
അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ യാത്രക്കാരന്‍റെ അക്രമാസക്തമായ പെരുമാറ്റത്തെ തുടർന്ന് വിമാനം അടിയന്തരമായി വഴിതിരിച്ചുവിട്ടു. ഡാലസ് - ഫോർട്ട് വർത്തിൽ നിന്ന് ന്യൂവാർക്കിലേക്ക് പോകുകയായിരുന്ന വിമാനമാണ് സംഭവത്തെ തുടർന്ന് ബാൾട്ടിമോർ - വാഷിങ്ടൺ ഇന്‍റർനാഷണൽ എയർപോർട്ടിൽ ഇറക്കിയത്. യാത്രക്കാരനെ നിയന്ത്രിക്കാൻ ജീവനക്കാരും സഹയാത്രികരും ചേർന്ന് ഇയാളെ സീറ്റിൽ ഡക്റ്റ് ടേപ്പും പ്ലാസ്റ്റിക് സിപ്പ് ടൈകളും ഉപയോഗിച്ച് ബന്ധിക്കുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി.
സെപ്റ്റംബർ 3 -നുണ്ടായ സംഭവത്തിൽ, വിമാനയാത്രയ്ക്കിടെ ഒരാൾ സഹയാത്രികനോട് തർക്കിക്കുകയും തുടർന്ന് ആക്രമണ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിമാന ജീവനക്കാർക്കെതിരെയും ഇയാൾ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതായി ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. സാഹചര്യം നിയന്ത്രണാതീതമായതോടെ വിമാനത്തിലെ ജീവനക്കാരും ചില യാത്രക്കാരും ഇടപെട്ടു. ഇതോടെ വിമാനത്തിനുള്ളിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു.
American Airlines passenger duct tape to his seat following unruly behavior onboard flight AA618 Thursday night.
Arthur Lundeen, 67, of Arizona, was restrained to his seat with duct tape and his hands were restrained with zip ties, according to the Maryland Transportation… pic.twitter.com/s79nORwCvh— Breaking Aviation News & Videos (@aviationbrk) September 5, 2026
വിമാനത്തിനുള്ളിൽ അക്രമം തുടരാനുള്ള സാധ്യത കണക്കിലെടുത്ത് മറ്റ് യാത്രക്കാർ ചേർന്ന് ഇയാളെ സീറ്റിൽ കെട്ടിയിട്ട ശേഷമാണ് പൈലറ്റ് വിമാനം ബാൾട്ടിമോറിലേക്ക് തിരിച്ചുവിടാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. വിമാനമിറങ്ങിയ ഉടൻ നിയമപാലകരെത്തി യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഉയർന്ന കുറ്റങ്ങൾ ചുമത്തിയതായും ഫെഡറൽ കുറ്റം ബാധകമാണോയെന്ന് അധികൃതർ പരിശോധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. എഫ്‌ബിഐയും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് വിമാനം വഴിതിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യാത്രക്കാരനെ വിമാനത്തിൽ നിന്നും ഇറക്കിയ ശേഷം വിമാനം ന്യൂവാർക്കിലേക്കുള്ള യാത്ര തുടർന്നു.