
കർണാടകത്തിലെ കുടഗിലെ ദുബാരെ ആനത്താവളത്തിൽ ഒരാളുടെ മരണത്തിനിടയാക്കിയ ആനക്കലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ദുബാരെ ആനക്യാമ്പിലെ ആനകളുടെ ഏറ്റമുട്ടലിനിടയിൽപ്പെട്ട് തമിഴ്നാട് സ്വദേശിനി തുളസിയാണ് (33) കൊല്ലപ്പെട്ടത്. ആനകളുടെ ഏറ്റുമുട്ടലിനിടെ നില തെറ്റി വീണ മാർത്താണ്ഡൻ എന്ന ആനയുടെ അടിയിൽപ്പെട്ടാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഇതിന് പിന്നാലെ ആനത്താവളത്തിലേക്ക് രണ്ട് ദിവസത്തേക്ക് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി.
വിനോദയാത്രയ്ക്കിടെ കുടുംബസമേതമാണ് തുളസി വിനോദ സഞ്ചാരകേന്ദ്രം കൂടിയായ ദുബാരെ ആനക്യാമ്പിലെത്തിയത്. ഇവിടെ ആനകളുടെ അടുത്തുപോകാനും കുളിപ്പിക്കാനും സന്ദർശകർക്ക് അനുവദമുണ്ട്. ഇത്തരത്തിൽ ആനകളെ കുളിപ്പിക്കാൻ സന്ദർശകർ ശ്രമിക്കുന്നതിനിടെയാണ് കാഞ്ചൻ, മാർത്താണ്ഡൻ എന്നീ ആനകൾ പരസ്പരം ഏറ്റുമുട്ടിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ആനകൾ അപ്രതീക്ഷിതമായി ഏറ്റുമുട്ടിയപ്പോൾ അവയെ നിയന്ത്രിക്കാൻ പാപ്പാന്മാർ ഏറെ പാടുപെട്ടു.
ഇതിനിടെയിൽ നദിയിലേക്ക് മറിഞ്ഞ് വീണ മാർത്താണ്ഡൻ എന്ന ആനയുടെ അടിയിൽപ്പെടുകയായിരുന്നു തുളസി. അവരുടെ ഭർത്താവും കുഞ്ഞും നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്. കുഞ്ഞിനെ കൈയിലെടുത്ത് ഭാര്യയെ ആനയുടെ കാലിന് അടിയിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീണു കിടക്കുന്ന മാർത്താണ്ഡൻ എന്ന ആനയെ വീണ്ടും വീണ്ടും അക്രമിക്കാൻ ശ്രമിക്കുന്ന കാഞ്ചൻ എന്ന ആനയെയും അതിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന പാപ്പാനെയും വീഡിയോയിൽ കാണാം. മറ്റൊരു വീഡിയോയിൽ കാഞ്ചൻ, മാർത്താണ്ഡൻ എന്നീ ആനകളുടെ ഏറ്റുമുട്ടൽ നടക്കുമ്പോൾ ഭയന്നോടുന്ന മറ്റ് ആനകളെയും കാണാം. ഇത്തരത്തിൽ ഓടുന്ന ആനകളെ നിയന്ത്രിക്കാൻ പാപ്പാന്മാർ ഉണ്ടായിരുന്നില്ല. അതേസമയം ഭയന്ന് പോയ സഞ്ചാരികൾ ആനത്താവളത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്നതും. ചലർ നദിയുടെ നടുവിൽ വഞ്ചിയിൽ ഇരിക്കുന്നതും വീഡിയോയിൽ കാണാം.
കാഞ്ചനെ നിയന്ത്രിച്ച് മാറ്റിയ ശേഷം മാർത്താണ്ഡനെ എഴുന്നേൽപ്പിച്ചെങ്കിലും അതിനകം തുളസി മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. അക്രമണത്തിൽ ഗുരുതരപരിക്കേറ്റ മാർത്താണ്ഡൻ എന്ന ആനയും പിന്നീട് ചരിഞ്ഞു. സംഭവത്തിന് പിന്നാലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സന്ദർശകരെ ആനകളുടെ അടുത്തേക്ക് പോകാൻ അനുവദിച്ചതെന്ന ആരോപണം ഉയർന്നു. ആനത്താവളത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിശദമായ അന്വേഷണത്തിന് കർണാടക വനംവകുപ്പ് ഉത്തരവിട്ടു. സന്ദർശകർ ആനകളുടെ അടുത്തേക്ക് പോകുന്നതും തൊടുന്നതും വിലക്കാനും നിർദേശിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.