
റോഡിലൂടെ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ആളുകളുണ്ട്. അവനവന്റെയോ മറ്റുള്ളവരുടെയോ ജീവന് യാതൊരു വിലയും നൽകാതെയുള്ള അത്തരം പ്രവൃത്തികൾ സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും കാണാറുണ്ട്. അതുപോലെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഹരിയാനയിലുണ്ടായത്. കാറിന്റെ റൂഫിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഒരു കൗമാരക്കാരൻ.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിലാണ് വൈറലായി മാറിയത്. വലിയ വിമർശനങ്ങൾക്ക് ഇത് വഴിവെച്ചു. വീഡിയോയിൽ കാണുന്നത് കൗമാരക്കാരൻ മഹീന്ദ്ര ഥാറിന്റെ മുകളിലിരുന്ന് യാത്ര ചെയ്യുന്നതാണ്. പൊലീസുകാരനായ അച്ഛൻ നടന്നു വരുന്നതും, ആ വാഹനത്തിൽ കയറുന്നതുമായ രംഗങ്ങളും വീഡിയോയിൽ കാണാം.
എന്നാൽ, വീഡിയോയിൽ എഴുതിയിരിക്കുന്ന വാക്കുകളാണ് കൂടുതൽ അപകടകരം. 'നീ ഇടിച്ചോളൂ, കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം എന്ന് പറയുന്ന ഒരു അച്ഛനെനിക്കുണ്ട്' എന്നാണ് അതിൽ പറയുന്നത്.
മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ വീഡിയോ ഷെയർ ചെയ്യുകയും ആളുകൾ ആശങ്കയും വിമർശനവുമുയർത്തുകയും ചെയ്തിട്ടുണ്ട്. പൂനെ ആസ്ഥാനമായുള്ള സംരംഭകൻ ചിരാഗ് ബർജത്യ എക്സിൽ (ട്വിറ്റർ) വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. വീഡിയോ ഷെയർ ചെയ്തുകൊണ്ട് അദ്ദേഹം ചോദിച്ചത്, 'ഹരിയാനയിൽ എന്താണ് സംഭവിക്കുന്നത്' എന്നാണ്.
'ഒരു കുട്ടി ഥാറിൽ കയറിയിരുന്നുകൊണ്ട് പൊലീസുകാരനായ അച്ഛൻ തന്നെ രക്ഷിക്കുമെന്ന് പറയുന്നു, എന്തിൽ നിന്നും രക്ഷിക്കുമെന്ന്, ഇത്തരം കാറുകൾ മഹീന്ദ്ര പിടിച്ചെടുക്കാൻ തുടങ്ങണ'മെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധിപ്പേരാണ് സമാനമായ കമന്റുകളുമായി എത്തിയത്. അതേസമയം, ശരിക്കും അയാള്‍ പൊലീസുകാരന്‍ തന്നെയാണോ എന്ന് ചോദിച്ചവരുമുണ്ട്.
നിയമത്തോടോ സുരക്ഷാമാർഗങ്ങളോടോ യാതൊരു വിധത്തിലുള്ള ബഹുമാനവും ഈ കുട്ടിക്കില്ല എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. ഇത്തരം വീഡിയോകൾ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത് എന്നായിരുന്നു മറ്റ് ചിലർ ചോദിച്ചത്. എന്താണ് ഇവിടെ സംഭവിക്കുന്നത്, ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ നടപടികൾ വേണ്ടതുണ്ട് എന്ന കമന്റുകളുമായി എത്തിയവരും അനവധിയാണ്.
80 കിലോ ഭാരം, എണ്ണപ്പനയില്‍ നിന്നും വീടിനകത്തേക്ക്, കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് ഞെട്ടി വീട്ടുകാര്‍