
ഓഫീസ് സമയത്ത് അശ്ലീല വീഡിയോ കണ്ട തപാല്‍ ഓഫീസ് ജീവനക്കാരനെതിരെ രൂക്ഷ വിമർശനം. ആന്ധ്രാപ്രദേശിലെ കാക്കിനട ജില്ലയിലെ തല്ലരേവു മണ്ഡലത്തിലെ തപാല്‍ ഓഫീസിലാണ് സംഭവം. തപാല്‍ ഓഫീസ് ജീവനക്കാരന്‍ അശ്ലീല വീഡിയോ കാണുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ സർക്കാർ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തെ പെരുമാറ്റത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു. ഡ്യൂട്ടി സമയത്ത് ഇത്തരം പ്രവര്‍ത്തികൾ ചെയ്യുന്നവരെ ജോലിയില്‍ നിന്നും പിരിച്ചു വിടണമെന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടത്.
തപാല്‍ ജീവനക്കാരന്‍ തന്‍റെ ഓഫീസ് കമ്പ്യൂട്ടറിന് മുന്നിൽ കസേരയിൽ വളരെ ആലസ്യത്തോടെ ഇരുന്ന തന്‍റെ മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണുന്ന ഒരു ചിത്രമാണ് വീഡിയോ രൂപത്തിലാക്കി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ടത്. സാധാരണക്കാര്‍ മണിക്കൂറുകളോളം തങ്ങളുടെ ആവശ്യങ്ങൾക്കായി സര്‍ക്കാര്‍ ഓഫീസുകൾക്ക് മുന്നില്‍ വരിനില്‍ക്കേണ്ടി വരുമ്പോൾ സര്‍ക്കാര്‍ ജീവനക്കാര്‍ ഇത്തരത്തില്‍ പെരുമാറുന്നത് വലിയ പ്രതിഷേധമാണ് വിളിച്ച് വരുത്തിയത്.
തല്ലരേവ് പോസ്റ്റ് ഓഫീസിൽ ജനങ്ങൾ തപാല്‍ ആവശ്യത്തിന് മണിക്കൂറുകൾ വരി നില്‍ക്കേണ്ടിവരുന്നെന്ന് നേരത്തെയും പരാതി ഉയർന്നിരുന്നു. ഓഫീസ് കമ്പ്യൂട്ടറിൽ സാങ്കേതിക പ്രശ്‌നമുണ്ടെന്നും ഇതാണ് കാലതാമസത്തിന് കാരണമെന്നുമായിരുന്നു ജീവനക്കാർ ജനങ്ങളോട് പറഞ്ഞിരുന്നതെന്ന് പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. അശ്ലീല ദൃശ്യങ്ങൾ കാണുന്ന ജീവനക്കാരന്‍റെ വീഡിയോ വ്യാപകമായതോടെ പ്രദേശവാസികൾ പ്രതിഷേധവുമായെത്തിയെന്നും ഇയാളെ സർവീസില്‍ നിന്നും സസ്പെന്‍റ് ചെയ്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
സംഭവം സര്‍ക്കാർ ജീവനക്കാരുടെ ജോലി സമയത്തെ പെരുമാറ്റത്തെയും പ്രൊഫഷണലിസത്തെയും കുറിച്ച് വ്യാപകമായ ആശങ്ക ഉയർത്തി. പ്രത്യേകിച്ചും സാധാരണക്കാർക്ക് അവരുടെ അവശ്യ ജോലികൾക്കോ ഔദ്യോഗിക ജോലികൾക്കോ വേണ്ടി മണിക്കൂറുകളോളം നീണ്ട ക്യൂവിൽ കാത്ത് നിൽക്കേണ്ടി വരുമ്പോൾ, ജീവനക്കാരുടെ ഉത്തരവാദിത്തമില്ലായ്മയെ നിരവധി പേരാണ് വിമർശിച്ചത്. 2023-ൽ, ത്രിപുരയിലെ ബിജെപി എംഎൽഎ ജാദവ് ലാൽ നാഥ് സംസ്ഥാന നിയമസഭാ സമ്മേളനത്തിനിടെ മൊബൈൽ ഫോണിൽ അശ്ലീലം കാണുന്നത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇതിന്‍റെ ഒരു വീഡിയോ അക്കാലത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.