പഠനം, താമസം, ഭക്ഷണം; ഇന്ത്യൻ ജീവിതാനുഭവം കുറിച്ച സിംബാബ്വെ യുവാവിന്‍റെ കുറിപ്പ് വൈറൽ

Published : Aug 18, 2026, 02:06 PM IST
Kalumba Mwale

Synopsis

സിംബാബ്‌വെയിൽ നിന്നുള്ള കാലുംബ മ്വാലെ എന്ന വിദ്യാർത്ഥി ഇന്ത്യയിലെ പഠനാനുഭവങ്ങൾ പങ്കുവെക്കുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസ അവസരങ്ങൾ, കുറഞ്ഞ ചെലവിലെ ചികിത്സ, ഭക്ഷണ വൈവിധ്യം എന്നിവയെക്കുറിച്ച് അദ്ദേഹം ഇൻസ്റ്റാഗ്രാം വീഡിയോയിൽ സംസാരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങൾക്കപ്പുറം ഇന്ത്യ നൽകുന്ന മികച്ച അവസരങ്ങളെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്.

ഉപരിപഠനത്തിനും മെച്ചപ്പെട്ട ജീവിതത്തിനുമായി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർ സാധാരണയായി യുകെ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളെയാണ് ലക്ഷ്യമിടാറുള്ളത്. എന്നാൽ, ലോകോത്തര വിദ്യാഭ്യാസവും ജീവിത മാറ്റങ്ങൾക്കുള്ള അവസരങ്ങളും പാശ്ചാത്യ ലോകത്തിനപ്പുറത്തേക്കും വ്യാപിച്ചുകിടക്കുന്നുണ്ടെന്ന് സ്വന്തം അനുഭവത്തിലൂടെ തെളിയിക്കുകയാണ് സിംബാബ്‌വെയിൽ നിന്നുള്ള കാലുംബ മ്വാലെ എന്ന യുവാവ്. ഇന്ത്യയിലെ പഠനവും ജീവിതവും സമ്മാനിച്ച വേറിട്ട അനുഭവങ്ങൾ പങ്കുവെച്ച് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ഇന്ത്യയൊരു ആഗോള മെഡിക്കൽ ടൂറിസം ഹബ്

സ്വന്തം നാടായ സിംബാബ്‌വെയിൽ സർവ്വകലാശാലാ പ്രവേശനം നേടുകയെന്നത് കഠിനമായ മത്സരങ്ങൾ നിറഞ്ഞതാണെന്ന് മ്വാലെ വ്യക്തമാക്കുന്നു. എന്നാൽ, ഇന്ത്യയിൽ വിവിധ മേഖലകളിലായി, സാമ്പത്തികശേഷിക്കനുസരിച്ച് തെരഞ്ഞെടുക്കാവുന്ന നൂറുകണക്കിന് കോളേജുകളും സർവ്വകലാശാലകളുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലോകോത്തര മെഡിക്കൽ ടൂറിസം വിദ്യാഭ്യാസത്തിന് പുറമെ ഇന്ത്യയിലെ മികച്ച ആരോഗ്യ പരിപാലന സംവിധാനത്തെയും അദ്ദേഹം പ്രശംസിച്ചു. സിംബാബ്‌വെയിൽ വിദഗ്ദ്ധ സഹായം ലഭിക്കാൻ പ്രയാസമാണെന്നും ലഭിച്ചാൽ തന്നെ വളരെ ചെലവേറിയതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ, ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും ആളുകൾ കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ തേടിയെത്തുന്ന ആഗോള മെഡിക്കൽ ടൂറിസം കേന്ദ്രമായി ഇന്ത്യ മാറിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഭക്ഷണ വൈവിധ്യം

സ്വന്തം നാട്ടിലേയും ഇന്ത്യയിലെയും ഭക്ഷണരീതികളിലെ വലിയ വ്യത്യാസവും മ്വാലെ എടുത്തു പറഞ്ഞു. സാഡ്സ (Sadza), ചോറ്, സ്റ്റ്യൂ എന്നിവയാണ് സിംബാബ്‌വെയിലെ പ്രധാന വിഭവങ്ങൾ. അവിടെ 'എരിവ്' എന്നാൽ കൂടുതൽ മുളക് ചേർക്കുന്നത് മാത്രമാണ്. എന്നാൽ ഇന്ത്യയിൽ, "ഓരോ ദിവസവും തികച്ചും വ്യത്യസ്തമായ വിഭവങ്ങൾ കഴിച്ചാലും ഇന്ത്യയിലെ ഭക്ഷണ വൈവിധ്യം ആസ്വദിച്ചു തീരില്ല" എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങൾ രുചികളുടെ ഒരു പുതിയ ലോകം തന്നെ തുറന്നുതരുന്നുവെന്നും, അതില്ലാതെ ഭക്ഷണം അപൂർണ്ണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

53 ലക്ഷത്തിലധികം ആളുകളാണ് മ്വാലെയുടെ ഈ വീഡിയോ കണ്ടത്. ആയിരക്കണക്കിന് ഉപയോക്താക്കൾ പോസ്റ്റിന് താഴെ പ്രതികരണങ്ങളുമായി എത്തിയിട്ടുണ്ട്."ഏറ്റവും മനോഹരവും എന്നാൽ അല്പം തിരക്കുപിടിച്ചതുമായ ഈ മണ്ണിലേക്ക് സ്വാഗതം. ഇന്ത്യയിൽ നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ലഭിക്കും. സന്തോഷത്തോടെ സമയം ആസ്വദിക്കൂ," എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ,"നിരവധി വിദേശികൾ ചിന്തിക്കാത്ത കാര്യങ്ങൾ കണ്ടെത്താനും അനുഭവിച്ചറിയാനും താങ്കൾക്ക് സാധിച്ചതിൽ സന്തോഷമുണ്ട്" എന്ന് മറ്റൊരു ഇൻസ്റ്റാഗ്രാം ഉപയോക്താവും അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

ഓസ്‌ട്രേലിയയും ഇന്ത്യയും പൊതു അവധികൾ താരമത്യം ചെയ്ത് യുവാവ്; വിമർശനവുമായി നെറ്റിസെൺസ്, വീഡിയോ
'ഓടുന്ന ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിനും പാളത്തിനും ഇടയിലേക്ക്...'; 5 മിനിറ്റിനുള്ളിൽ രക്ഷപ്പെടുത്തി ആർപിഎസ്എഫ് സംഘം, സിസിടിവി ദൃശ്യം വൈറൽ