
ഉത്തർപ്രദേശിലെ മധുരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം അച്ഛന്‍റെ മനക്കരുത്തിന് മുന്നിൽ തോൽക്കുകയായിരുന്നു. എന്നാൽ, പട്ടാപ്പകൽ രക്ഷിതാവിനോടൊപ്പം പോകുമ്പോൾ പോലും കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ അക്രമികൾക്ക് ധൈര്യം ലഭിച്ചതിന്‍റെ ഞെട്ടലിലാണ് പ്രദേശവാസികൾ. സംസ്ഥാനത്തിന്‍റെ ആഭ്യന്തര സുരക്ഷ തന്നെ ചോദ്യം ചെയ്യുന്നതായി സംഭവം.
നവംബർ 18 -ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് മഥുരയിലെ ഗോവർദ്ധൻ റോഡിലെ മഹാരാജ പാർക്ക് കോളനിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. മുഖംമൂടി ധരിച്ചാണ് അക്രമി സംഘം എത്തിയത്. ചന്ദ്രപ്രകാശ് അഗർവാൾ എന്ന അമൻ, മകളെയും കൂട്ടി സ്കൂളിൽ നിന്ന് മടങ്ങുമ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം നടന്നത്. ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടംഗ സംഘം മകളെ പിടിച്ചു വലിക്കുകയായിരുന്നു. പെട്ടെന്ന് സംയമനം വീണ്ടെടുത്ത അമൻ അക്രമകാരികളെ ധീരമായി ചെറുത്തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞു. അച്ഛനും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടി തടഞ്ഞ് നിർത്തിയാണ് അക്രമി കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍, കുട്ടിയുടെ അച്ഛന്‍ അപകടകരമായ രീതിയില്‍ വാഹനം മുന്നോടെടുത്തതിനാല്‍ മാത്രമാണ് രക്ഷപ്പെടാന്‍ കഴിഞ്ഞത്. ഇതിനിടെ അക്രമി വാഹനം മറിച്ചിടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
ദൃശ്യങ്ങൾ വൈറലായതോടെ പ്രദേശവാസികൾ വലിയ ആശങ്കയിലാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കുട്ടിയുടെ അച്ഛന് അക്രമകാരികളെ നേരിടാൻ സാധിച്ചിരുന്നില്ലെങ്കിൽ ആ കുട്ടിയുടെ അവസ്ഥ ഇപ്പോൾ എന്താകുമായിരുന്നുവെന്ന ചിന്തയാണ് ദൃശ്യങ്ങൾ കാണുന്ന സമൂഹ മാധ്യമ ഉപയോക്താക്കളും പങ്കുവയ്ക്കുന്നത്. കുട്ടികളെ ഇനി എങ്ങനെ ധൈര്യത്തോടെ സ്കൂളുകളിലേക്ക് വിടുമെന്ന് രക്ഷിതാക്കളും ചോദിക്കുന്നു. മാതാപിതാക്കളോടൊപ്പം പോലും കുട്ടികൾക്ക് സഞ്ചരിക്കാന്‍ കഴിയാത്ത തരത്തില്‍ സംസ്ഥാനത്തിന്‍റെ ആഭ്യന്തര സുരക്ഷ നഷ്ടപ്പെട്ടെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ എഴുതി.
സ്വന്തം അച്ഛന്‍ കൂടെയുള്ളപ്പോൾ പോലും അക്രമകാരികൾ ഇത്തരമൊരു പ്രവർത്തിക്ക് മുതിർന്നു. എങ്ങനെ ഇനി തങ്ങളുടെ കുട്ടികളെ സുരക്ഷിതമാക്കുമെന്ന സംശയം കമന്‍റുകളിലൂടെ പലരും പങ്കുവെച്ചു. അച്ഛന്‍റെ ധൈര്യത്തെയും മനഃസാന്നിധ്യത്തെയും നിരവധി പേരാണ് അഭിനന്ദിച്ചത്. അതേസമയം പട്ടാപ്പകൽ പോലും ഒരു ഭയവുമില്ലാതെ അക്രമികൾക്ക് ഇത്തരം കാര്യങ്ങൾ ചെയ്യാന്‍ കഴിയുന്ന തരത്തിലേക്ക് ആഭ്യന്ത സുരക്ഷയിലുണ്ടായ വീഴ്ചയെ നിരവധി പേര്‍ വിമർശിച്ചു.