
ലോകത്തിലെ ഏറ്റവും വലിയ വീടുകളെ കുറിച്ചുള്ള പലപല വാർത്തകളും വീഡിയോകളും ഒക്കെ നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ, ലോകത്തിലെ ഏറ്റവും ചെറിയ വീടിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഒരു വീടിന്റെ മോഡലോ, വെറുതെ കാണാൻ വേണ്ടി ഉണ്ടാക്കി വച്ച ഒരു വീടോ ഒന്നുമല്ല, നല്ല ഒറിജിനലൊരു കുഞ്ഞൻ വീട്. വെറും 20 സ്ക്വയർ ഫീറ്റിന് താഴെ മാത്രമുള്ളതാണ് ഈ വീട്. അതിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
സംഗതി ഇത്രയും കുഞ്ഞൻ വീടാണെങ്കിലും ഇതിന്റെ അകത്ത് അടുക്കളയും ബാത്ത്റൂമും ബെഡ്‍റൂമും ഒക്കെ ഉണ്ട്. യൂട്യൂബർ ലെവി കെല്ലിയാണ് ഈ വീടിന്റെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കെല്ലിയുടേത് തന്നെയാണത്രെ ഈ വീടും. 19.46 സ്ക്വയർ ഫീറ്റിലാണ് ഈ വീടുള്ളത്. വീലിൽ സഞ്ചരിക്കുന്ന ഒരു ടെലഫോൺ ബൂത്ത് പോലെയാണ് ഇത് കണ്ടാൽ തോന്നുക. എന്നാൽ, കാണാൻ ഇത്ര കുഞ്ഞാണെങ്കിലും ഇന്നത്തെ കാലത്ത് ഒരു വീടിന് എന്തൊക്കെ സൗകര്യങ്ങളുണ്ടാവുമോ അതെല്ലാം ഈ വീടിനും ഉണ്ട്.
ലോകത്തിലെ ഏറ്റവും ചെറുത് എന്ന് വിളിക്കപ്പെടുന്ന ഒരു വീടാണ് ഈ കുഞ്ഞൻ വീട് പണിയാൻ കെല്ലിക്ക് പ്രചോദനമായി തീർന്നത്. എന്നാൽ, അത് കണ്ട ശേഷം അതിലും ചെറിയ വീട് പണിയണം എന്ന് കെല്ലിക്ക് തോന്നി. അങ്ങനെയാണ് വെറും ഒരു മാസം കൊണ്ട് ഈ വീട് കെല്ലി പണിതത്.
വെറും 21,500 രൂപയ്ക്കാണ് കെല്ലി ഈ വീട് പണിതിരിക്കുന്നത്. ഇതിന്റെ അകത്ത് മുതിർന്ന ഒരാൾക്ക് നിവർന്ന് നിൽക്കാം എന്ന് മാത്രമല്ല. കിടക്കാനും കഴിയും എന്നും കെല്ലി അവകാശപ്പെടുന്നു. വായിക്കാനുള്ള ഇടം, വാട്ടർ ടാങ്ക്, വാട്ടർ ഹീറ്റർ, ഫിൽട്ടർ, പമ്പ് സിസ്റ്റം. മിനി ഫ്രിഡ്ജ്, ഇലക്ട്രിക് കുക്ക്ടോപ്പ് ഒക്കെയും ഇതിന്റെ അകത്ത് കാണാം.