ഇത്തവണയും മുടക്കമില്ല, ഇതെന്തൊരു കാഴ്ച! കൂടൊരുക്കാൻ കൂട്ടത്തോടെ തീരത്തെത്തി ഒലിവ് റിഡ്‌ലി കടലാമകൾ 

Published : Feb 22, 2025, 03:20 PM IST
ഇത്തവണയും മുടക്കമില്ല, ഇതെന്തൊരു കാഴ്ച! കൂടൊരുക്കാൻ കൂട്ടത്തോടെ തീരത്തെത്തി ഒലിവ് റിഡ്‌ലി കടലാമകൾ 

Synopsis

അലയടിക്കുന്ന തിരമാലകൾക്കിടയിലൂടെ തീരം ലക്ഷ്യമാക്കി നടന്നുവരുന്ന നൂറുകണക്കിന് കടലാമകളുടെ ദൃശ്യമാണ് വീഡിയോയിൽ ഉള്ളത്. തീരത്തെ മണലിൽ നിരവധി കടലാമകൾ വിശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

ഈ വർഷവും മുടക്കമില്ല, കൂടുണ്ടാക്കാൻ കൂട്ടത്തോടെ ഒഡീഷയുടെ തീരത്തെത്തി ഒലിവ് റിഡ്‌ലി കടലാമകൾ‍. എല്ലാ വർഷവും പ്രജനന കാലത്ത് (ഡിസംബർ മുതൽ മാർച്ച് വരെ) കടലാമകൾ ഇത്തരത്തിൽ കൂട്ടത്തോടെ വരുന്ന പ്രതിഭാസം അരിബാഡ (Arribada) എന്നാണ് അറിയപ്പെടുന്നത്. 

'കടൽ വഴിയുള്ള വരവ്' എന്നാണ് അരിബാഡ (Arribada)  എന്ന സ്പാനിഷ് വാക്കിന്റെ അർത്ഥം. ഈ പ്രതിഭാസം സാധാരണയായി രാത്രിയിലാണ് നടക്കുന്നതെങ്കിലും, അപൂർവങ്ങളിൽ അപൂർവമായി ഈ വർഷം പകൽസമയത്താണ് ഇവ കൂടുണ്ടാക്കുന്നത്. ഏകദേശം മൂന്ന് ലക്ഷത്തോളം കടലാമകൾ തീരത്ത് ഇതിനകം കൂടുകെട്ടിക്കഴിഞ്ഞു. വരുന്ന ആഴ്ചകളിൽ ഇനിയും എണ്ണം ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.  

വർഷം തോറും ഒരേ സ്ഥലത്തും ഒരേ സമയത്തും സംഭവിക്കുന്ന ഒരു സ്വാഭാവിക പ്രതിഭാസമാണിത്. പെൺകടലാമകൾ കടൽത്തീരത്ത് മുട്ടയിടാൻ കരയിലേക്ക് കൂട്ടത്തോടെ വരികയും കൂടൊരുക്കുകയുമാണ് ചെയ്യുന്നത്. 

ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് പ്രജനനത്തിനായി എത്തിയ കടലാമകളുടെ ദൃശ്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അലയടിക്കുന്ന തിരമാലകൾക്കിടയിലൂടെ തീരം ലക്ഷ്യമാക്കി നടന്നുവരുന്ന നൂറുകണക്കിന് കടലാമകളുടെ ദൃശ്യമാണ് വീഡിയോയിൽ ഉള്ളത്. തീരത്തെ മണലിൽ നിരവധി കടലാമകൾ വിശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

'ഒഡീഷയിൽ പ്രകൃതിയുടെ ദൃശ്യാവിഷ്‌കാരം അരങ്ങേറുകയാണ്. ഏകദേശം 3 ലക്ഷം ഒലിവ് റിഡ്‌ലി കടലാമകൾ വർഷത്തിലുള്ള കൂടൊരുക്കലിനായി എത്തിയിട്ടുണ്ട്, ഈ വർഷത്തെ കൂടൊരുക്കൽ പകൽസമയത്താണ് എന്നുള്ളതാണ് മറ്റൊരു അപൂർവത. സമുദ്ര ആവാസവ്യവസ്ഥയെ പരിപാലിക്കുന്നതിൽ ഈ കടലാമകൾ നിർണായക പങ്ക് വഹിക്കുന്നു, അവയുടെ തിരിച്ചുവരവ് ആരോഗ്യകരമായ ആവാസവ്യവസ്ഥയുടെ  അടയാളമാണ്' എന്നും വീഡിയോയ്ക്ക് ഒപ്പം ചേർത്ത കുറിപ്പിൽ സുപ്രിയ സാഹു കുറിച്ചു.

തമിഴ്നാട്ടിലെ കടൽത്തീര ബീച്ചുകളിലും ഒലിവ് റിഡ്‌ലി കടലാമകളുടെ സാന്നിധ്യം ഈ മാസം ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു.

ചെറുതവളയ്ക്ക് സംരക്ഷണം ഒരുക്കുന്ന ഭീമന്‍ ചിലന്തി; ചില മൃഗ സൌഹൃദങ്ങളെ കുറിച്ച് അറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും