
കണ്ടാൽ അതിശയം തോന്നുന്ന ഒരുപാട് കാഴ്ചകൾ നമ്മുടെ ലോകത്തുണ്ട്. സോഷ്യൽ മീഡിയ സജീവമായതോടെ ലോകത്തിന്റെ അതിരുകൾ തന്നെ ഇല്ലാതായിട്ടുണ്ട്. അതിനാൽ, എല്ലാ കാഴ്ചകളും നമുക്ക് മുന്നിലെത്തും. അതുപോലെ ഒരു കഫേയിൽ നിന്നുള്ള അതിശയിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്.
കണ്ടന്റ് ക്രിയേറ്ററായ കൻവർ പാൽ സിംഗ് ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ലിംഗ്തി എന്ന ഗ്രാമത്തിൽ നിന്നുള്ളൊരു അപൂർവമായ കഫേയാണ് വീഡിയോയിൽ. ഹിമാചൽ പ്രദേശിലെ കാസയ്ക്കടുത്തുള്ള മനോഹരമായ ഗ്രാമമാണ് ലിംഗ്തി. ആശ്രമം പോലെയുള്ളതും മാന്ത്രികമായ ഒരുതരം ഭംഗിയുള്ളതുമായ ഈ കഫേ കണ്ടാൽ ആരായാലും അന്തംവിട്ട് നോക്കിനിന്നുപോകും. കാരണം, നമ്മൾ സ്വപ്നത്തിൽ പോലും കണ്ടുകാണില്ലാത്ത രീതിയിലാണ് ഇതിന്റെ നിർമ്മാണം.
ഗ്രാമീണർ വളരെ സൂക്ഷ്മമായി നിർമ്മിച്ചതാണ് ഈ ഗുഹ പോലെയുള്ള കഫേ എന്നാണ് കൻവർ പറയുന്നത്. അതിന്റെ അകത്ത് ലൈറ്റുകളിട്ട് അലങ്കരിച്ചിരിക്കുന്നതും കാണാം. അതുപോലെ, ഒരു ചെറിയ ജലാശയവും അതിന്റെ അകത്തുകൂടി ഒഴുകുന്നത് കാണാം. അതിനടുത്തുള്ള മഞ്ഞിലുള്ള ഒരു ഇരിപ്പിടത്തിൽ ഒരാളിരിക്കുന്നതും കാണാം.
എങ്ങനെയാണ് മഞ്ഞുകൊണ്ട് ഇത്ര മനോഹരമായ ഒരിടം പണിതെടുക്കാനാവുന്നത് എന്നതായിരിക്കും ഇത് കാണുമ്പോൾ തീർച്ചയായും നമ്മുടെ അതിശയം. ചായയും മാഗിയും ഈ ഗുഹാ കഫേയ്‍ക്കകത്ത് ലഭിക്കും. സാഹസികത ഇഷ്ടപ്പെടുന്നവർക്കും വ്യത്യസ്തമായ അനുഭവങ്ങൾ വേണമെന്നുള്ളവർക്കും ഈ കഫേ ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്.
എന്തായാലും, നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഈ കഫേ അതിമനഹോരമാണ് എന്ന് അഭിപ്രായപ്പെട്ടവരുണ്ട്. ഈ ഗുഹയുടെ ചുമരുകൾ ഇടിഞ്ഞുവീഴുന്നത് ഒന്നോർത്ത് നോക്കൂ എന്ന് കമന്റ് നൽകിയവരും ഉണ്ട്. എന്തായാലും, മഞ്ഞിൽ ഇങ്ങനെയൊരു കഫേ നിർമ്മിക്കുന്നത് ചില്ലറക്കാര്യമാകില്ല.
124 -ലും ചുറുചുറുക്ക്, ആരോഗ്യത്തോടെയുള്ള ജീവിതം, ദീർഘായുസ്സിന്റെ കാരണം ഇതാണത്രെ