
കാര്യമായ എന്തെങ്കിലും ഓര്‍ത്തു കൊണ്ട് പോകുമ്പോള്‍ പരിസരം മറക്കുന്നത് സാധാരണമാണ്. ആലോചനയില്‍ മുഴുകി പോകുന്ന നമ്മള്‍ കൂടെ ഉള്ള ആളുകളെ പോലും പലപ്പോഴും മറക്കുന്നു. ഈ അനുഭവം പങ്കുവച്ചൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കണ്ടവര്‍ കണ്ടവര്‍ ചിരിയടയ്ക്കാന്‍ വയ്യാതായി. മണിക്കൂറുകള്‍ കൊണ്ട് വഡിയോ കണ്ടത് അമ്പത്തിയെട്ട് കോടി പത്ത് ലക്ഷം പേരാണ്.
വീഡിയോയില്‍ കാര്യമായ എന്തോ ആലോചിച്ച് കാറിനടുത്തേക്ക് നടന്നു വരുന്ന ഒരാളും അയാളുടെ പുറകിലായി കുട്ടിയെ ചുമലില്‍ അടക്കിപ്പിടിച്ച് വരുന്ന ഒരു സ്ത്രീയുമായിരുന്നു. തല കുനിച്ച് കാര്യമായ ആലോചനയില്‍ എത്തിയ യുവാവ് ഡ്രൈവിംഗ് സീറ്റിന്‍റെ ഡോര്‍ തുറന്ന് കയറുന്നു. ഈ സമയം പുറകെ വന്ന സ്ത്രീ ആദ്യം ഡ്രൈവര്‍ സീറ്റിന്‍റെ അതേ വശത്തെ ഡോര്‍ തുറക്കുന്നു. പക്ഷേ അപ്പോള്‍ തന്നെ അവര്‍ അത് അടച്ച് പുറകിലൂടെ എതിര്‍വശത്തെ ഡോറിനടുത്തേക്ക് നടക്കുന്നു. ഈ സമയം കാര്‍ മുന്നോട്ട് നീങ്ങുകയും റോഡിലൂടെ ഓടിച്ച് പോകുന്നു. ആദ്യം ഒന്ന് പകച്ചെങ്കിലും യുവതി ഫോണ്‍ എടുത്ത് വിളിച്ച് കൊണ്ട് കാര്‍ പോയ ഭാഗത്തേക്ക് നോക്കി കുട്ടിയുമായി റോഡില്‍ ഇറങ്ങി നില്‍ക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. 'ദി ഹസ്ബൻഡ് ഓഫ് ദ ഇയർ!' എന്ന കുറിപ്പോടെ Figen ആണ് വീഡിയോ എക്സില്‍ കഴിഞ്ഞ ദിവസം പങ്കുവച്ചത്. Nitelikli mizah എന്ന എക്സ് ഉപയോക്താവാണ് വീഡിയോ ആദ്യം പങ്കുവച്ചത് രണ്ട് ദിവസത്തിനിടെ വീഡിയോ പന്ത്രണ്ട് ലക്ഷം പേര്‍ കണ്ടിരുന്നു.
എന്നാല്‍ വീഡിയോയില്‍ ഉള്ളത് ഭാര്യയും ഭര്‍ത്താവുമാണോ എന്ന തര്‍ക്കം വീഡിയോയുടെ കാഴ്ചക്കാരുടെ എണ്ണം കൂട്ടി. ചിലര്‍ വീഡിയോ സ്റ്റേജ്ഡ് ആണെന്ന് വാദിച്ചു. മറ്റ് ചിലര്‍ യഥാര്‍ത്ഥ ഭാര്യയും ഭര്‍ത്താവുമാണ് അവരെന്ന് വിധിച്ചു. സമാന അനുഭവങ്ങളുമായി ചിലരെത്തി. കാർ ഓടിച്ചുപോയ വ്യക്തിയെ ഒന്ന് നേരിൽ കണ്ടാൽ കൊള്ളാം എന്ന് ചിലര്‍. വളരെ സ്വാഭാവികമായി സംഭവിക്കാവുന്ന ഒരബദ്ധം എന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം.