'ഞാൻ ഹൈദരാബാദിലാണ്. എനിക്ക് റോഡിന്റെ മറുഭാഗത്തേക്ക് എത്തണം, അഞ്ച് റോഡുകൾ മുറിച്ചു കടക്കാനുമുണ്ട്. നോക്കാം, ഞാൻ ജീവനോടെ രക്ഷപ്പെടുമോ എന്ന് നോക്കാം' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

ഇന്ത്യയിലെ പല ന​ഗരങ്ങളിലും റോഡ് മുറിച്ചു കടക്കുക എന്നത് വലിയൊരു പ്രതിസന്ധി തന്നെയാണ്. സീബ്ര ക്രോസിം​ഗിൽ പോലും നിർത്താതെ പോകുന്ന വാഹനങ്ങളും, സി​ഗ്നൽ പരി​ഗണിക്കാതെ റോഡ് മുറിച്ചുകടന്നു പോകുന്ന മനുഷ്യരും ഒക്കെ ഇവിടെയുണ്ട്. അതുപോലെ, ഹൈദരാബാദിലെ തിരക്കേറിയ റോഡുകൾ മുറിച്ചുകടക്കാൻ ഒരു യുവതി അനുഭവിച്ച ബുദ്ധിമുട്ടുകളാണ് ഇപ്പോൾ വൈറലായി മാറുന്നത്. നന്ദിനി സരിപ്പള്ളി എന്ന ഇൻസ്റ്റഗ്രാം യൂസറാണ് താൻ ഹൈദരാബാദിൽ റോഡുകൾ മുറിച്ചുകടന്ന അനുഭവം പങ്കുവെച്ച് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഗോവയിൽ താമസിക്കുന്ന തനിക്ക് ഇത്തരത്തിലുള്ള റോഡ് ക്രോസിം​ഗുകൾ തീർത്തും അപരിചിതമാണെന്ന് അവർ പറയുന്നു.

View post on Instagram

'ഞാൻ ഹൈദരാബാദിലാണ്. എനിക്ക് റോഡിന്റെ മറുഭാഗത്തേക്ക് എത്തണം, അഞ്ച് റോഡുകൾ മുറിച്ചു കടക്കാനുമുണ്ട്. നോക്കാം, ഞാൻ ജീവനോടെ രക്ഷപ്പെടുമോ എന്ന് നോക്കാം' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. വാഹനങ്ങൾ നിർത്താൻ ആരും തയ്യാറാകാത്തതിനാൽ സ്വയം തന്നെ എന്തെങ്കിലും വഴിയുണ്ടാക്കുകയാണ് വേണ്ടതെന്ന് അവർ വ്യക്തമാക്കുന്നു. സീബ്രാ ലൈനുകളോ ട്രാഫിക് സിഗ്നലുകളോ ഇല്ലാത്ത ഇടങ്ങളിൽ കൈകാണിച്ച് മറ്റ് കാൽനടയാത്രക്കാരുടെ ഒപ്പം ചേർന്നാണ് അവർ റോഡ് മുറിച്ചു കടന്നത്. ഒടുവിൽ അഞ്ച് റോഡുകളും വിജയകരമായി പിന്നിട്ട ശേഷം, 'അഞ്ച് ക്രോസിംഗുകൾ പൂർത്തിയാക്കി, ഞാൻ ജീവനോടെ എത്തി' എന്ന് പറഞ്ഞാണ് അവർ വീഡിയോ അവസാനിപ്പിച്ചത്.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. 'റോഡ് മുറിച്ചുകടക്കുന്നത് ഇത്രയധികം ഭയപ്പെടുത്തുന്ന ഒന്നാകരുത്' എന്നും, 'ഇത് കാണാൻ തന്നെ വലിയ ടെൻഷനാണ്' എന്നും നിരവധി പേർ കമന്റ് ചെയ്തു.