടുകയായിരുന്നു.
വെറും ആറ് മാസം മാത്രമേ ആയിട്ടുള്ളൂ നെല്ലെ ജോലിക്ക് കയറിയിട്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഡാൻസിന് പിന്നാലെ അവൾക്ക് ജോലി നഷ്ടപ്പെടുകയായിരുന്നു. പിരിച്ചുവിട്ട ശേഷം വീണ്ടും ഈ വീഡിയോ അവൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
'നിങ്ങൾക്കൊരിക്കലും നിങ്ങളായിരിക്കാൻ കഴിയില്ലേ? ലോകം വളരെ സെൻസിറ്റീവാണ്. ജോലിക്ക് മുമ്പ് ഒരു ചെറിയ ട്വെർക്കിംഗ് ചെയ്യുന്നതിൽ എന്താണ് തെറ്റ്, ആളുകൾ ഒരിക്കലും തങ്ങളിത് ചെയ്യാത്തതുപോലെയാണ് പെരുമാറുന്നത്' എന്നായിരുന്നു അവൾ വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരുന്നത്.
വീഡിയോയിൽ വിമാനത്തിനകത്ത് നിന്നും ഡാൻസ് ചെയ്യുന്ന നെല്ലെയെ കാണാം. വിമാനത്തിൽ ആരും തന്നെ ഇല്ല. നെല്ലെ പറയുന്നത്, ഈ ചെറിയ കാര്യത്തിന് ജോലി പോകുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല, ജോലി പോയത് തന്നെ വളരെ ഏറെ തകർത്തു കളഞ്ഞു എന്നാണ്.
അതേസമയം വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് അഭിപ്രായങ്ങൾ പങ്കുവച്ചത്. ചിലരെല്ലാം നെല്ലെയെ പിരിച്ചുവിട്ടത് ശരിയായില്ല എന്നാണ് അഭിപ്രായപ്പെട്ടത്. അവൾക്ക് മുന്നറിയിപ്പ് നൽകിയാൽ മതിയായിരുന്നു എന്നും പലരും അഭിപ്രായപ്പെട്ടു. എന്നാൽ, മറ്റ് ചിലർ അഭിപ്രായപ്പെട്ടത്, യൂണിഫോമിൽ ആയിരിക്കെ ഇത് ചെയ്യാനുള്ള അവകാശമില്ല, അതിനാൽ ഈ നടപടിയിൽ പ്രശ്നമില്ല എന്നാണ്.