80 കിലോ ഭാരം, എണ്ണപ്പനയില്‍ നിന്നും വീടിനകത്തേക്ക്, കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് ഞെട്ടി വീട്ടുകാര്‍
പാമ്പിനെ പിടികൂടുന്നതിനായി സീലിംഗിന്റെ ഒരു ഭാഗം തകർക്കേണ്ടി വന്നു. ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ സീലിംഗിന്റെ ഒരു തകർന്ന ഭാഗം കാണാം.
വീട്ടിൽ കൂറ്റനായ ഒരു പെരുമ്പാമ്പ് കയറിയാൽ എന്ത് ചെയ്യും? പേടിച്ചുപോകും അല്ലേ? അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. മലേഷ്യയിലെ കമുന്തിങ്ങിലെ കമ്പങ് ഡ്യൂവിലെ ഒരു വീട്ടിൽ കയറിയ പെരുമ്പാമ്പിനെ ഒടുവിൽ അവിടെ നിന്നും നീക്കം ചെയ്യുന്നതിന്റേതാണ് വീഡിയോ.
അടുത്തുള്ള എണ്ണപ്പനയിൽ നിന്നാണ് പാമ്പ് വീടിന്റെ അകത്തേക്ക് കയറിയത് എന്നാണ് കരുതുന്നത്. പാമ്പിനെ കണ്ട് ആകെ ഭയന്നുപോയ വീട്ടുകാർ ഉടനെ തന്നെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അങ്കടൻ പെർട്ടഹനൻ അവാം (Angkatan Pertahanan Awam) ൽ നിന്നുള്ളവർ ഉടനെ തന്നെ പാമ്പിനെ കണ്ടെത്തിയ വീട്ടിലെത്തി. ഏഴ് ഉദ്യോഗസ്ഥരാണ് വീട്ടിൽ എത്തിയത്.
പാമ്പിനെ പിടികൂടുന്നതിനായി സീലിംഗിന്റെ ഒരു ഭാഗം തകർക്കേണ്ടി വന്നു. ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ സീലിംഗിന്റെ ഒരു തകർന്ന ഭാഗം കാണാം. ആ ഭാഗത്ത് കൂടി ഒരു കൂറ്റൻ പെരുമ്പാമ്പ് താഴെയുള്ള സോഫയിലേക്ക് വീഴുന്നതും വീഡിയോയിൽ കാണാവുന്നതാണ്. വീഡിയോ കാണുമ്പോൾ തന്നെ ഭയം തോന്നും.
പാമ്പിനെ പിടികൂടി ആദ്യം വനം വകുപ്പിലേക്കും പിന്നീട് അവിടെ നിന്നും നാഷണൽ പാർക്കിലേക്കും മാറ്റി. 80 കിലോയായിരുന്നു പാമ്പിന്റെ ഭാരം എന്നാണ് പറയുന്നത്.
പാമ്പിനെ പിടികൂടുന്ന വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. 'ആ വീടിപ്പോൾ പാമ്പിന്റേതായി മാറി' എന്നായിരുന്നു ഒരാൾ കമന്റ് നൽകിയത്. സാധാരണ ഓസ്ട്രേലിയയിൽ നിന്നാണ് നിരന്തരം പാമ്പിനെ ഇതുപോലെ കണ്ടെത്താറ്. അതിനാൽ തന്നെ മറ്റ് ചിലർ ചോദിച്ചത്, 'ഇത് ഓസ്ട്രേലിയയിൽ നിന്നല്ലേ' എന്നാണ്. എന്തായാലും അതൊരു ഞെട്ടിക്കുന്ന കാഴ്ച തന്നെ എന്ന കാര്യത്തിൽ സംശയമില്ല.