
വിവിധ തരം വീഡിയോകൾ ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതിൽ തന്നെ വൈറലാവാൻ വേണ്ടി മാത്രം എടുക്കുന്ന വീഡിയോകളും അപകടം നിറഞ്ഞ വീഡിയോകളും ഒക്കെ ഉണ്ട്. പലപ്പോഴും പല സ്ഥലങ്ങളിലെയും പൊലീസ് അത്തരം വീഡിയോകൾ എടുക്കുകയും പങ്ക് വയ്ക്കുകയും ചെയ്യുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുകയും അങ്ങനെ ചെയ്യരുത് എന്ന് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യാറുണ്ട്.
അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ഡെൽഹി പൊലീസും പങ്ക് വച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ലൈക്കും ഷെയറും കിട്ടാൻ വേണ്ടി ഇത്തരം ഷൂട്ടുകൾ നടത്തരുത് എന്ന മുന്നറിയിപ്പോടെയാണ് പൊലീസ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. 'ത്രീ ഇഡിയറ്റ്‍സി'ൽ നിന്നുമുള്ള Jaane Nahi Denge Tujhe പാട്ടും പങ്ക് വച്ചിരിക്കുന്ന വീഡിയോയുടെ പശ്ചാത്തലത്തിൽ കാണാം.
വീഡിയോയിൽ ഒരാൾ ബൈക്ക് ഓടിക്കുകയാണ്. പിന്നിൽ രണ്ട് സ്ത്രീകൾ ഇരിക്കുന്നുണ്ട്. അമീർഖാൻ അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന്റെ ഒരു റീക്രിയേഷനാണ് സംഘം ഉദ്ദേശിച്ചത് എന്ന് വ്യക്തമാണ്. മാത്രമല്ല, ബൈക്കിൽ യാത്ര ചെയ്യുന്നവരിൽ ഒരാൾ പോലും ഹെൽമറ്റും ധരിച്ചിട്ടില്ല. വീഡിയോയ്‍ക്കൊപ്പം 'ഓൾ ഈസ് നോട്ട് വെൽ' എന്നാണ് ഡെൽഹി പൊലീസ് കുറിച്ചിരിക്കുന്നത്. റീൽസിന് വേണ്ടി ഇങ്ങനെ അപകടകരമായി വാഹനമോടിക്കുന്നത് നല്ലതല്ല എന്നാണ് പൊലീസ് ഓർമ്മിപ്പിക്കുന്നത്.
വളരെ പെട്ടെന്ന് തന്നെ അനേകം പേരാണ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്ന വീഡിയോ കണ്ടത്. നിരവധിപ്പേർ അതിന് കമന്റുകളുമായും എത്തി. അതിലെ അപകടം തന്നെയാണ് മിക്കവരും ചൂണ്ടിക്കാട്ടിയത്. അതേസമയം ഇത്തരം റീലുകൾക്ക് വേണ്ടി ശ്രദ്ധയില്ലാതെ വാഹനമോടിച്ചും മറ്റും അപകടത്തിൽ പെടുന്നവരും ഏറെയാണ്.