
ബെംഗളൂരുവിൽ നിന്നുള്ള വളരെ രസകരമായതും അപൂർവമായതും വിചിത്രമെന്ന് തോന്നുന്നതും ഒക്കെയായ അനേകം വീഡിയോകൾ ഓരോ ദിവസവും എന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ബെംഗളൂരുവിലെ തിരക്ക് പിടിച്ച ജീവിതവും ഒരിക്കലും കുരുക്കഴിയാത്ത ട്രാഫിക്കും ഒക്കെ ഇങ്ങനെ വീഡിയോകളിൽ പ്രത്യക്ഷപ്പെട്ട് പോകാറുണ്ട്. എന്തായാലും, ബെംഗളൂരുവിൽ നിന്നുള്ള അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
രാഹുൽ ജാഥവ് എന്ന യൂസറാണ് ഈ വീഡിയോ എക്സിൽ (ട്വിറ്ററിൽ) പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരക്കുള്ള റോഡിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ബാംഗ്ലൂരിൽ മുഷിവുണ്ടാക്കുന്ന നേരങ്ങളേ ഇല്ല എന്നും പറഞ്ഞാണ് യുവാവ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയിൽ കാണുന്നത് രണ്ട് യുവതികൾ ഒരു സ്കൂട്ടറിൽ പോകുന്നതാണ്. ദോഷം പറയരുതല്ലോ, രണ്ട് പേരും ഹെൽമെറ്റ് വച്ചിട്ടില്ല. വിവിധ വാഹനങ്ങൾക്ക് ഇടയിലൂടെ ഒക്കെ സ്കൂട്ടർ പോകുന്നത് കാണാം. എന്നാൽ, ഈ കാഴ്ചയെ ഏറെ കൗതുകകരമാക്കി മാറ്റുന്ന സംഗതി ഇതൊന്നും തന്നെ അല്ല. മുന്നിൽ വാഹനമോടിക്കുന്ന യുവതിയുടെ ചുമലിലായി ഒരു തത്ത ഇരിക്കുന്നത് കാണാം. അതാണ് ഈ കാഴ്ചയെ ആളുകൾക്ക് കൗതുകമുണ്ടാക്കുന്ന ഒന്നാക്കി മാറ്റിത്തീർത്തത്.
നേരത്തെയും ഇത് പോലെ ബെംഗളൂരുവിൽ നിന്നും കൗതുകമുണ്ടാക്കുന്ന അനേകം വീഡിയോകൾ വൈറലായി തീർന്നിരുന്നു. ട്രാഫിക്കിൽ സ്കൂട്ടറിലിരുന്ന് ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന ആളുകളും, മീറ്റിംഗിൽ പങ്കെടുക്കുന്ന ആളുകളും, സിനിമാ തിയറ്ററിലിരുന്ന് ജോലി ചെയ്യുന്ന ആളുകളും എല്ലാം ഇതിൽ പെടുന്നു.