
ഓരോ സ്ഥലത്തെത്തുമ്പോഴും അവിടെ പാലിക്കേണ്ടുന്ന ചില നിയമങ്ങളും ചില കാര്യങ്ങളും ഒക്കെയുണ്ട് അല്ലേ? അവിടുത്തെ സംസ്കാരത്തെ ബഹുമാനിക്കുക എന്നത് തന്നെയാണ് അതിൽ പ്രധാനം. എന്നാൽ, പലപ്പോഴും മറ്റ് രാജ്യങ്ങളിലേക്ക് യാത്ര പോകുന്നവർ ഇതൊന്നും അത്ര കാര്യമാക്കാറില്ല. അതിൽ ഇന്ത്യക്കാരും ഒട്ടും മോശമല്ല. എന്നാൽ, ഇത്തരം പ്രവൃത്തികൾ അവിടുത്തെ ജനങ്ങൾക്കുണ്ടാക്കുന്ന അസ്വസ്ഥതകൾ ചിലപ്പോൾ നാം പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കാം. അതുപോലെ ഒരു സംഭവമാണ് ഇതും.
തായ്‍ലാൻഡിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം നടന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് balibatmann എന്ന അക്കൗണ്ടിൽ നിന്നാണ്. ഒരു തായ് ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ബുദ്ധ പ്രതിമയിൽ കയറി നിന്ന് മാങ്ങ പറിക്കുന്ന സ്ത്രീയെയാണ് വീഡിയോയിൽ കാണുന്നത്. 14 -ാം നൂറ്റാണ്ടിലേതാണ് ഈ ബുദ്ധ പ്രതിമ എന്നാണ് വീഡിയോയിൽ പറയുന്നത്.
വീഡിയോയിൽ എഴുതിയിരിക്കുന്നത്, 'ബ്രിട്ടീഷ്/ കനേഡിയൻ പൗരൻ അയുത്തായയിലെ 14 -ാം നൂറ്റാണ്ടിലെ പാവനമായ ഒരു ബുദ്ധപ്രതിമയിൽ കയറി നിന്ന് കറിയുണ്ടാക്കാൻ വേണ്ടി മാങ്ങ മോഷ്ടിക്കുന്നു' എന്നാണ്.
വീഡിയോയിൽ രണ്ട് സ്ത്രീകളാണ് ഉള്ളത്. അതിൽ ഒരാളാണ് ബുദ്ധപ്രതിമയിൽ കയറി നിന്ന് ക്ഷേത്ര വളപ്പിലെ മാവിൽ നിന്നും മാങ്ങ പറിക്കുന്നത്. പറിച്ച ശേഷം കൂടെവന്ന സ്ത്രീക്ക് നൽകുന്നതും കാണാം. പിന്നീട്, രണ്ടുപേരും അവിടെ നിന്നും നടന്നു നീങ്ങുന്നതാണ് വീഡിയോയിൽ കാണുന്നത്. നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ഇത് ഇന്ത്യക്കാരല്ലേ എന്ന് സംശയം പ്രകടിപ്പിക്കുന്നവരും ഉണ്ട്.
നേരത്തെയും വിദേശികളടക്കം പലരും വിവിധ രാജ്യങ്ങളിൽ സാംസ്കാരികമായും മതപരമായും ബഹുമാനിക്കപ്പെടുന്ന സ്ഥലങ്ങളിൽ മോശമായി പെരുമാറി എന്ന് കാണിച്ച് പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്.